മക്കളുടെ മരണവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ യുവതി തടവില്‍ കഴിഞ്ഞത് 20 വര്‍ഷം; കുട്ടികളുടെ മരണത്തിലേക്ക് നയിച്ചത് ജനിതക പ്രശ്‌നങ്ങളെന്ന് ശാസ്ത്രീയ പഠനം; ഒടുവില്‍ കാത്‌ലീന്‍ ഫോള്‍ബിഗിന് 2 മില്യണ്‍ ഡോളര്‍ നഷ്ട പരിഹാരം നല്‍കാന്‍ വിധി
മക്കളുടെ മരണവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ യുവതി തടവില്‍ കഴിഞ്ഞത് 20 വര്‍ഷം
സിഡ്‌നി: ഓസ്ട്രേലിയയില്‍ ഇരുപത് വര്‍ഷം അന്യായമായി തടവിലാക്കിയതിന് സ്ത്രീക്ക് 2 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കി. നാല് മക്കളുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഇവര്‍ തടവുശിക്ഷ അനുഭവിച്ചത്. 58 കാരിയായ കാത്‌ലീന്‍ ഫോള്‍ബിഗിനാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. സ്വാഭാവിക കാരണങ്ങളാലോ ജനിതക പ്രശ്നങ്ങള്‍ കാരണമോ ആയിരിക്കും കുട്ടികള്‍ മരിച്ചിരിക്കാം എന്നതിന് ശാസ്ത്രീയമായ
പുതിയ തെളിവുകള്‍ ഒരു സ്വതന്ത്ര അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 2023-ല്‍ അവര്‍ക്ക് മാപ്പ് നല്‍കി മോചിപ്പിക്കുകയായിരുന്നു.
2024 ജൂലൈയില്‍ ഫോള്‍ബിഗിന്റെ നഷ്ടപരിഹാരത്തിനായുള്ള അവകാശവാദം വിശദമായി പരിശോധിച്ചതിന് ശേഷമാണ് അവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചത്. ഇത് നിയമപരമായ രീതിയില്‍ അല്ല നല്‍കിയത് എന്നും സര്‍ക്കാര്‍ നല്‍കുന്ന ഒരു സമ്മാനമാണ് എന്ന് കരുതിയാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ ഫോള്‍ബിഗിന്റെ അഭിഭാഷകയായ റാണി റെഗോ ഈ നഷ്ടപരിഹാരം മതിയായതല്ല എന്നാണ് പ്രതികരിച്ചത്.
തന്റെ കക്ഷി അനുഭവിച്ച വേദനയുടെയും കഷ്ടപ്പാടിന്റെയും വ്യാപ്തിയെ ഇത് പ്രതിഫലിപ്പിക്കുന്നില്ല എന്നാണ് അവരുടെ പരാതി. ഈ തുക ധാര്‍മ്മികമായി അപമാനമാണ് എന്നും രാജ്യത്തെ സംവിധാനങ്ങള്‍ കാത്‌ലീന്‍ ഫോള്‍ബിഗിനെ വീണ്ടും പരാജയപ്പെടുത്തി എന്നും അവര്‍ കുറ്റപ്പെടുത്തി. ഈ തുക എങ്ങനെ നിശ്ചയിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഫോള്‍ബിഗിന് തന്റെ കുട്ടികളെ മാത്രമല്ല, ജീവിതത്തിലെ ഏറ്റവും മികച്ച 20 വര്‍ഷങ്ങളും നഷ്ടപ്പെട്ടതായും ഇതിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും അവര്‍ മോചിതയായിട്ടില്ല എന്നും റാണി റെഗോ ചൂണ്ടിക്കാട്ടി.
19 ദിവസത്തിനും 18 മാസത്തിനും ഇടയില്‍ പ്രായമുള്ള ഈ കുട്ടികള്‍ 1989 മുതല്‍ 1999 വരെയുള്ള 10 വര്‍ഷക്കാലയളവില്‍ മരിച്ചു പോയിരുന്നു. തെളിവുകളുടെ അഭാവത്തില്‍, ഫോള്‍ബിഗ് ഓരോരുത്തരെയും ശ്വാസം മുട്ടിച്ചു കൊന്നുവെന്ന പ്രോസിക്യൂഷന്‍ കേസിന്റെ അടിസ്ഥാനത്തില്‍ 2003 ല്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. 40 വര്‍ഷത്തെ തടവ് പിന്നീട് 30 വര്‍ഷമായി കുറച്ചു. അപ്പീലില്‍ 25 വര്‍ഷത്തെ പരോള്‍ രഹിത കാലയളവും ലഭിച്ചു. ആ സമയത്ത്, ടാബ്ലോയിഡുകള്‍ അവരെ 'ഓസ്ട്രേലിയയിലെ ഏറ്റവും വെറുക്കപ്പെട്ട സ്ത്രീ' എന്നും 'ക്രൂരയായ അമ്മ' എന്നും വിശേഷിപ്പിച്ചിരുന്നു.