ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കോമയില്‍? വിഷം തീണ്ടിയെന്നും ആരോഗ്യനില വഷളെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; ഇസ്രയേല്‍ വകവരുത്തുമെന്ന ഭീതിയില്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പട്ടിക തയ്യാറാക്കി? പിന്‍ഗാമിയെ രഹസ്യമായി തിരഞ്ഞെടുത്തെന്നും റിപ്പോര്‍ട്ടുകള്‍

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കോമയില്‍?

Update: 2024-11-18 10:20 GMT

ടെഹ്‌റാന്‍: ഇറാന്റെ നേതൃത്വത്തില്‍ സുപ്രധാന മാറ്റം വരുമെന്ന സൂചന നല്‍കി കൊണ്ട് വിദേശ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ ആണെന്നും അദ്ദേഹം കോമയിലാണെന്നും വാര്‍ത്ത വന്നിരിക്കുന്നു. അദ്ദേഹത്തെ വിഷം തീണ്ടിയെന്നും സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

85 കാരനായ ഖമനേയിയുടെ ആരോഗ്യനില മോശമായതോടെ, ടെഹ്‌റാന്‍ രഹസ്യമായി പിന്‍ഗാമിയെ തിരഞ്ഞെടുത്തതായും സൂചനയുണ്ട്. ഖമനേയിയുടെ മകന്‍ മൊജ്താബ ഖമനേയി അടുത്ത പരമോന്നത നേതാവാകുമെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതിനിടെ ആയത്തൊള്ള അലി ഖമനേയി ഒരു ഇറാന്‍ നയതന്ത്ര പ്രതിനിധിയെ കാണുന്ന ചിത്രം ഇറാന്‍ പുറത്തുവിട്ടു. ഖമനേയി ഗുരുതരരോഗബാധിതനാണെന്ന് യു.എസ്. മാധ്യമമായ 'ന്യൂയോര്‍ക്ക് ടൈംസ്' ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ, ലെബനനിലെ ഇറാന്‍ അംബാസഡര്‍ മൊജ്താബ അമാനിയുമായി അദ്ദേഹം സംസാരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടു. ഖമനേയിയുടെ എക്‌സ് അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. 'ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവ് അയത്തൊള്ള ഖമനേയി ലെബനനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ അംബാസഡര്‍ മോജ്താബ അമാനിയെ തന്റെ ദൈനംദിന യോഗങ്ങളുടെ ഭാഗമായി കാണുകയും സംസാരിക്കുകയും ചെയ്തു,'- പേര്‍ഷ്യന്‍ ഭാഷയിലുള്ള കുറിപ്പില്‍ പറയുന്നു.




മെയില്‍ മുന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതോടെയാണ് മൊജ്താബയുടെ പേര് ഉയര്‍ന്നുകേള്‍ക്കാന്‍ തുങ്ങിയത്. എന്നാല്‍ മൊജ്താബ മാത്രമല്ല മറ്റുരണ്ടു പേര്‍ കൂടി ഉള്‍പ്പെട്ട പട്ടികയാണ് തയാറാക്കിയതെന്ന് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചുമതല വഹിക്കുന്ന വിദഗ്ധ സമിതി (അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ്) അറിയിച്ചു. അതേസമയം ഈ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ വിദഗ്ധ സമിതി അംഗം അബോല്‍ഹസന്‍ മഹ്ദവി ഇക്കാര്യം പ്രഖ്യാപിച്ചത്.

വിദഗ്ധ സമിതിയുമായി നടന്ന കൂടിക്കാഴ്ചയില്‍, ആവശ്യം വന്നാല്‍ വളരെ വേഗം തന്റെ പിന്‍ഗാമിയെ നിശ്ചയിക്കാന്‍ തയാറായിരിക്കണമെന്ന് ഖനനേയി സമിതിയോട് ആവശ്യപ്പെട്ടിരുന്നതായി ഇറാന്‍ മാധ്യമമായ ഇറാന്‍ ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന തോന്നലാണ് ഖമനേയിയുടെ വാക്കുകളിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

27 വര്‍ഷമായി ഇറാന്റെ സുപ്രധാന നയ രൂപീകരണങ്ങളില്‍ മൊജ്താബയ്ക്ക് പങ്കുണ്ട്. ആയത്തുല്ല അലി ഖമനേയിയുടെ ആറു മക്കളില്‍ രണ്ടാമനാണ് 55കാരനായ മൊജ്താബ ഖമനയി. ഖമനേയിയുടെ വിശ്വസ്തനായ അലിറീസ അറാഫിയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍. ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗവും വിദഗ്ധ സമിതിയുടെ രണ്ടാം ഡപ്യൂട്ടി ചെയര്‍മാനാണ് ഇദ്ദേഹം. വിദഗ്ധ സമിതി ആദ്യ ഡപ്യൂട്ടി ചെയര്‍മാന്‍ ഹാഷിം ഹുസൈനി ബുഷെഹ്രിയാണ് പട്ടികയില്‍ ഉണ്ടാകുമെന്ന് കരുതുന്ന മറ്റൊരാള്‍

Tags:    

Similar News