എങ്ങനെ പെര്‍മിറ്റും ലൈസന്‍സും കൊടുക്കാതിരിക്കാമെന്ന് ഉദ്യോഗസ്ഥരുടെ ഗവേഷണം; ഒരു പ്രശ്‌നം തീര്‍ത്താല്‍ മറ്റൊന്ന് പറഞ്ഞുവശംകെടുത്തും; കെട്ടിടം പൊളിച്ച് പണിതത് രണ്ടുവട്ടം; സഹികെട്ട് കെട്ടിടം പൊളിക്കാന്‍ ഒരുങ്ങി ഭിന്നശേഷിക്കാരിയായ സംരംഭക; എടത്വായില്‍ ഉദ്യോഗസ്ഥ പിടിവാശിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധം

എടത്വായില്‍ ഉദ്യോഗസ്ഥ പിടിവാശിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധം

Update: 2025-04-01 10:46 GMT

എടത്വ: ആലപ്പുഴ, എടത്വ, മരിയാപുരത്ത്, ഭിന്നശേഷിക്കാരിയുടെ സംരംഭത്തിന് ലൈസന്‍സ് നല്‍കാതെ വൈകിപ്പിക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. മാര്‍ച്ച് അവസാനിക്കും മുന്‍പ് അനുമതി കിട്ടുമെന്നാണ് കരുതിയത്. എന്നാല്‍, ചെറുകിട വ്യവസായത്തിന് അനുമതി നല്‍കാതെ ഉദ്യോഗസ്ഥര്‍ നീട്ടി കൊണ്ടു പോയതോടെ ആനുകൂല്യം നഷ്ടമാകുന്ന അവസ്ഥയിലായി. ഇതില്‍ മനംനൊന്ത് വ്യവസായത്തിനായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു കളയുന്നതിന് തീരുമാനിക്കുകയായിരുന്നു സംരംഭകയായ എലിസബത്തും പിതാവ് ജോണ്‍ ചാക്കോയും.

1993 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ മിഥുനം സിനിമയിലെ സാഹചര്യത്തിന് സമാനമാണ് എലിസബത്തിന്റെയും കുടുംബത്തിന്റെയും. 'ദാക്ഷായണി ബിസ്‌ക്കറ്റ്സ്' എന്ന കമ്പനിക്ക് നിസ്സാരകാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുന്ന ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യമാണ് ആ ചിത്രത്തിലൂടെ പറഞ്ഞത്.

എടത്വായില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. ഇക്കാലത്തും ഇതുപോലത്തെ ഉദ്യോഗസ്ഥര്‍ ഉണ്ടോയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കെട്ടിടം ഉടമ തന്നെ പൊളിച്ചു നീക്കുന്നതിനെ നാട്ടുകാര്‍ എതിര്‍ത്തു. ഭിന്നശേഷിക്കാരിയായ യുവ സംരംഭകയ്ക്ക് ആവശ്യമായ സൗകര്യം ദ്രുതഗതിയില്‍ ചെയ്ത് നല്‍കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ വൈകിപ്പിച്ചതാണെന്ന് എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പറഞ്ഞു.

അപാകതകള്‍ ഉണ്ടെങ്കില്‍ ആദ്യം തന്നെ അത് ചൂണ്ടികാട്ടി നടപടി സ്വീകരിക്കേണ്ടതിന് പകരമായി ഓരോ കാരണം പറഞ്ഞ് പല ഘട്ടത്തില്‍ നിര്‍ദ്ദേശം നല്‍കിയതാണ് അനുമതി വൈകാനുള്ള കാരണമെന്നും പ്രസിഡന്റ് ആന്‍സി ബിജോയി അറിയിച്ചു. ഉദ്യോഗസ്ഥരുമായി സംസാരിച്ച് വണ്ട സൗകര്യങ്ങള്‍ ചെയ്ത് നല്‍കണമെന്ന് അറിയിച്ചിരുന്നു. മാര്‍ച്ച് മാസത്തില്‍ അനുമതി നല്‍കിയെന്നാണ് കരുതിയിരുന്നത്. മറുനാടന്‍ മലയാളി വാര്‍ത്ത കണ്ടപ്പോഴാണ് അനുമതി നല്‍കിയിട്ടില്ലെന്ന് അറിഞ്ഞതെന്നും പ്രസിഡന്റ് പറഞ്ഞു. ലൈസന്‍സ് വൈകിയതോടെ പ്രത്യേക പദ്ധതി പ്രകാരമുള്ള സബ്സിഡി ആനുകൂല്യം നിഷേധിക്കാനുള്ള സാധ്യതയുണ്ട്.

മുകളിലത്തെ നിലയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് അനുമതി തേടിയില്ലെന്ന് കണ്ടെത്തിയിരുന്നു. അതുക്രമീകരിക്കുന്നതിനായി ഫീസ് അടക്കം അടയ്ക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടും ഓണ്‍ലൈനില്‍ സങ്കേതം സൈറ്റ് വഴി ചെയ്യാതെ വന്നതുമാണ് തടസ്സം നേരിട്ടതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാര്‍ത്ത വന്നതിനു പിന്നാലെ ഇപ്പോള്‍ പഞ്ചായത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണ്. സബ്‌സിഡിക്കുള്ള സാധ്യത അടഞ്ഞതോടെ, സംരംഭം നടത്താന്‍ കഴിയില്ലെന്നാണ് എലിസബത്തും പിതാവും പറയുന്നത്.




ഭിന്നശേഷിക്കാരിയോട് ക്രൂരത അരുതേ!

സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി എടത്വ മരിയാപുരം നിവാസികളും രംഗത്തു വന്നു. ഭിന്നശേഷിക്കാരിയോടും 66 വയസ്സുള്ള പിതാവിനോടും ദ്രോഹമാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. അനാസ്ഥ വരുത്തിയ ഉദ്യോഗസ്ഥയെ പുറത്താക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍ക്കാര്‍ വ്യവസായ ംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഇത്തരം നീക്കം സര്‍ക്കാര്‍ തന്നെ പരിശോധിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തളരാതെ പിടിച്ചുനില്‍ക്കാന്‍ നോക്കി, പക്ഷേ....

ആലപ്പുഴ ജില്ലയിലെ എടുത്വ മരിയാപുരം വടക്കേമുറി ജോണ്‍ ചാക്കോയുടെ മകളാണ് സംരംഭക. അന്‍പത് ശതമാനം ഡിസേബിലിറ്റിയുള്ള മകള്‍ വൈകല്യങ്ങളില്‍ തളരാതെ പിടിച്ചു നില്‍ക്കുന്നതിനായാണ് സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ജോണ്‍ ചാക്കോ തീരുമാനിച്ചത്. ഇതിനായി വ്യവസായ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണ ലഭിച്ചു. പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയിലോ, ബ്ലോക്ക് പഞ്ചായത്ത് വഴിയോ സബ്സിഡി ലഭിക്കും. എന്നാല്‍ എടത്വ ഗ്രാമപഞ്ചായത്തിലെ ഓവര്‍സീയറുടെ പിടിവാശി മൂലം ആദ്യം മുതല്‍ തടസ്സം നേരിടുകയാണ്. ആറ് മാസം മുന്‍പ് എലിസബത്ത് ഫ്ളവര്‍ ആന്റ് ഓയില്‍ മില്‍ ആരംഭിക്കുന്നതിനായി കെട്ടിടം നിര്‍മ്മിച്ചു. ലൈസന്‍സും പെര്‍മിറ്റും അനുവദിക്കുന്നതിനായി ഓവര്‍സീയര്‍ പരിശോധനയ്ക്ക് വന്നപ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങി.


ഇവരുടെ വീടിന്റെ മതിലില്‍ നിന്നും കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നിടത്തേയ്ക്ക് 30 സെന്റിമീറ്റര്‍ ദൂരപരിധി ലംഘിച്ചിരിക്കുന്നതായി ആദ്യം ചൂണ്ടികാട്ടി. തുടര്‍ന്ന് ഉദ്യോഗസ്ഥയുടെ നിര്‍ദേശപ്രകാരം കെട്ടിടം പിന്നോട്ട് മാറ്റി പൊളിച്ചു പണിതു. രണ്ടാമത് വീടിനോട് ചേര്‍ന്ന് ദൂര പരിധി 20 സെന്റിമീറ്റര്‍ കുറവാണെന്ന് ചൂണ്ടികാട്ടിയതോടെ ഷെഡിന്റെ മറ്റൊരു വശവും പൊളിച്ച് നീക്കി പണിയേണ്ടി വന്നു. അതിനിടയില്‍ ഉയരം 10 അടിയില്‍ നിന്നും 12 അടി ഉയരത്തിലും നിര്‍മ്മിച്ച ശേഷം അനുമതിയ്ക്കായി ഓഫീസിലെത്തി.

എന്നാല്‍ അടുത്ത പ്രശ്നം സംരംഭകയെ വീണ്ടും തളര്‍ത്തി. പ്രളയത്തെ നേരിടുന്നതിനായി വീടിന് മുകളിലേയ്ക്ക് ഉയര്‍ത്തിയത് വിനയായി. ഇത്് അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞ ഉദ്യോഗസ്ഥ വീണ്ടും അനുമതി നിഷേധിച്ചു. വീടിന്റെ ഫിറ്റ്നസ് ഉള്‍പ്പെടെ ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥ കനിഞ്ഞില്ല. കുട്ടനാട്ടില്‍ ഒട്ടുമിക്ക വീടുകളിലും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇത്തരത്തില്‍ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതായും പ്രളയത്തില്‍ നിന്നും കരകയറിയ ജനതയുടെ അതിജീവനത്തിന്റെ ഭാഗമായാണിതെന്നുമൊക്കെ ജനപ്രതിനിധികളും ഉദ്യോഗസ്ഥയെ ധരിപ്പിച്ചു. ഒടുവില്‍ അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് മാസങ്ങളോളം ദീര്‍ഘിപ്പിച്ച് സാമ്പത്തിക വര്‍ഷം അവസാനിക്കുകയും ചെയ്തു.



മാര്‍ച്ച് മാസം പൂര്‍ത്തിയാകും മുന്‍പ് കെട്ടിടാനുമതി സംബന്ധിച്ച രേഖകള്‍ നല്‍കിയെങ്കിലെ സര്‍ക്കാര്‍ സബ്സിഡി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയുള്ളായിരുന്നുവെന്ന് ജാണ്‍ ചാക്കോ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും 35 ശതമാനം സബ്സിഡി പ്രകാരം വനിതാ സംരംഭകര്‍ക്ക് തുക ലഭ്യമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ അപേക്ഷക ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് തുക അനുവദിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അധികൃതരും താല്‍പ്പര്യത്തിലാണ്. എന്നാല്‍ പഞ്ചായത്ത് ഓവര്‍സീയറിന്റെ അനുമതി ലഭിക്കാതെ വന്നതോടെ ആനുകൂല്യം നഷ്ടമാകുമെന്ന അവസ്ഥയിലായി. ഇതോടെയാണ് പദ്ധതി ഉപേക്ഷിച്ച് കെട്ടിടം പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്. ജോണ്‍ ചാക്കോയും എലിസബത്തും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമാണ്.

അന്‍പത് ശതമാനം ഡിസേബിലിറ്റിയാണ് എലിസബത്തിന്. ചെറുപ്രായത്തില്‍ തലയില്‍ സര്‍ജറി കഴിഞ്ഞതാണ്. അതോടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. ഒരു കൈയ്ക്കും കാലിനും സ്വാധീനകുറവാണ്. സംസാരശേഷി നഷ്ടമായെങ്കിലും പിന്നീട ചികിത്സയിലൂടെ വീണ്ടെടുത്തു. ഇപ്പോള്‍ 26 വയസ്സായി. ചെറുപ്പത്തില്‍ തന്നെ ജീവന്‍ നഷ്ടമാകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും ഇതുവരെയെത്തി. രോഗം തളര്‍ത്തിയെങ്കിലും മനസ്സ് തളരാതെ മുന്നേറുകയാണ് എലിസബത്ത്.

അതിനിടയില്‍ ബികോം പഠനം പൂര്‍ത്തിയായി. കോവിഡ് കാലത്ത് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പി.എസ്.സി പരീക്ഷയും എഴുതിയിരുന്നു. സ്വന്തമായി ഒരു സംരംഭം തുടങ്ങി മാതൃകയാകാനാണ് എലിസബത്തിന്റെ ആഗ്രഹം. എന്നാല്‍ എല്ലാത്തിനും വിലങ്ങുതടിയായി മാറുകയാണ് നിയമങ്ങള്‍. 'എനിക്ക് ഇത് തുടങ്ങാനാവുമോയെന്ന് അറിയില്ല. അച്ഛന്‍ ഇതിനായി ഒരുപാട് ഓടിയതാണ്. എന്നാല്‍ അവര്‍ അനുമതി നല്‍കിയില്ല. അച്ഛന്റെ വിഷമമാണ് എന്നെ ഇപ്പോള്‍ തളര്‍ത്തുന്നതെന്ന്' എലിസബത്ത് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

ഇവര്‍ താസിക്കുന്ന മരിയാപുരം മേഖല 2018 ല്‍ പ്രളയത്തില്‍ വെള്ളം കയറി എല്ലാം നശിച്ചിരുന്നു. 'ഞങ്ങളുടെ വീടും വെള്ളം കയറി നഷ്ടങ്ങള്‍ സംഭവിച്ചു. ഇനിയൊരു പ്രളയം ഉണ്ടായാല്‍ നേരിടുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം നിലയില്‍ സൗകര്യം ഒരുക്കിയത്. അത് ഇപ്പോള്‍ ഞങ്ങളുടെ ഉപജീവനമാര്‍ഗത്തിനായി ആരംഭിച്ച സംരംഭത്തിന് തടസ്സമായി മാറി'യെന്ന് ജോണ്‍ വേദനയോടെ പറഞ്ഞു.

Tags:    

Similar News