'പോലീസ് വണ്ടിയില്‍ കയറിയാല്‍ ആജീവനാന്തം കയറി ഇറങ്ങേണ്ടി വരു'മെന്ന് പോലീസുകാരന്‍; 'വണ്ടി കയറ്റി ഇറക്കും' എന്ന് തെറ്റായി പ്രചരിപ്പിച്ചു റിപ്പോര്‍ട്ടര്‍ ചാനല്‍; ഇത്തരം പ്രചരണം ആത്മവീര്യം തകര്‍ക്കുമെന്ന് പോലീസുകാര്‍; അയിരൂര്‍ വസ്തു തര്‍ക്കത്തില്‍ ഇടപെട്ട പോലീസിന് സംഭവിച്ചത്..

'പോലീസ് വണ്ടിയില്‍ കയറിയാല്‍ ആജീവനാന്തം കയറി ഇറങ്ങേണ്ടി വരു'മെന്ന് പോലീസുകാരന്‍

Update: 2025-02-09 09:07 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ വസ്തു തര്‍ക്കത്തില്‍ ഇടപെട്ട അയിരൂര്‍ പൊലീസ് വിവാദത്തിലായെന്ന വാര്‍ത്ത പുറത്തുവന്നത് രണ്ട് ദിവസം മുമ്പാണ്. ഒരു അയല്‍തര്‍ക്കത്തില്‍ പോലീസ് ഇടപെട്ടതായിരുന്നു വിഷയം. എന്നാല്‍, വിവാദത്തില്‍ പോലീസ് ഇടപെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ പോലീസുകാര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. അയിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ രജിത്ത് 14 കാരന്റെ കൈ പിടിച്ച് ഒടിച്ചുവെന്ന പരാതിയാണ് ഉയര്‍ന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇലകമണ്‍ സ്വദേശി രാജേഷിന്റെ മകനെയാണ് പൊലീസ് ഉപദ്രവിച്ചത് എന്ന വിധത്തിലാണ് വാര്‍ത്ത വന്നത്. കുട്ടിയുടെ കൈയ്ക്ക് പൊട്ടലേറ്റിതായും വീട്ടുകാര്‍ പറഞ്ഞിരുന്നു. കൈ പിടിച്ചു തിരിച്ചുവെന്നും വണ്ടി കയറ്റി ഇറക്കുമെന്നും ജീവിതകാലം മുഴുവന്‍ കോടതിയില്‍ കയറ്റിയിറക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയതായി കുട്ടി പറഞ്ഞു.

അച്ഛന്‍ രാജേഷും സമീപവാസിയായ വിജയമ്മയുടെ കുടുബവുമായി വര്‍ഷങ്ങളായി വഴിതര്‍ക്കം നിലനിന്നിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ ഭാര്യ മാതാവായ വിജയമ്മയ്ക്ക് വേണ്ടി പൊലീസ് വഴിവിട്ട നീക്കം നടത്തുന്നതിനിടെയാണ് മകന്റെ കൈയ്ക്ക് പൊട്ടലേറ്റതെന്നാണ് രാജേഷിന്റെ പരാതി.

ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന വീഡിയോ പോലീസിന് അനുകൂലമാണ്. കാരണം, റിപ്പോര്‍ട്ടര്‍ ചാനല്‍ അടക്കം ഈ വിഷയത്തല്‍ തെറ്റായ പ്രചരണം നടത്തിയെന്ന ആക്ഷേപം ശക്തമാണ്. കൗമാരക്കാരനായ യുവാവിനെ പോലീസ് വാഹനത്തില്‍ കയറ്റിയാല്‍ പിന്നീട് ആജീവനാന്തം കയറി ഇറങ്ങേണ്ടി വരുമെന്ന് ഉപദേശ രൂപത്തിലാണ് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 'പോലീസ് വണ്ടിയില്‍ കയറിയാല്‍ ആജീവനാന്തം കയറി ഇറങ്ങേണ്ടി വരും' എന്ന് പറഞ്ഞത് 'വണ്ടി കയറ്റി ഇറക്കും' എന്നാക്കി തെറ്റായി പ്രചരിപ്പിക്കുകയാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്.

ചാനല്‍ അധികൃതരുടെ നടപടിയില്‍ പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്. ചാനല്‍ പുറത്തുവിട്ട വീഡിയോയില്‍ നിന്നും തന്നെ പോലീസ് ഇടപെടല്‍ മാന്യമായിരുന്നു എന്ന് വ്യക്തമാണ്. വാര്‍ത്തയുടെ കമന്റ് ബോക്‌സില്‍ തന്നെ തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. സംസ്ഥാനത്തെ പോലീസിംഗിനെ നിര്‍വീര്യമാക്കുന്ന വിധത്തിലുള്ള പ്രചരണങ്ങളില്‍ നിരവധി പേരാണ് അതൃപ്തി രേഖപ്പെടുത്തുന്നത്.

അതേസമയം, 14കാരന്റെ കൈക്ക് പരിക്കേറ്റ സംഭവത്തില്‍ രാജേഷിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവേ പ്രതിഷേധിച്ച ബന്ധുക്കളെ പിന്തിരിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്ന് അയിരൂര്‍ പൊലീസിന്റെ വിശദീകരണം. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതില്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും അയിരൂര്‍ എസ്എച്ച്ഒയുടെ വിശദീകരണത്തില്‍ വ്യക്തമാക്കി. എന്നാല്‍, പോലീസ് പോലീസിന്റെ ഭാഗം കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യക്കുറവെന്ന വിധത്തിലാണ് പോലീസുകാര്‍ പറയുന്നത്.

Tags:    

Similar News