ഓണത്തിന് മുമ്പ് സ്ഥലം മാറ്റിയത് കാറ്റ് അവധിയായതു കൊണ്ട്; അവധി എടുത്ത് ചുമതല ഏറ്റെടുക്കാതെ മാറി നിന്ന ഐഎഎസുകാരന് നിയമ പോരാട്ടത്തില്‍ ആദ്യ ജയം; കെടിഡിഎഫ്‌സിയിലേക്കുള്ള സ്ഥലം മാറ്റത്തിന് സ്റ്റേ; പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കൃഷി വകുപ്പില്‍ വീണ്ടും ചുമതലയില്‍ എത്താം; ബി അശോക് കേസില്‍ സര്‍ക്കാരിന് തിരിച്ചടി

Update: 2025-09-09 07:05 GMT

തിരുവനന്തപുരം: നീതിയ്ക്കായുള്ള ഡോ ബി അശോകിന്റെ പോരാട്ടത്തില്‍ ആദ്യ വിജയം. ഡോ. ബി അശോകിനെ കെടിഡിഎഫ്‌സി ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് നടപടി. ഇതോടെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിന് തുടരാം. അശോകിന്റെ ഹര്‍ജി ചൊവ്വാഴ്ച വീണ്ടും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പരിഗണിക്കും. ഉത്തരവ് സ്‌റ്റേ ചെയ്തത് സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. ഇതിനൊപ്പം ഡിജിപി റാങ്കുള്ള യോഗേഷ് ഗുപ്തയുടെ പരാതിയും കാറ്റിന് മുന്നിലുണ്ട്. അതിലെ കാറ്റ് തീരുമാനവും സര്‍ക്കാരിന് നിര്‍ണ്ണായകമാണ്.

കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയത്. ടിങ്കു ബിസ്വാളിനായിരുന്നു പകരം ചുമതല നല്‍കിയത്. കേര പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് ബി അശോകിന് ആയിരുന്നു അന്വേഷണ ചുമതല ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു വാര്‍ത്ത ചോര്‍ന്നതെങ്ങനെ എന്ന കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നത്.

ലോകബാങ്ക് ഇമെയില്‍ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ബി അശോകിന്റെ റിപ്പോര്‍ട്ട്. ഇത് നിലനില്‍ക്കെയാണ് ബി അശോകിനെ സ്ഥലം മാറ്റിയത്. കെടിഡിഎഫ്‌സി ചെയര്‍മാന്‍ പദവി ഡെപ്യൂട്ടേഷന്‍ തസ്തികയാണ്. നേരത്തെ ഡെപ്യൂട്ടേഷന്‍ തസ്തികയായ തദ്ദേശ ഭരണ പരിഷ്‌കരണ കമ്മീഷണര്‍ പദവി നല്‍കിയത് ബി അശോക് ചോദ്യം ചെയ്തിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ആ ഉത്തരവ് റദ്ദാക്കിയിരുന്നു. ദ്ദേശ ഭരണ പരിഷ്‌കരണ കമ്മിഷന്‍ അദ്ധ്യക്ഷനായി നിയമിച്ചപ്പോള്‍ കോടതിയില്‍ പോയി സര്‍ക്കാരിനെതിരെ ഉത്തരവ് വാങ്ങുകയും കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുകയും ചെയ്തിരുന്നു. സമാനരീതിയിലാണ് ഇപ്പോഴത്തെയും സ്ഥലംമാറ്റം.

നിയമനടപടിക്ക് ഒരുങ്ങുന്നതിനാല്‍ പുതുതായി ലഭിച്ച കെ.ടി.ഡി.എഫ്.സി യിലെ സി.എം.ഡി സ്ഥാനം അദ്ദേഹം ഏറ്റെടുത്തിരുന്നില്ല.സെപ്തംബര്‍ 8 വരെ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യുണല്‍ അവധിയായതിനാല്‍ സ്ഥലം മാറ്റം സംബന്ധിച്ച് പരാതി പരിഗണിക്കുന്നത് വൈകുമെന്ന സാങ്കേതികത്വം കണക്കാക്കിയാണ് അശോകിനെ അതിവേഗം ഓണത്തിന് മുമ്പ് ശനിയാഴ്ച രാത്രിയില്‍ സ്ഥലം മാറ്റിയത്. പകരം ചുമതല നല്‍കിയ ടിങ്കു ബിസ്വാള്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോത്പാദന കമ്മിഷണര്‍ എന്നീ സ്ഥാനങ്ങളില്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. ഗതാഗത വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനവും ടിങ്കു ബിസ്വാളിനാണ്. ഇതേ വകുപ്പിന് കീഴിലെ സ്ഥാപനമാണ് കെ.ടി.ഡി.എഫ്.സി. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ അശോകിനെ സ്ഥലം സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റിയതിനെതിരെ ഐ.എ.എസുകാരില്‍ ഒരുവിഭാഗം കടുത്ത അമര്‍ഷത്തിലാണ്.

കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച് 'മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം കൃഷി വകുപ്പ് അന്വേഷണം നടത്തിരുന്നു. ഡോ. ബി. അശോകിനായിരുന്നു അന്വേഷണ ചുമതല. മുഖ്യമന്ത്രിയുടെ ഓഫീസ്, കൃഷിവകുപ്പില്‍ നടത്തിയ അനധികൃത ഇടപെടല്‍ അന്വേഷണത്തില്‍ അശോക് കണ്ടെത്തിയിരുന്നു. ലോക ബാങ്ക് കൃഷിവകുപ്പിലേക്ക് അയച്ച ഇ മെയിലിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി കൈവശപ്പെടുത്തിയെന്നായിരുന്നു അശോകിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

ഐ.ടി. നിയമം അനുസരിച്ച് അന്വേഷിക്കാവുന്ന കുറ്റമാണിതെന്നും കൃഷി മന്ത്രി പി. പ്രസാദിന് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാദ്ധ്യമങ്ങളില്‍ വാര്‍ത്ത ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അടിയന്തര മാറ്റം.

Tags:    

Similar News