ട്രംപിനെതിരെ എഡിറ്റ് ചെയ്ത വ്യാജ വീഡിയോ സംപ്രേക്ഷണം ചെയ്തു; ഗാസ യുദ്ധത്തില്‍ ബോധപൂര്‍വം ഇസ്രായേല്‍ വിരുദ്ധ നിലപാട്; നാട്ടുകാരുടെ നികുതി പണം ഉപയോഗിച്ച് ലെഫ്റ്റ് ലിബറല്‍ നിലപാട് എടുത്ത ബിബിസിയില്‍ വന്‍കലാപം; ഡയറക്ടര്‍ ജനറല്‍ രാജിവച്ചു

ട്രംപിനെതിരെ എഡിറ്റ് ചെയ്ത വ്യാജ വീഡിയോ സംപ്രേക്ഷണം ചെയ്തു

Update: 2025-11-10 00:40 GMT

ലണ്ടന്‍: ഒരാഴ്ചയോളം നീണ്ട പ്രതിസന്ധിയ്ക്കൊടുവില്‍ ബി ബി സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി രാജിവെച്ചു. പക്ഷപാതം കാണിക്കല്‍, സെന്‍സര്‍ഷിപ്പ്, ഡൊണാള്‍ഡ് ട്രംപിന്റെ വ്യാജ വീഡിയോ തുടങ്ങിയ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഒരു ആഭ്യന്തര റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായതിനെ തുടര്‍ന്ന് നാഷണല്‍ ബ്രോഡ്കാസ്റ്ററില്‍ പ്രതിസന്ധി ഉറഞ്ഞുകൂടുകയായിരുന്നു. തെറ്റുപറ്റിയെന്ന് സമ്മതിച്ച ഡേവി താന്‍ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി അറിയിച്ചു. ബി ബി സി ന്യൂസ് ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടേണസ്സും രാജിവെച്ചിട്ടുണ്ട്. ഒരു പനോരമ ഡോക്യുമെന്ററിയില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ, എഡിറ്റ് ചെയ്ത വീഡിയോ കൂട്ടിച്ചേര്‍ത്തത് ബി ബി സിയുടെ പേരിന് കളങ്കം ചാര്‍ത്തിയതായി അവര്‍ സമ്മതിച്ചു.

തന്റെ ജനുവരി 6 ലെ വളരെ നല്ല ഒരു പ്രസംഗത്തിന്റെ ദൃശ്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയ, ടിം ഡേവീ ഉള്‍പ്പടെയുള്ള ബി ബി സിയുടെ മേലധികാരികളെല്ലാം രാജി വെച്ച് ഒഴിയുന്നതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബി ബി സി നല്‍കിയത് നൂറ് ശതമാനം വ്യാജ വാര്‍ത്തയായിരുന്നു എന്ന് കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ലീവിറ്റ് ആരോപിച്ചിരുന്നു. ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അവര്‍ ബി ബി സിയുടെ പ്രഖ്യാപനത്തിനോടൊപ്പം ചേര്‍ത്ത് വീണ്ടും പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

രണ്ട് എക്സിക്യൂട്ടീവുകളും രാജി വയ്ക്കുകയായിരുന്നു എന്നും, പിരിച്ചു വിടുകയായിരുന്നില്ല എന്നും വ്യക്തമാക്കിയ ബി ബി സി ചെയര്‍മാന്‍ സമീര്‍ ഷാ, വളരെ സങ്കടകരമായ ഒരു ദിവസം എന്നാണ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. എന്നാല്‍, തന്നെ താഴെയിറക്കാനായി റിപ്പോര്‍ട്ടില്‍ കടന്നു പിടിച്ച രാഷ്ട്രീയ നേതാക്കളോട് ഡേവിക്ക് ഏറെ കോപമുണ്ടെന്നാണ് ബി ബി സിയുടെ അകത്തെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തികച്ചും ഞെട്ടിക്കുന്ന വസ്തുത എന്ന് അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് കഴിഞ്ഞ ബുധനാഴ്ച പ്രതികരിച്ച കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബെയ്ഡ്‌നോക്ക്, ഇതിന് കാരണക്കാരായവരെ പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഡേവി നിശബ്ദത വെടിഞ്ഞ്, ട്രംപിന്റെ വീഡിയോയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും അതല്ലെങ്കില്‍ രാജി വയ്ക്കണമെന്നും, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ മെയില്‍ കോളത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇത് പിന്നീട് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഡേവി ഇരട്ടത്താപ്പ് സ്വീകരിച്ചതായി റിഫോം യു കെ നേതാവ് നെയ്ജല്‍ ഫരാജും ആരോപിച്ചിരുന്നു. അതേസമയം, ബി ബി സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് രണ്ട് ടി വി അവതാരകര്‍ ആരോപിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഈ ആരോപണങ്ങളെ വിഢിത്തവും പരുക്കനും എന്ന് പറഞ്ഞ് ഉടനടി ബോറിസ് ജോണ്‍സണ്‍ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ഏതായാലും ടിം ഡേവിയും ഡെബോറ ടേണസ്സും അവസാനം ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചതില്‍ സന്തോഷമുണ്ടെന്നാണ് ഇന്നലെ ബെയ്ഡ്‌നോക്ക് പ്രതികരിച്ചത്. അതേസമയം, കേവലം രണ്ടുപേരുടെ രാജിയില്‍ ഒതുങ്ങുന്നതല്ല വ്യവസ്ഥാപിത പക്ഷപാതം എന്നും സ്ഥാപനത്തില്‍ അടിമുടി മാറ്റം വരേണ്ടതുണ്ട് എന്നും ഒരു വിമര്‍ശനം ഉയരുന്നുണ്ട്. ബി ബി സിയിലെ സംസ്‌കാരം ഇനിയും മാറിയിട്ടില്ലെന്നും, ബി ബി സി അറബിക്കിനെ നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതുണ്ട് എന്നും അഭിപ്രായമുയരുന്നുണ്ട്.

Tags:    

Similar News