ക്രിസ്തുമതം സ്വീകരിക്കുന്ന പട്ടിക വിഭാഗക്കാര്‍ക്ക് സംവരണ ആനുകൂല്യമില്ല; ജാതി സര്‍ട്ടിഫിക്കറ്റ് മതം മാറുമ്പോള്‍ അസാധുവാകും; ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം; ജാതി സംവരണ തട്ടിപ്പിനെതിരെ ചരിത്ര വിധിയുമായി അലഹബാദ് ഹൈക്കോടതി
ജാതി സംവരണ തട്ടിപ്പിനെതിരെ ചരിത്ര വിധിയുമായി അലഹബാദ് ഹൈക്കോടതി
കേരളത്തിലടക്കം അബൈദ്ക്കറ്റെുകള്‍ എന്ന് പറയുന്നവര്‍ പോലും, പൊതുവെ ഉയര്‍ത്തുന്ന ഒരു വാദമാണ് മതം മാറിയാലും ജാതി മാറാന്‍ കഴിയില്ല എന്നത്. മതം മാറിയ പലരും, ഇപ്പോഴും ജാതി സംവരണം നേടുന്നുവെന്നതും ഒരു യഥാര്‍ത്ഥ്യമാണ്. അത്തരക്കാര്‍ക്കുള്ള കടുത്ത അടിയാണ്, അലഹബാദ് ഹൈക്കോടതിയില്‍നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്. ക്രിസ്തുമതം സ്വീകരിക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണ ആനുകൂല്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചിരിക്കയാണ്. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങള്‍ ഒഴികെയുള്ള ആരെയും പട്ടികജാതിക്കാരനായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
സുപ്രീംകോടതിയുടെ മുന്‍ വിധിന്യായങ്ങള്‍ ഉദ്ധരിച്ചാണ് ജസ്റ്റിസ് പ്രവീണ്‍ കുമാര്‍ ഗിരിയുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മതപരിവര്‍ത്തനത്തിനു ശേഷമുള്ള അത്തരമൊരു അവകാശവാദം 'ഭരണഘടനയോടുള്ള വഞ്ചനയും സംവരണ നയങ്ങളുടെ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് കോടതി പറഞ്ഞു. ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ വിധി. മതം മാറിയിട്ടും, ജാതീയമായ അവശതയുടെ പേരില്‍ സംവരണത്തിലൂടെ സര്‍ക്കാര്‍ ജോലിയിലടക്കം തുടരുന്നവര്‍ക്ക് ഇതോടെ പണി പോവുമെന്ന് ഉറപ്പായി.
ഇത് ഭരണഘടനാ വഞ്ചന
മതം മാറിയശേഷവും പട്ടികജാതി പദവി അവകാശപ്പെടുന്നത് ഭരണഘടനാ വഞ്ചനയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ പട്ടികജാതി പദവികള്‍ തമ്മിലുള്ള വ്യത്യാസം കര്‍ശനമായി നടപ്പിലാക്കണം. മതം മാറിയിട്ടും പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ് ഈ നിര്‍ദേശം. മുമ്പ് നല്‍കിയ ഏതെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ് നിലവിലുണ്ടെങ്കില്‍ പോലും മതം മാറുമ്പോള്‍ അത് അസാധുവാകുമെന്നും ഉത്തരവില്‍ പറയുന്നു. മതപരിവര്‍ത്തനത്തിന് ശേഷം സംവരണം ലഭിക്കുന്നതിന് വേണ്ടി മാത്രം ജാതി അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നത് ഭരണഘടനയെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഉത്തരവും ബെഞ്ച് ചൂണ്ടിക്കാട്ടി.
ജിതേന്ദ്ര സഹാനി എന്ന ക്രിസ്തുമത പ്രചാരകന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ ഉത്തരവിട്ടത്. രണ്ട് മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും ഒരു പ്രത്യേക സമുദായത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തതായി ആരോപിക്കപ്പെടുന്നയാളാണ് സഹാനി. യേശുക്രിസ്തുവിന്റെ വചനങ്ങള്‍ പ്രസംഗിക്കാന്‍ സ്വന്തം നാട്ടില്‍ ഒരു സമ്മേളനം സംഘടിപ്പിക്കാന്‍ അനുമതി തേടുക മാത്രമാണ് താന്‍ ചെയ്തതെന്നും എന്നാല്‍ പോലീസ് തന്നെ വ്യാജകേസില്‍ പെടുത്തിയതായും ഇയാള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
കെവാത്ത് സമുദായത്തില്‍പ്പെട്ട ഹര്‍ജിക്കാരന്‍ സത്യവാങ്മൂലത്തില്‍ തന്റെ മതം ഹിന്ദുമതമാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി പോലീസ് കോടതിയെ അറിയിച്ചു. കുറ്റപത്രത്തില്‍ പോലീസ് ചേര്‍ത്ത സാക്ഷികളില്‍ ഒരാള്‍ സഹാനി ദരിദ്രരായ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രലോഭിപ്പിച്ചതായും മൊഴി നല്‍കി. ഇയാള്‍ ഹിന്ദു ദേവതകളെക്കുറിച്ച് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും സാക്ഷി ആരോപിച്ചു.
ഹിന്ദു, സിഖ്, അല്ലെങ്കില്‍ ബുദ്ധമതം എന്നിവ ഒഴികെയുള്ള ഒരു സമുദായത്തിലും പെട്ട വ്യക്തികളെ പട്ടികജാതി അംഗമായി കണക്കാക്കരുതെന്ന് 1950ലെ ഭരണഘടന ഉത്തരവിലെ പ്രസക്തമായ വ്യവസ്ഥകളും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ പുരോഹിതനായിക്കെ കോടതി രേഖകളില്‍ ഹിന്ദുവാണെന്ന് അവകാശപ്പെട്ട് വ്യാജരേഖ ചമച്ചതിന് സഹാനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും ഹൈക്കോടതി മഹാരാജ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു.
ഭാവിയില്‍ കോടതിയില്‍ ഇത്തരം സത്യവാങ്മൂലങ്ങള്‍ നല്‍കുന്നത് തടയാന്‍ സഹാനിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടിക വര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ വിഷയങ്ങളും നിയമത്തിലെ വ്യവസ്ഥകളും കൃത്യമായി പരിശോധിച്ച് മുകളില്‍ സൂചിപ്പിച്ചത് പോലെ നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്കും ചുമതല നല്‍കി.
