പാക്കിസ്ഥാനി നടൻ ഫവാദ് ഖാന്റെ സിനിമയ്ക്ക് വിലക്കേർപ്പെടുത്താൻ കേന്ദ്ര നീക്കം; 'അബിര്‍ ഗുലാൽ' റിലീസിന് അനുമതി നൽകിയേക്കില്ല; സിനിമയിലും പഹൽഗാം എഫക്ടോ?; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; രാജ്യത്തിന്റെ ആത്മാവിനെ മുറിവേൽപ്പിച്ചതിന് ഇനി മാപ്പില്ല; എല്ലാത്തിനും ചുട്ട മറുപടി നൽകാൻ രാജ്യം ഒരുങ്ങുമ്പോൾ!
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് ഇപ്പോൾ രാജ്യം. ഇതോടെ പാക്കിസ്ഥാന് വീണ്ടും ഇന്ത്യ ശക്തമായി തിരിച്ചടി നൽകാൻ ഒരുങ്ങുകയാണ്. ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരിന്നു. ഓപ്പറേഷൻ ടിക്ക എന്ന പേരിലാണ് ഓപ്പറേഷൻ നടക്കുന്നത്. ഇപ്പോഴിതാ പാകിസ്ഥാനി നടന്റെ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര നീക്കം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാനി നടൻ ഫവാദ് ഖാന്റെ അബിർ ഗുലാൽ എന്ന സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യാൻ അനുമതി നൽകിയേക്കില്ല. മെയ് 9 ആയിരുന്നു സിനിമയുടെ റിലീസ് തീയതി നിശ്ചയിച്ചിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം റിലീസ് തീയതി നീട്ടുന്നതിനെ കുറിച്ച് അണിയറ പ്രവർത്തകർ ആലോചിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് കശ്മീരിലെ പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. പഹല്‍ഗാമിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരേയാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം. അതിനിടെ, കശ്മീരിലെ ഉധംപൂരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍, ഒരു സൈനികന് വീരമൃത്യു.
ഡുഡു-ബസന്ത്ഗഡ് മേഖലയില്‍ സുരക്ഷാസേനയുടെ തിരച്ചിലിനിടയാണ് ഏറ്റുമുട്ടലുണ്ടായത്. ഹവില്‍ദാര്‍ ജണ്ടു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്. വെടിയേറ്റ് ഗുരുതര പരിക്കേറ്റ ജണ്ടു അലി ഷെയ്ഖിന് ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് സൈന്യം അറിയിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
മൂന്ന് ഭീകരര്‍ വനമേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ഭീകരര്‍ ഈ മേഖലയില്‍ ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം രാവിലെ മുതല്‍ ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. ജമ്മു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈറ്റ് നൈറ്റ് കോര്‍പ്‌സ് അംഗമാണ് ജണ്ടു അലി ഷെയ്ഖ്. തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് ജീവന്‍ ബലി കഴിച്ച സൈനികന്റെ ധീരതയും വീര്യവും എല്ലായ്‌പ്പോഴും സ്മരിക്കപ്പെടുമെന്ന് വൈറ്റ് നൈറ്റ് കോര്‍പ്‌സ് എക്‌സില്‍ പോസ്റ്റ് ചെയ്തു. പഹല്‍ഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ആദ്യം ബാരാമുല്ലയിലെ ഉറിയിലൂടെയാണ് ഭീകരവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. പിന്നാലെ കുല്‍ഗാമിലും ശ്രമമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ് നടന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മേഖലയില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.