നാലാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവില്‍ മാതൃഭൂമി ന്യൂസിനെ മറികടന്ന് മനോരമ ന്യൂസ് നാലാമത്; വിദേശ, നാട്ടുരാഷ്ട്രീയ വാര്‍ത്തകള്‍ ഹരം പിടിപ്പിച്ച പോയ വാരവും ബാര്‍ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന് എതിരാളികളില്ല; ഒപ്പമെത്താനാവാതെ വിയര്‍ത്ത് റിപ്പോര്‍ട്ടറും 24 ന്യൂസും

മാതൃഭൂമി ന്യൂസിനെ മറികടന്ന് മനോരമ ന്യൂസ് നാലാമത്

Update: 2025-02-20 13:23 GMT

തിരുവനന്തപുരം: രാഷ്ട്രീയം ഇല്ലാത്ത ഒന്നും ഇല്ലെന്നായിരിക്കുന്നു. യുഎസില്‍ ഡൊണള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായതോടെ വാര്‍ത്തകള്‍ക്ക് ക്ഷാമമില്ല. തലക്കെട്ടുകളില്‍ ഇടം പിടിക്കാനുള്ള ട്രംപിന്റെ വിരുത് ഒന്നുവേറെ തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം ആകാംക്ഷ നിറഞ്ഞതായിരുന്നു. യുഎസില്‍ നിന്നും നാടുകടത്തിയ ഇന്ത്യാക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ കൊണ്ടുവന്നത് ആവര്‍ത്തിക്കുമോ, ട്രംപിന്റെ താരിഫ് നയത്തില്‍ ഇന്ത്യക്ക് ഇളവുണ്ടാകുമോ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ആകാംക്ഷ.

മോദിയുടെ യുഎസ് സന്ദര്‍ശനഫലത്തെ പുകഴ്ത്തിയ ലേഖനത്തിലൂടെ ശശി തരൂര്‍ എംപി കോണ്‍ഗ്രസില്‍ വെടി പൊടിച്ചത് ആഴ്ചാവസാനം വിവാദവും വാര്‍ത്താ വിരുന്നുമായി. അതിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. സിനിമാ വിവാദത്തിന്റെ തുടര്‍ചര്‍ച്ചകളും പോയവാരത്തില്‍ സജീവമായിരുന്നു. പോട്ട ബാങ്ക് കവര്‍ച്ച മലയാളികളെ ഞെട്ടിച്ചതും പ്രതിയെ കൗശലത്തോടെ പൊലീസ് പിടികൂടിയതും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. എന്നിരുന്നാലും, ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ ബാര്‍ക് റേറ്റിങ്ങില്‍ അഞ്ചാമത്തെ ആഴ്ചയെ അപേക്ഷിച്ച് ആറാമത്തെ ആഴ്ച ആകെ പോയിന്റുകളില്‍ ഇടിവ് സംഭവിച്ചതായി കാണാം.

പതിവുപോലെ ഏഷ്യാനെറ്റ് ന്യൂസ് തന്നയാണ് മറ്റുചാനലുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നില്‍. ആറാമത്തെ ആഴ്ചയിലെ ശ്രദ്ധേയമായ മുന്നേറ്റം മനോരമ ന്യൂസിന്റേതാണ്. മലയാളം വാര്‍ത്താ ചാനലുകളിലെ നാലും അഞ്ചും സ്ഥാനക്കാര്‍ തമ്മില്‍ പോയവാരവും കടുത്ത മത്സരമാണ്. മാതൃഭൂമി ന്യൂസിനെ അഞ്ചാം സ്ഥാനത്തക്ക് തളളി മനോരമ നാലാം സ്ഥാനം പിടിച്ചിരിക്കുന്നു. മനോരമയ്ക്ക് 35.50 പോയിന്റും മാതൃഭൂമിക്ക് 34.40 പോയിന്റുമാണ്്. നാല് ആഴ്ചയായി നാലാം സ്ഥാനത്ത് തുടര്‍ന്നിരുന്ന മാതൃഭൂമി ന്യൂസിനെയാണ് ആറാമത്തെ ആഴ്ച മനോരമ മറികടന്നത്. അഞ്ചാമത്തെ ആഴ്ച മാതൃഭൂമിക്ക് 36.75 പോയിന്റും മനോരമയ്ക്ക് 35.73 പോയിന്റുമായിരുന്നു.





കാതലുള്ള വാര്‍ത്തകളുമായി മുന്നേറുന്ന ഏഷ്യാനെറ്റ് ന്യൂസിന് ബാര്‍ക്ക് റേറ്റിംഗില്‍ 84.82 പോയിന്റാണ്. ഷോമാന്‍ഷിപ്പിന്റെ ബലത്തില്‍ മുന്നേറുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ രണ്ടാം സ്ഥാനത്താണ്. ആറാം ആഴ്ചയിലെ ബാര്‍ക് റേറ്റിംഗിലും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ചാനലുമാണ്.

ഏഷ്യാനെറ്റ് 90.94 പോയിന്റില്‍ നിന്ന് 84.82 പോയിന്റിലേക്ക് താണെങ്കിലും ഒന്നാം സ്ഥാനത്തിന് കോട്ടമൊന്നുമില്ല. അതേസമയം റിപ്പോര്‍ട്ടര്‍ ചാനല്‍ 69.71 പോയിന്റും നേടി. റിപ്പോര്‍ട്ടറിന് അടുത്തകാലത്തെങ്ങും ഏഷ്യാനെറ്റിനെ മറികടക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാണ്. അതേസമയം മൂന്നാം സ്ഥാനത്തുള്ള ട്വന്റി ഫോറിന്റെ റേറ്റിങ് 63.92 ആണ്. കേരളാ വിഷന്റെ പ്രൈം ബാന്‍ഡ് നേടിയാണ് റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്തുള്ളത്. 24 ന്യൂസ് ആകട്ടെ രണ്ടാമത്തെ പ്രൈം ബാന്‍ഡും നേടി. ഇതോടെയാണ് മറ്റ് പരമ്പരാഗത വാര്‍ത്താ പവര്‍ഹൗസുകളെ ഇവര്‍ പിന്നിലാക്കിയത്.

ജനം ടിവിയാണ് 20.19 പോയിന്റുമായി ആറാം സ്ഥാനത്ത്. 15.22 പോയിന്റുമായി കൈരളി ടിവിയും 13.43 പോയിന്റുമായി ന്യൂസ് 18 കേരളവും ഏഴും എട്ടും സ്ഥാനങ്ങളിലുണ്ട്. റേറ്റിങ്ങില്‍ ഏറ്റവും അവസാനക്കാരെന്ന ഖ്യാതിയുളള മീഡിയാ വണ്ണിന്റെ(8.09) നിലയില്‍ മാറ്റമൊന്നുമില്ല.


Tags:    

Similar News