ഖമനേയിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിനിടെ ഇസ്രായേല്‍ ആക്രമണം; ഇറാനിലെ പുരോഹിത സഭയുടെ കേന്ദ്രങ്ങള്‍ തകര്‍ത്തു; മൊസാദിന്റെ പോസ്റ്റിന് പിന്നാലെ നടന്നത് മിന്നലാക്രമണം; പുതിയ നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ 'മരണവാറണ്ട്'! ഇറാന്റെ ആത്മീയ നേതൃത്വം പ്രതിസന്ധിയില്‍
ഖമേനിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിനിടെ ഇസ്രായേല്‍ ആക്രമണം
ടെഹ്റാന്‍/ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ ഇറാന്റെ രാഷ്ട്രീയ-സൈനിക അടിത്തറ ഇളക്കി ഇസ്രായേലിന്റെ മിസൈല്‍ പ്രഹരം. കൊല്ലപ്പെട്ട പരമോന്നത നേതാവ് അലി ഖമനേയിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഇറാന്‍ പുരോഹിത സഭ (Assembly of Experts) വോട്ടെടുപ്പ് നടത്തുന്നതിനിടെയാണ് ഇസ്രായേല്‍ വ്യോമസേന കോം (Qom) നഗരത്തിലെ സഭയുടെ ആസ്ഥാനം തകര്‍ത്തത്. ഇറാന്‍ ഭരണകൂടത്തിന്റെ ആത്മീയ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പായി.
പിന്‍ഗാമിക്കായുള്ള വോട്ടെടുപ്പിനിടെ ആക്രമണം
പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ സഭയിലെ 88 അംഗങ്ങള്‍ ഒത്തുകൂടാനിരിക്കെയാണ് ആക്രമണം നടന്നത്. ആക്രമണ സമയത്ത് കെട്ടിടത്തിനുള്ളില്‍ കുറച്ച് അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇസ്രായേല്‍ അവകാശപ്പെടുമ്പോള്‍, കെട്ടിടം ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്നാണ് ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
കോമിലെ സമിതിയുടെ ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതായി ഇറാന്റെ തസ്‌നീം വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. സമിതിയുടെ ടെഹ്റാനിലെ കോമ്പൗണ്ട് കഴിഞ്ഞ രാത്രി ആക്രമിക്കപ്പെട്ടതായും അവര്‍ പറഞ്ഞു. അതേസമയം, ടെഹ്റാനിലെ റെവല്യൂഷന്‍ സ്‌ക്വയറിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തുന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് നീണ്ടുപോകില്ല' എന്ന് അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്സ് അംഗമായ ആയത്തുള്ള അലി മൊവാഹെദി കെര്‍മാനി ചൊവ്വാഴ്ച നേരത്തെ പറഞ്ഞിരുന്നു.
മൊസാദിന്റെ മുന്നറിയിപ്പ്
ആക്രമണത്തിന് തൊട്ടുമുമ്പ് ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് ഇറാന്‍ ജനതയ്ക്കായി ഒരു സന്ദേശം നല്‍കി: 'ഇന്ന് ആര് തിരഞ്ഞെടുക്കപ്പെട്ടാലും അയാളുടെ വിധി നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു; ഇറാനിലെ ജനങ്ങള്‍ മാത്രമേ അവരുടെ ഭാവി നേതാവിനെ തിരഞ്ഞെടുക്കൂ.'
ഇറാന്റെ ഭരണഘടന അനുസരിച്ച്, 88 അംഗങ്ങളുള്ള പുരോഹിത സമിതിയായ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്സ് ആണ് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത്. ഇതിലെ അംഗങ്ങളെ ജനങ്ങളാണ് തിരഞ്ഞെടുക്കുന്നതെങ്കിലും, സ്ഥാനാര്‍ത്ഥികള്‍ക്ക് 'ഗാര്‍ഡിയന്‍ കൗണ്‍സില്‍' എന്ന മറ്റൊരു സമിതിയുടെ അംഗീകാരം ആവശ്യമാണ്. ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗങ്ങളെ പരമോന്നത നേതാവാണ് നേരിട്ടോ അല്ലാതെയോ നിയമിക്കുന്നത്. തല്‍ഫലമായി, തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ഉത്തരവാദിത്തമുള്ള മുതിര്‍ന്ന പുരോഹിതന്മാരുടെ നിയമനത്തില്‍ ഖമേനിക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. വിശ്വസ്തരല്ലാത്തവരെ മുന്‍കൂട്ടി തന്നെ അയോഗ്യരാക്കുകയും ചെയ്തിരുന്നു.
പുതിയ നേതാവിനെ 'സാധ്യമായത്ര വേഗത്തില്‍' തിരഞ്ഞെടുക്കാന്‍ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്സ് സമ്മേളിക്കേണ്ടതുണ്ട്. അതുവരെ, പരമോന്നത നേതാവിന്റെ അധികാരങ്ങള്‍ പ്രസിഡന്റ്, നീതിന്യായ വിഭാഗം തലവന്‍, ഗാര്‍ഡിയന്‍ കൗണ്‍സില്‍ പ്രതിനിധി എന്നിവരടങ്ങുന്ന താല്‍ക്കാലിക സമിതിക്ക് കൈമാറുന്നു.
ഐഡിഎഫ് മുന്നറിയിപ്പ്
നേരത്തെ, ടെഹ്റാനിലെ വ്യവസായ മേഖലയിലും വിമാനത്താവളത്തിലും അടുത്ത മണിക്കൂറുകളില്‍ സൈനിക നടപടി ഉണ്ടാകുമെന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ ഐഡിഎഫ് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെഹ്റാനിലെ ഹക്കിമിയ വ്യവസായ മേഖലയിലും കരാജ്ലെ പായം വിമാനത്താവളത്തിന് സമീപമുള്ളവരോടും മാറിതാമസിക്കാന്‍ ഐഡിഎഫ് വക്താവ് ലഫ്റ്റനന്റ് കേണല്‍ കമല്‍ പന്‍ഹാസി ആവശ്യപ്പെട്ടു.
സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ പ്രധാന ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകരുകയും ഉള്ളില്‍ പുക നിറയുകയും ചെയ്തതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ടെല്‍ അവീവ് മേഖല ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ബിനീ ബ്രാക്കില്‍ ഒരു സ്ത്രീക്ക് ഇടത്തരം പരിക്കേറ്റു, 11 പേര്‍ക്ക് നിസാര പരിക്കേറ്റു. കിബ്ബട്ട്‌സ് ഐനാറ്റിന് സമീപം രണ്ട് പേര്‍ക്കും പെറ്റാ തിക്വ, റോഷ് ഹാെയിന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും പരിക്കേറ്റു.
പശ്ചിമേഷ്യയില്‍ ഇറാന്റെ നേതൃത്വം തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് നടത്തുന്നത്. വരും ദിവസങ്ങളില്‍ യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
