പ്രതിപക്ഷ വിദ്യാര്‍ത്ഥി നേതാക്കളെ ക്യാമ്പസിലിട്ട് തല്ലിക്കൊല്ലുന്നു; ന്യൂനപക്ഷ സമുദായക്കാരായതിന്റെ പേരില്‍ രാജിവെപ്പിച്ചത് 50 ഓളം അധ്യാപകരെ; ഒപ്പം വംശീയ സംഘര്‍ഷവും; ഹസീന പോയിട്ടും കലാപമൊഴിയാതെ ബംഗ്ലാദേശ്
പ്രതിപക്ഷ വിദ്യാര്‍ത്ഥി നേതാക്കളെ ക്യാമ്പസിലിട്ട് തല്ലിക്കൊല്ലുന്നു
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെതുടര്‍ന്ന്, ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍ നിലംപതിച്ചതിനെ തുടര്‍ന്നുണ്ടായ കലാപങ്ങള്‍, ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം കഴിഞ്ഞിട്ടും അവസാനിക്കുന്നില്ല. ബംഗ്ലാ ക്യാമ്പസുകളില്‍ അടക്കം ഇപ്പോഴും അക്രമം അരങ്ങേറുകയാണെന്നാണ് റോയിട്ടേഴ്സ അടക്കമുള്ള മാധ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളിലെ നേതാക്കളെ കാമ്പസുകളിലിട്ട് മര്‍ദിക്കുന്നതും, കൊലപ്പെടുത്തുന്നതും പതിവായിരിക്കയാണ്.
ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള 49 അധ്യാപകരെങ്കിലും രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായതായി അക്രമമായ രാജ്യത്തെ ന്യൂനപക്ഷ സംഘടനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശ് ഹിന്ദു- ബുദ്ധ- ക്രിസ്ത്യന്‍ ഒക്യ പരിഷത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ, ബംഗ്ലാദേശ് ഛത്ര ഒക്യ പരിഷത്ത് കഴിഞ്ഞദിവസം ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം എടുത്തുകാണിച്ചതായി ദി ഡെയ്‌ലി സ്റ്റാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ന്യൂനപക്ഷ മതങ്ങളില്‍പെട്ടവരും വംശീയ ന്യുനപക്ഷങ്ങളും ഭീതിയിലാണ്.
അക്രമം ഒഴിയാതെ ക്യാമ്പസുകള്‍
ബംഗ്ലാദേശിലെ സര്‍ക്കാര്‍ സര്‍വീസില്‍ സ്വതന്ത്ര്യ സമര സേനാനികളുടെ ആശ്രിതര്‍ക്കുള്ള സംവരണത്തിന്റെ പേരില്‍ ക്യാമ്പസുകളില്‍ തുടങ്ങിയ സമരമാണ് ഷേഖ്് ഹസീനയുടെ പതനത്തിലേക്ക് നയിച്ച തലത്തില്‍ വളര്‍ന്നത്്. പക്ഷേ ഹസീന സര്‍ക്കാര്‍ വീണിട്ടും കോളജുകളില്‍ അക്രമം തുടരുകയാണ്. അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഛത്ര ലീഗിന്റെ ജഹാംഗീര്‍നഗര്‍ യൂണിവേഴ്‌സിറ്റി യൂണിറ്റിന്റെ മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷമീം അഹമ്മദ് അടക്കം ഒരു ഡസനോളം വിദ്യാര്‍ത്ഥി നേതാക്കള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായത്.
ജഹാംഗീര്‍നഗര്‍ സര്‍വകലാശാലയുടെ ചരിത്ര വിഭാഗത്തിലെ 39-ാം ബാച്ചിലെ മുന്‍ വിദ്യാര്‍ത്ഥി ഷമീം മൊല്ല എന്നറിയപ്പെടുന്ന ഷമീം അഹമ്മദിനെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തല്ലിക്കൊന്നത്. അക്രമാസക്തരായ വിദ്യാര്‍ഥികള്‍ ഇയാളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അതിന് തൊട്ടുമുമ്പത്തെ ദിവസം ധാക്ക സര്‍വകലാശാലയില്‍ മോഷണക്കുറ്റം ആരോപിച്ച് മാനസിക വൈകല്യമുളള ഒരാളെ മര്‍ദ്ദിച്ചു കൊന്നിരുന്നു. ഷെയ്ഖ് ഹസീന ഭരണത്തിന്റെ പതനത്തിനുശേഷം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യവ്യാപകമായി വ്യാപിച്ചക്കയാണ്. കഴിഞ്ഞ ഒന്നരമാസത്തിടെ ഡസന്‍ കണക്കിന് ഇരകള്‍ ആള്‍ക്കൂട്ട ആക്രമണം നേരിട്ടു.
അതിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ വിവിധ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. വര്‍ഗീയവാദികളുടെ ആള്‍ക്കൂട്ട അക്രമത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥികള്‍ പലയിടങ്ങളിലും സംഘടിച്ച് പ്രതിഷേധം നടത്തി.ഷമീം മൊല്ലയുടെ കൊലപാതകത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ആള്‍ക്കൂട്ട നീതി വെച്ചുപൊറുപ്പിക്കില്ലെന്നും സര്‍ക്കാരിന്റെ നിയമ ഉപദേഷ്ടാവ് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണ്.
ഷമീം അഹമ്മദിനെ തല്ലിക്കൊന്ന സംഘത്തിന്റെ നേതാവായിരുന്ന വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ജഹാംഗീര്‍നഗര്‍ സര്‍വകലാശാല (ജെയു) ബ്രാഞ്ച് കോര്‍ഡിനേറ്റര്‍ അഹ്‌സന്‍ ലബീബിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. രാജ്യവ്യാപകമായുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്. പക്ഷേ എന്നിട്ടും അക്രമങ്ങള്‍ അവസാനിക്കുന്നില്ല.
വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കലാപം
അതിനിടെ വംശീയ ന്യുനപക്ഷങ്ങള്‍ക്കെതിരെയും പലയിടത്തും കലാപം തുടങ്ങിതായി റിപ്പോര്‍ട്ടുകളുണ്ട്. ചിറ്റഗോംഗ് റേഞ്ചിലെ ഖഗ്രാചാരിയില്‍ നിന്നുള്ള സംഘര്‍ഷം രംഗമതി എന്നിവടങ്ങളിലാണ് കുക്കി-ചക്മ വിഭാഗക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. കലാപത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എംഡി മാമുന്‍ എന്ന ബംഗാളിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ആക്രമണങ്ങള്‍. ബുധനാഴ്ച ഖഗ്രാചാരിയില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തിലാണ് ഇയാള്‍ മരിച്ചത്. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഉണ്ടായ മാര്‍ച്ച് അക്രമത്തില്‍ കലാശിക്കയായിരുന്നു.
ഈ മാര്‍ച്ചിനെ തുടര്‍ന്ന് ഒരു സംഘം അക്രമികള്‍ വംശീയ ന്യൂനപക്ഷങ്ങളുടെ വീടുകളും കടകളും തീയിട്ടു. ഇതോടെ അവര്‍ സുരക്ഷിത്വം തേടി കുന്നുകളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് വെടിവെപ്പുമുണ്ടായി. ചിറ്റഗോംഗ് റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡിഐജി) അഹ്‌സന്‍ ഹബീബ് പലാഷ് സംഭവം സ്ഥിരീകരിച്ചു.
അതിനിടെ ഖഗ്രാചാരിയില്‍ നിന്നുള്ള സംഘര്‍ഷം രംഗമതി ജില്ലയിലേക്ക് വ്യാപിച്ചു. സംഘര്‍ഷത്തിലും അക്രമത്തിലും ഒരാള്‍ മരിക്കുകയും 50-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . രംഗമതി ജില്ലയില്‍ ബംഗാളികളും വംശീയ ന്യുന പക്ഷങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. അക്രമത്തെ തുടര്‍ന്ന് രംഗമതി ജില്ലാ ഭരണകൂടം 1898-ലെ ക്രിമിനല്‍ നടപടി ചട്ടത്തിന്റെ 144-ാം വകുപ്പ് ചുമത്തിയിട്ടുണ്ട്.സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മലയോര ജില്ലകളില്‍ ശാന്തത പാലിക്കണമെന്നും മുഖ്യ ഉപദേഷ്ടാവ് ഡോ യൂനുസ് അഭ്യര്‍ത്ഥിച്ചു.
ഖഗ്രാചാരിയിലെ വീടുകള്‍ക്ക് നേരെയുണ്ടായ തീവെയ്പ്പിലും വര്‍ഗീയ ആക്രമണത്തിലും പ്രതിഷേധിച്ച് വംശീയ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ ബന്ദര്‍ബന്‍ ടൗണില്‍ പ്രതിഷേധ റാലി നടത്തി.സംഭവത്തെ തുടര്‍ന്ന് മൂന്ന് മലയോര ജില്ലകളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്, സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ചുരക്കിപ്പറഞ്ഞാല്‍ ബംഗ്ലാദേശില്‍ എവിടെയും എപ്പോഴും അക്രമം പൊട്ടിപ്പുറപ്പെടാം എന്ന അവസ്ഥയാണ്.
ജമാഅത്തെ ഇസ്ലാമി മറനീക്കുന്നു
്തീവ്രവാദ ബന്ധത്തെതുടര്‍ന്ന് അവാമി ലീഗ് സര്‍ക്കാര്‍ നിരോധിച്ച, ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം, ഡോ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ നീക്കിയതോടെ അവരും പ്രവര്‍ത്തനം സജീവമാക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെയും വിദ്യാര്‍ത്ഥി സംഘടനയായ ഇസ്ലാമി ഛാത ഷിബിറിന്റെയും നിരോധനം കഴിഞ്ഞ ബുധനാഴ്ചയാണ് പുറപ്പെടുവിച്ചത്.
സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് വിലക്ക് നീക്കിയത്. ജമാഅത്തെ ഇസ്ലാമിക്കോ ഇസ്ലാമി ഛാത്ര ശിബിറിനോ അനുബന്ധ സംഘടനകള്‍ക്കോ നിരോധനത്തിന് കാരണമായി പറഞ്ഞ തീവ്രവാദ ബന്ധം കണ്ടെത്താനായില്ലെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ 15 വര്‍ഷമായി ജമാഅത്തെ ഇസ്ലാമിയെ ബംഗ്ലാദേശില്‍ നിരോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അതിലേക്ക് ഷെയ്ഖ് ഹസീന കടന്നിരുന്നില്ല. എന്നാല്‍ രാജ്യത്ത് സംവരണ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമിയെയും വിദ്യാര്‍ത്ഥി സംഘടനയെയും നിരോധിച്ചതെന്ന് ഇടക്കാല സര്‍ക്കാരിലെ നിയമോപദേഷ്ടാവായ ആസിഫ് നസ്‌റുല്‍ പറഞ്ഞു. ഇതോടെ ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതിന് സംഘടനക്കേര്‍പ്പെടുത്തിയ വിലക്കും നീങ്ങും. 2013-ല്‍ ഹൈക്കോടതി ജമാഅത്തെ ഇസ്ലാമിയുടെ രജിസ്‌ട്രേഷന്‍ അസാധുവായി പ്രഖ്യാപിക്കുകയും 2018 ഡിസംബര്‍ 7ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു.
ഇതിനെതിരെ ജമാഅത്തെ ഇസ്ലാമി നല്‍കിയ അപ്പീല്‍ 2023 നവംബര്‍ 19ന് ബംഗ്ലദേശ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് തള്ളിക്കളഞ്ഞു. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംഘടനക്ക് സാധിച്ചിരുന്നില്ല. നേരത്തെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരക്കാലത്ത് ആയിരിക്കണക്കിന് ആളുകളെ കൊന്നൊടുക്കാന്‍ കൂട്ടുനിന്ന ചരിത്രം ഉള്ളവരാണ് ബംഗ്ലദേശ് ജമാഅത്തെ ഇസ്ലാമിക്കാര്‍. ഇപ്പോള്‍ അവരും പരസ്യമായി രംഗത്ത് എത്തിയതോടെ ബംഗ്ലാദേശിന്റെ പ്രശ്നങ്ങള്‍ കൂടുതല്‍ രുക്ഷമാവും എന്ന് ഉറപ്പാണ്. സാമ്പത്തികമായും ഇപ്പോള്‍ രാജ്യം വലിയ രീതിയില്‍ പിറകോട്ട് അടിച്ചിരിക്കയാണ്.