കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ബജ്റംഗ്ദള്‍; ജയ്ശ്രീറാം മുഴക്കി കോടതിക്ക് മുന്നില്‍ പ്രകടനം; 'മിണ്ടരുത്, മുഖമടിച്ചു പൊളിക്കും' എന്നു പറഞ്ഞ് ആള്‍കൂട്ട വിചാരണ നടത്തിയ ജ്യോതി ശര്‍മയും പ്രകടനത്തില്‍ മുന്‍നിരയില്‍; കന്യാസ്ത്രീകള്‍ക്കായി ഹാജറാകുന്നത് ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാജ്കുമാര്‍ തിവാരി

കന്യാസ്ത്രീകള്‍ക്ക് ജാമ്യമരുതെന്ന് ബജ്‌റംഗ്ദള്‍

Update: 2025-07-30 06:57 GMT

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് കോടതിക്ക് പുറത്ത് ഹിന്ദുത്വവാദികളുടെ പ്രതിഷേധം. ദുര്‍ഗ് സെഷന്‍സ് കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സംഘ്പരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗം ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ സ്ത്രീകളും യുവാക്കളും അടക്കമുള്ള തീവ്രഹിന്ദുത്വവാദികള്‍ ജയ്ശ്രീറാം മുഴക്കി പ്രതിഷേധിക്കുന്നത്. ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടു.'മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചുപൊളിക്കും' എന്നു പറഞ്ഞ ജ്യോതി ശര്‍മയാണ് പ്രകടനത്തില്‍ മുന്നിലുള്ളത്.

കന്യാസ്ത്രീകള്‍ ദുര്‍ഗ് സെഷന്‍കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് ബ്ജരംഗ്ദള്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ മതപ്രവര്‍ത്തനം നടത്തി. ഇത് തെളിയിക്കാനുള്ള ശക്തമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും ബ്ജരംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ പറഞ്ഞു. കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തി. ഏത് കോടതിയിലും ഇത് തെളിയിക്കും. കുട്ടികള്‍ കരഞ്ഞു പറയുന്ന വീഡിയോ കോടതിയില്‍ ഹാജരാക്കും. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കും. ജാമ്യം അനുവദിച്ചാല്‍ അതിനെതിരെ മേല്‍ കോടതിയെ സമീപിക്കുമെന്നും ജ്യോതി ശര്‍മ പറഞ്ഞു.

അതേസമയം, പ്രതിഷേധിച്ച ബ്ജരംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് കോടതി വളപ്പില്‍ നിന്ന് പുറത്താക്കി. മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപോക്ഷ ഇന്നാണ് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കുന്നത്. കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാജ്കുമാര്‍ തിവാരിയാണ് ഹാജരാകുന്നത്. കത്തോലിക്ക ബിഷപ് കോണ്‍ഫെഡറേഷന്റെ (സിബിസിഐ) കീഴില്‍ നിയമ, വനിത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സംഘം റായ്പുരില്‍ എത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷന്‍സ് കോടതിയെ സമീപിക്കുന്നത്.

മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്റ്റിലായ കന്യാസ്ത്രീകളെ നിലവില്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

'മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചുപൊളിക്കും.'ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് മലയാളി കന്യാസ്ത്രീകളെ ബജ്‌റങ്ദള്‍ പ്രാദേശിക നേതാവ് ജ്യോതി ശര്‍മ ഭീഷണിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. പൊലീസ് സ്റ്റേഷനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ജ്യോതിയുടെയും സംഘത്തിന്റെയും ആള്‍ക്കൂട്ട വിചാരണ. പൊലീസ് ഉദ്യോഗസ്ഥര്‍ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നതും കാണാം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുട്യൂബ് വിഡിയോ ഷൂട്ട് ചെയ്യാനായി വയര്‍ലെസ് മൈക്കും ജ്യോതി വസ്ത്രത്തില്‍ ധരിച്ചിരിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്. തുടക്കം മുതല്‍ ഒടുക്കം വരെ ദ്വയാര്‍ഥ പ്രയോഗങ്ങളും ചോദ്യങ്ങളുമാണ്.

കന്യാസ്ത്രീകള്‍ക്കൊപ്പം ജോലിക്കു പോകാനിരുന്ന 3 യുവതികളില്‍ ഒരാളുടെ സഹോദരനെയാണ് ആദ്യം ഭീഷണിപ്പെടുത്തുന്നത്. യുവതികളെ കടത്തിയതിന് എത്ര രൂപ കിട്ടിയെന്നായിരുന്നു ജ്യോതി ശര്‍മയുടെ ചോദ്യം. യുവതികള്‍ മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്കാണ് പോകുന്നതെന്നു പറഞ്ഞിട്ടും അസഭ്യം തുടര്‍ന്നു. മറുപടി ഇഷ്ടപ്പെടാതെ വന്നപ്പോള്‍ 'ഒരെണ്ണം വച്ചു തരട്ടേ നിനക്ക്?' എന്ന് ആക്രോശിച്ചു. ഇതിനിടയില്‍ ഒരു യുവതിയെ ഇവര്‍ അടിക്കുന്നതും കാണാം.

വീണ്ടും കന്യാസ്ത്രീകളിലേക്കു തിരിഞ്ഞ ജ്യോതി ശര്‍മ, ഫുഡ് ഉണ്ടാക്കാനായി ആഗ്രയില്‍ ആരെയും കിട്ടിയില്ലേ? ഞാന്‍ ആളെ വിടണോ എന്നായി ചോദ്യം. മറുപടി പറയാനായി വന്നപ്പോഴാണ് മുഖമടിച്ചുപൊളിക്കുമെന്നു പറഞ്ഞത്. യുവതിയുടെ സഹോദരനോട് 'നീ ഇവരെ ഡ്രോപ് ചെയ്യാനല്ല, ഇവരെ വില്‍ക്കാനാണ് വന്നതെന്ന്' നന്നായി അറിയാമെന്നും ജ്യോതി പറയുന്നുണ്ട്. കയ്യും കാലുമില്ലാതെ വീട്ടില്‍ പോകേണ്ടി വരുമെന്നും ഒരു ഘട്ടത്തില്‍ കന്യാസ്ത്രീകളോട് ഇവര്‍ ആകോശ്രിക്കുന്നുണ്ട്. തുടര്‍ന്ന് ബാഗുകള്‍ തുറന്നു പരിശോധിച്ചു. യുവതികളിലൊരാളുടെ ബാഗിലുണ്ടായിരുന്ന ബൈബിള്‍ വലിച്ചു മേശയിലേക്കിട്ടു. ഛത്തീസ്ഗഡില്‍ മറ്റേതോ കേസില്‍ പിടിയിലായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ചിത്രങ്ങള്‍ പരിശോധിച്ച് ഇവര്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനും ജ്യോതി ശര്‍മ സഹായിയോടു നിര്‍ദേശിക്കുന്നുണ്ട്.

Tags:    

Similar News