എട്ടുബസുകളിലായി യാത്ര ചെയ്ത പാക് സൈനികരുടെ വാഹന വ്യൂഹത്തിന് നേരേ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റി; ഒരു ബസ് പൂര്‍ണമായി തകര്‍ന്നു; ചാവേറാക്രമണത്തിന് പിന്നില്‍ മജീദ് ബ്രിഗേഡ്; ബലൂചിസ്ഥാനില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട ആക്രമണദൃശ്യങ്ങള്‍ പുറത്തുവിട്ട് ബി എല്‍ എ

ബലൂചിസ്ഥാനില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട ആക്രമണദൃശ്യങ്ങള്‍ പുറത്തുവിട്ട് ബി എല്‍ എ

Update: 2025-03-17 06:17 GMT

ക്വറ്റ: ബലുചിസ്ഥാനില്‍, പാക്കിസ്ഥാന്റെ അര്‍ദ്ധസൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമാക്കി നടത്തിയ ചാവേര്‍ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയെ ബലൂച് വിമതരായ ബി എല്‍ എ പുറത്തുവിട്ടു. മൂന്നു പാക് സൈനികരടക്കം അഞ്ചുപേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ബലൂച്ചിസ്ഥാനിലെ നോഷ്‌കിയിലെ ദേശീയപാതയിലാണ് ആക്രമണം ഉണ്ടായത്. വാഹന വ്യൂഹത്തിന് നേരേയുണ്ടായ ചാവേറാക്രമണത്തിന്റെയും സ്‌ഫോടനത്തിന്റെയും ഉയരുന്ന പുകപടലങ്ങളുടെയും കത്തിക്കരിഞ്ഞ സൈനിക വാഹനത്തിന്റെയും ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക ബസിന് നേരേ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

.ബിഎല്‍എയുടെ ചാവേര്‍ സംഘമായ മജീദ് ബ്രിഗേഡാണ് പാക് സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. എട്ട് ബസ്സുകളിലായാണ് സൈനികര്‍ യാത്ര ചെയ്തിരുന്നത്. സ്‌ഫോടനത്തില്‍ ഒരു ബസ് പൂര്‍ണമായി തകര്‍ന്നു.




സ്‌ഫോടനത്തെ തുടര്‍ന്ന് മറ്റുചില ബി എല്‍ എ വിമതര്‍ പാക് സൈനികര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും ചെയ്തു. പാക് സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ടുവിമതര്‍ കൊല്ലപ്പെടുകയും ചെയ്തു. രണ്ട് സാധാരണക്കാരും മൂന്നു പാക് സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ചാവേറാക്രമണം ഭീരുത്വപരമായ ആക്രമണമാണെന്നും ഭീകരവാദത്തിന് എതിരെ പോരാടാനുള്ള ഇച്ഛാശക്തിയെ തകര്‍ക്കാനാവില്ലെന്നും പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് പ്രതികരിച്ചു.




കഴിഞ്ഞ ചൊവ്വാഴ്ച ബിഎല്‍എ ഒരു യാത്രാ തീവണ്ടി ഹൈജാക്ക് ചെയ്ത് 36 മണിക്കൂറോളം ബന്ദിയാക്കി വച്ചിരുന്നു. ബലൂച്ചിസ്ഥാന്‍ പ്രവിശ്യയിസെ വിദൂര മലയോരത്ത് ട്രാക്കുകള്‍ തകര്‍ത്ത് കൊണ്ടാണ് ജാഫര്‍ എക്‌സ്പ്രസ് വിമതര്‍ ഹൈജാക്ക് ചെയ്തത്.

ബലൂച്ചിസ്ഥാനിലെ ഏറ്റവും കരുത്തരായ വിമത സംഘടനയാണ് ബലൂച്ചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. ഇറാനും, അഫ്ഗാനിസ്ഥാനും അതിരിടുന്ന ബലൂച്ചിസ്ഥാനില്‍ പാക് സുരക്ഷാ സേനയെ ലക്ഷ്യമാക്കിയാണ് വിമതര്‍ ആക്രമണങ്ങള്‍ നടത്താറുള്ളത്. എണ്ണയും ധാതുക്കളും സമ്പന്നമായ മേഖലയുടെ സ്വാതന്ത്ര്യത്തിനായാണ് ബി എല്‍ എ പോരാടുന്നത്. 'ബലൂച് രാജ്യത്തിന്റെ സമ്പത്താണ് മൂല്യമേറിയ പ്രകൃതി വിഭവങ്ങള്‍. പാക് സൈനിക ജനറല്‍മാര്‍ അവരുടെ ആര്‍ഭാടത്തിനായി ഈ വിഭവങ്ങള്‍ കൊള്ളയടിക്കുകയാണ്', സമീപകാല പ്രസ്താവനയില്‍ ബി എല്‍ എ പറഞ്ഞിരുന്നു.

ഏകദേശം അയ്യായിരത്തോളം അംഗങ്ങളാണ് ബി എല്‍ എയ്ക്ക് ഉള്ളത്. സ്ത്രീകളും, ഡോക്ടര്‍മാരും, നിയമ വിദ്യാര്‍ഥികളും അടക്കമുള്ളവര്‍ ഈ സംഘടനയിലെ അംഗങ്ങളാണ്.

Tags:    

Similar News