ഇതുവരെ ഒറ്റ മമ്മൂട്ടി ചിത്രവും നൂറുകോടി ക്ലബില്‍ ഇടംപിടിച്ചിട്ടില്ല; മലയാളത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ആദ്യ പത്തിലും ഇക്കായും കുഞ്ഞിക്കയുമില്ല; 'ബസുക്ക' മമ്മൂട്ടിയുടെ ആദ്യ നൂറുകോടി ചിത്രമാവുമോ? ആവേശത്തോടെ ആരാധകര്‍
മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ കളക്ഷന്റെ കാര്യത്തില്‍ ചരിത്ര നേട്ടത്തില്‍ എത്തിയ സമയമാണിത്. മലയാള സിനിമയില്‍ തീയറ്ററില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക നേടിയിരിക്കുകയാണ് എമ്പുരാന്‍. ചിത്രം പത്തുദിവസംകൊണ്ട് 250 കോടിയാണ് നേടിയത്. ഇപ്പോഴും തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇനി 300 കോടിക്ക് മുകളില്‍ ഗ്രോസ് നേടിയേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മലയാളത്തില്‍ ആദ്യമായി നൂറുകോടിരൂപ ഷെയര്‍ നേടുന്ന ചിത്രവും എമ്പുരാന്‍ ആവുമെന്നും വിലയിരുത്തലുണ്ട്.
ഈ സമയത്തും സോഷ്യല്‍ മീഡിയയില്‍, മമ്മൂട്ടി-ലാല്‍ ഫാന്‍ഫൈറ്റ് സജീവമാണ്. ഈ മാസം 10-ന് റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്കയെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നുണ്ട്. ഒരു മമ്മൂട്ടി ചിത്രംപോലും നൂറുകോടി ക്ലബില്‍ എത്തിയിട്ടില്ല എന്നതാണ് വാസ്തവം. മധുരരാജ, മാമാങ്കം, ഭീഷ്മ പര്‍വം, കണ്ണുര്‍ സ്‌ക്വാഡ്, ടര്‍ബോ തുടങ്ങിയ ചിത്രങ്ങളൊക്കെ നുറുകോടി ക്ലബില്‍ എത്തിയെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും ഇതൊന്നും വാസ്തവമായിരുന്നില്ല. മധുരരാജ, കണ്ണുര്‍ സ്‌ക്വാഡ്, ഭീഷ്മപര്‍വം, ടര്‍ബോ, തുടങ്ങിയവയെല്ലാം 50 കോടി ഗ്രോസ് കടന്നിട്ടുണ്ട്.
ആദ്യ പത്തില്‍ ഒറ്റ മമ്മൂട്ടി ചിത്രമില്ല
മലയാളത്തിലെ ടോപ് ടെന്‍ കളക്ഷന്‍ നേടിയ പടങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതിലെ ആദ്യപത്തില്‍ മൂന്ന് മോഹന്‍ലാല്‍ ചിത്രങ്ങുണ്ട്. എമ്പുരാന്‍, പുലിമുരുകന്‍, ലൂസിഫര്‍ എന്നിവയാണ് അവ. എന്നാല്‍ മമ്മൂട്ടിയുടെ ഒറ്റ ചിത്രം പോലും ഈ പട്ടികയില്ല. ഉണ്ണി മുകന്ദന്റെ മാര്‍ക്കോയും, ടൊവീനോയുടെ എ ആര്‍ എമ്മും വരെ ആദ്യ പത്തിലുണ്ട്. എന്നാല്‍ മമ്മൂട്ടിയും ദൂല്‍ഖറും ഈ ലിസ്റ്റിലില്ല.
ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച, മലയാളത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ആദ്യ പത്തുചിത്രങ്ങള്‍ ഇവയാണ്
1. എമ്പുരാന്‍ - 250 കോടി
2. മഞ്ഞുമ്മല്‍ ബോയ്സ് - 242 കോടി
3. 2018- 177 കോടി
4. ആടുജീവിതം - 158.50 കോടി
5. ആവേശം - 156 കോടി
6. പുലിമുരുകന്‍ - 137.50152 കോടി
7. പ്രേമലു - 136.25 കോടി
8. ലൂസിഫര്‍ - 125-127 കോടി
9. മാര്‍ക്കോ - 115 കോടി
10. എആര്‍എം - 106.75 കോടി
ബസൂക്കക്കായി കാത്തിരിപ്പ്
മെസ്സിക്ക് ഒരു ലോകകപ്പ് എന്ന ആരാധകര്‍ കാത്തിരുന്നപോലെ, ഇക്കാക്ക് ഒരു നൂറുകോടി എന്ന രീതിയില്‍ ഫാന്‍സ് കാത്തിരിക്കയാണ്. അതുകൊണ്ടുതന്നെ എപ്രില്‍ 10-ന് വിഷു റിലീസായി എത്തുന്ന ബസൂക്ക എന്ന ചിത്രത്തിനായാണ് ആരാധകരുടെ കാത്തിരിപ്പ്. സ്റ്റൈലിഷ് ഗെറ്റപ്പില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ഡീനോ ഡെന്നീസ് ആണ്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് താരങ്ങള്‍.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ബസൂക്കയുടെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചത്. പ്രധാന സെന്ററുകളിലൊക്കെ ആദ്യ മണിക്കൂറുകളില്‍ത്തന്നെ ചിത്രത്തിന് ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ലഭിച്ചു. ട്രാക്കര്‍മാരായ ഫോറം കേരളത്തിന്റെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 26.50 ലക്ഷം രൂപയാണ്. 460 ഷോകള്‍ ട്രാക്ക് ചെയ്തതില്‍ നിന്നുള്ള കണക്കാണ് ഇത്. ഇത്രയും ഷോകളില്‍ നിന്ന് വിറ്റ ടിക്കറ്റുകളുടെ എണ്ണം 16,742 ആണ്. വൈകിട്ട് 6.30 വരെയുള്ള ബുക്കിംഗ് കണക്കുകളാണ് ഇത്.
അതേസമയം റിലീസിന് രണ്ട് ദിവസം കൂടി ശേഷിക്കുന്നതിനാല്‍ അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രം ഇനിയുമേറെ മുന്നോട്ടുപോകാന്‍ സാധ്യതയുണ്ട്. വിഷുവും അവധിക്കാലവുമൊക്കെ ചേര്‍ന്ന സീസണ്‍ മലയാള സിനിമയുടെ പ്രധാന സീസണുകളില്‍ ഒന്നാണ്. പക്ഷേ എമ്പുരാന്റെ പ്രീ ബുക്കിങ്ങിന്റെ അടുത്ത് എത്താന്‍ ബസൂക്കക്ക് കഴിഞ്ഞിട്ടില്ല എന്നതും വാസ്തവമാണ്. പക്ഷേ ഇനിയുള്ള ദിവസങ്ങളില്‍ ചിത്രം കയറിവരുമെന്നാണ് പ്രതീക്ഷ.