ആലപ്പുഴയില്‍ അപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചിയില്‍ നാലരലക്ഷം രൂപ! നോട്ടുകള്‍ അടുക്കി അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലാക്കി സെല്ലോടാപ്പ് ഒട്ടിച്ച നിലയില്‍; ബന്ധുക്കളാരും എത്താത്തതിനാല്‍ കണ്ടുകിട്ടിയ പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് പോലീസ്
ആലപ്പുഴയില്‍ അപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചിയില്‍ നാലരലക്ഷം രൂപ!
ചാരുംമൂട്: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്‍ ലക്ഷപ്രഭു. യാചകന്റെ സഞ്ചികളില്‍നിന്ന് ലഭിച്ചത് 4,52,207 രൂപയാണ്. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാള്‍ തിങ്കളാഴ്ച സന്ധ്യയോടെയാണ് അപകടത്തില്‍പ്പെട്ടത്.
സ്‌കൂട്ടര്‍ ഇടിച്ച് താഴെ വീണ ഇയാളെ നാട്ടുകാര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് പരിക്കുള്ളതിനാല്‍ വിദഗ്ധചികിത്സ നല്‍കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും ഇയാള്‍ രാത്രിയോടെ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയി. അനില്‍ കിഷോര്‍ തൈപറമ്പില്‍ കായംകുളം എന്നാണ് ഇയാള്‍ ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിലാസം. ചൊവ്വ രാവിലെയാണ് ടൗണിലെ കടത്തിണ്ണയില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്.
പഞ്ചായത്തംഗം അറിയിച്ചതിനെത്തുടര്‍ന്ന് നൂറനാട് പൊലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ സഞ്ചികള്‍ സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോളാണ് നോട്ടുകള്‍ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകള്‍, പഴ്‌സുകള്‍ എന്നിവ കാണുന്നത്. 2000ത്തിന്റെ 12 നോട്ടും സൗദിറിയാലും സഞ്ചിയിലുണ്ടായിരുന്നു.
നോട്ടുകള്‍ അടുക്കി അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലാക്കി സെല്ലോടാപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ഇയാളുടെ ബന്ധുക്കളാരും എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് എസ്എച്ച്ഒ എസ് ശ്രീകുമാര്‍ പറഞ്ഞു.