ഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല, കാല്‍ അങ്ങ് വെട്ടിക്കളയും: ബത്തേരിയില്‍ പാസ്റ്റര്‍ക്ക് നേരേ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; 'ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ച് അവര്‍ ഇവിടെയുമുണ്ട്...! ഇനി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ ഊഴമാണെന്ന്' ടി സിദ്ധിക്ക്; കേസെടുത്ത് പൊലീസ്
ബത്തേരിയില്‍ പാസ്റ്റര്‍ക്ക് നേരേ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണി
സുല്‍ത്താന്‍ ബത്തേരി: ബത്തേരിയില്‍ പാസ്റ്റര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല്‍ വെട്ടുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പാസ്റ്ററുടെ വാഹനം തടഞ്ഞാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണി. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ക്ക് നേരേ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയ പശ്്ചാത്തലത്തിലാണ് ഏപ്രിലില്‍ ബത്തേരി കൈപ്പഞ്ചേരിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
വെക്കേഷന്‍ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റര്‍ പോയത്. ബത്തേരി ടൗണില്‍ വച്ച് പാസ്റ്ററുടെ വാഹനം തടഞ്ഞ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പെന്തകോസ്ത് സഭയുടെ ഭാഗമായ പ്രൈസ് ആന്‍ഡ് വര്‍ഷിപ്പ് ചര്‍ച്ചിലെ പാസ്റ്റര്‍ക്കുനേരെയായിരുന്നു ഭീഷണി. മതപരിവര്‍ത്തനം നടത്താനാണ് പാസ്റ്റര്‍ എത്തിയതെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ തടഞ്ഞുവെച്ചത്. വിഷയം അന്നുതന്നെ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. സംഭവം വിവാദമായതോടെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്.
സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനും കലാപാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബത്തേരി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭീഷണി മുഴക്കിയവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധവും വിമര്‍ശനവുമായി കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ധിക്ക് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ച് അവര്‍ ഇവിടെയുമുണ്ടെന്നും ഇനി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ ഊഴമാണെന്നും സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ടി. സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വയനാട്ടില്‍ ബജ്‌റംഗ്ദള്‍ കൊലവിളി. ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല്‍ വെട്ടുമെന്ന് പാസ്റ്ററെ ഭീഷണിപ്പെടുത്തി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണില്‍ വച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. വെക്കേഷന്‍ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റര്‍ പോയത്.
ഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല. കാല്‍ അങ്ങ് വെട്ടിക്കളയും. അടി കൊണ്ട് കാര്യമില്ല എന്ന് പാസ്റ്ററെ തടഞ്ഞുവെച്ച് യുവാക്കള്‍ ഭീഷണി മുഴക്കുന്നത് വീഡിയയോയില്‍ കാണാന്‍ കഴിയും. പാസ്റ്റരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.
''ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ച് അവര്‍ ഇവിടെയുമുണ്ട്...! ഇനി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ശ്രീ പിണറായി വിജയന്റെ ഊഴമാണ്...'