തിരുവാഭരണ കമ്മിഷണറുടെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശണമെന്നാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ട് പ്രിന്റ് ചെയ്ത മിനിറ്റ്‌സില്‍ ഉണ്ടായിരുന്നത്; ഇതില്‍ പച്ച മഷികൊണ്ട് സ്വര്‍ണം 'കൊണ്ടുപോയി പൂശുന്നതിന്' എന്ന് എഴുതിച്ചേര്‍ത്ത് പത്മകുമാര്‍; സ്വര്‍ണ്ണ കൊള്ളയില്‍ ഒരു തെളിവ് കൂടി; വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും സുരക്ഷിതര്‍
തിരുവനന്തപുരം: ശബരിമലയില്‍ ഉന്നതരിലേക്ക് അന്വേഷണം എത്തുമോ? അതിനിടെ സ്വര്‍ണം നഷ്ടമായതില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌ഐടി) ലഭിച്ചു. കട്ടളപാളിയില്‍ തിരുവാഭരണ കമ്മിഷണറുടെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശണമെന്നാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ട്, പ്രിന്റ് ചെയ്ത മിനിറ്റ്‌സില്‍ ഉണ്ടായിരുന്നത്. ഇതില്‍ പച്ച മഷികൊണ്ട് സ്വര്‍ണം 'കൊണ്ടുപോയി പൂശുന്നതിന്' എന്ന് എഴുതിച്ചേര്‍ത്ത് പത്മകുമാര്‍ ഒപ്പിട്ടതായി എസ്‌ഐടി കണ്ടെത്തി. മിനിറ്റ്‌സിലെ കയ്യക്ഷരം ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കും. പിച്ചളയെന്ന ഉദ്യോഗസ്ഥ നിഗമനം വെട്ടി ചെമ്പാക്കിയതും പത്മകുമാറായിരുന്നു. ഇത് പത്മകുമാര്‍ കോടതിയില്‍ അടക്കം സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് സ്വര്‍ണ്ണം പുറത്തു കൊണ്ടു പോയി പൂശാനുള്ള തീരുമാനവും പത്മകുമാറിന്റേതാണെന്ന് വ്യക്തമാകുന്നത്. ഇതോടെ പത്മകുമാര്‍ കുടുക്കിലാകും.
ദേവസ്വം ബോര്‍ഡിന്റെ രണ്ട് മുന്‍ പ്രസിഡന്റുമാരടക്കം ആറുപേരെ പിടികൂടിയെങ്കിലും, ശബരിമല സ്വര്‍ണക്കൊള്ളയുടെ സൂത്രധാരന്മാരായ വന്‍തോക്കുകള്‍ക്ക് മുന്നില്‍ മുട്ടിടിക്കുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന് എന്ന വാദവും ശക്തമാണ്. സ്വര്‍ണക്കൊള്ളയ്ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെയാണ് കണ്ടെത്തേണ്ടത്.പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും പോറ്റിയുമായി ബന്ധപ്പെട്ട വന്‍തോക്കുകള്‍ പുറത്തുവരാനുണ്ടെന്നും ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഉന്നതരുടെ പദ്ധതികള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു ഇതുവരെ പിടിയിലായ പ്രതികളെന്നാണ് വിലയിരുത്തല്‍.സ്വര്‍ണക്കൊള്ളയ്ക്ക് ആസൂത്രണം നടത്തിയതും പദ്ധതി ഉണ്ടാക്കിയതുമെല്ലാം ഇനിയും വെളിച്ചത്തു വരാനുള്ള ഉന്നതരാണ്. പക്ഷേ അതിലേക്ക് അന്വേഷണം എത്തുന്നില്ല. ഇതിനിടെയാണ് പത്മകുമാറിനെതിരെ പുതിയ തെളിവ് കിട്ടുന്നത്.
പത്മകുമാറിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് ബോര്‍ഡ് അംഗങ്ങളും രക്ഷപ്പെടുമെന്നാണ് സൂചന. ഇവരെ കേസില്‍ പ്രധാന സാക്ഷികളാക്കും. ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ടശേഷം തിരുത്തല്‍ ആവശ്യമാണെങ്കില്‍ അന്തിമ മിനിറ്റ്‌സില്‍ വീണ്ടും പ്രസിഡന്റിനൊപ്പം മറ്റ് അംഗങ്ങളുടെയും ഒപ്പ് വാങ്ങേണ്ടതാണ്. എന്നാല്‍, ഇവിടെ അതുണ്ടായില്ല. അംഗങ്ങള്‍ അറിയാതെ പത്മകുമാര്‍ നേരിട്ട് ഇടപെട്ട് സ്വര്‍ണം പുറത്തെത്തിക്കാന്‍ നീക്കം നടത്തുകയായിരുന്നു എന്നതിന് തെളിവാണ് ഇത്. അതുകൊണ്ടാണ് അംഗങ്ങളെ അറസ്റ്റു ചെയ്യാത്തത്. സ്വര്‍ണം പുറത്തുകൊണ്ടുപോയി പൂശണമെന്ന പരാമര്‍ശം തങ്ങള്‍ ഒപ്പിട്ട മിനിറ്റ്‌സില്‍ ഉണ്ടായിരുന്നില്ലെന്ന് ബോര്‍ഡ് അംഗങ്ങളായിരുന്ന കെ.പി.ശങ്കരദാസും പി.വിജയകുമാറും ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. പത്മകുമാറിന്റെ തിരുത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്തുകൊണ്ടുപോകാനുള്ള തീരുമാനമറിയിച്ച് ബോര്‍ഡ് സെക്രട്ടറി അന്തിമ ഉത്തരവിറക്കിയത്.
ദ്വാരപാലകശില്‍പവുമായി ബന്ധപ്പെട്ട കേസിലും പത്മകുമാര്‍ സമാന ഇടപെടല്‍ നടത്തിയെന്ന് മൊഴിയുണ്ട്. പുറത്തു കൊണ്ടുപോയി സ്വര്‍ണം പൂശണമെന്ന് എഴുതാന്‍ പത്മകുമാര്‍ നിര്‍ദേശിച്ചെന്നും പ്രസിഡന്റ് ആവര്‍ത്തിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് മിനിറ്റ്‌സില്‍ ഇല്ലാത്ത കാര്യം കൂടി ചേര്‍ത്ത് ഉത്തരവിറക്കിയതെന്നും ബോര്‍ഡ് സെക്രട്ടറിയായിരുന്ന ജയശ്രീ മൊഴി നല്‍കിയിട്ടുണ്ട്. ഗൂഡാലോചനയില്‍ രാഷ്ട്രീയ ഉന്നതരുമുണ്ടെന്നും ആരോപണമുണ്ട്. മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെ പിടികൂടിയിട്ട് 16 ദിവസമായി. ദ്വാരപാലക ശില്പപാളിക്കേസില്‍ കൂടി പത്മകുമാറിനെ പ്രതിചേര്‍ത്തതല്ലാതെ കാര്യമായ ടപടികളൊന്നുമില്ല.
സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടില്‍ നടന്നെന്നും പോറ്റിയുമായി സാമ്പത്തിക, ഭൂമിയിടപാട് നടന്നെന്നും എസ്.ഐ.ടി പറഞ്ഞെങ്കിലും ആ വഴിക്ക് വിശദമായ അന്വേഷണമുണ്ടായിട്ടില്ല. സ്വര്‍ണം പൊതിഞ്ഞതാണെന്ന് എക്‌സിക്യുട്ടീവ് ഓഫീസറുടെ കത്തിലുണ്ടായിരുന്നിട്ടും അത് തിരുത്തി ചെമ്പുപാളികള്‍ എന്നാക്കിയത് ആരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്നും കണ്ടെത്തേണ്ടതുണ്ട്. മന്ത്രിയ്ക്ക് നല്‍കിയ ശുപാര്‍ശയാണ് താന്‍ പരിഗണിച്ചതെന്ന സൂചന പത്മകുമാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
