23 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രം ഓണ്‍ലൈനില്‍ മദ്യം നല്‍കാന്‍ ശുപാര്‍ശ; തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും; ഒരു തവണ മൂന്നു ലീറ്റര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാം; കരിഞ്ചന്തയില്‍ ഒഴിവാക്കാന്‍ പരിധി; തുള്ളിച്ചാടി 'സിഗ്ഗി'യും; ബെവ്‌കോയുടെ 'ആപ്പിലൂടെ മദ്യം' എന്ന ശുപാര്‍ശ സര്‍ക്കാര്‍ തള്ളും; തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വിവാദം ഒഴിവാക്കും
തിരുവനന്തപുരം: ആപ്പിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ബിവറേജസ് കോര്‍പറേഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളും. തല്‍കാലം ഇതിന് അനുമതി നല്‍കില്ല. ക്രൈസ്തവ സഭകള്‍ അടക്കം ഇതിനെ എതിര്‍ക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് നീക്കം.
ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്ക് മൊബൈല്‍ ആപ്പ് നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ബെവ്‌കോ. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്‍പര്യം അറിയിച്ചു. 3 വര്‍ഷമായി ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിനു ശുപാര്‍ശ നല്‍കുന്നുണ്ടെന്നും, അനുകൂല തീരുമാനം ഉണ്ടായാല്‍ വാതില്‍പ്പടി മദ്യവിതരണം ആരംഭിക്കുമെന്നും ബവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. എന്നാല്‍ ഇത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്ന് ഇടതു സര്‍ക്കാരിന് അറിയാം. ബാറുകള്‍ അനുവദിക്കുന്നതിനെ പോലും ക്രൈസ്തവ സഭകള്‍ എതിര്‍ക്കാറുണ്ട്. ഈ സാഹചര്യത്തില്‍ തല്‍കാലം തിരുമാനം നടപ്പാക്കില്ല. എന്നാല്‍ ഭരണ തുടര്‍ച്ച കിട്ടിയാല്‍ അപ്പോള്‍ പരിഗണിക്കുകയും ചെയ്യും.
മദ്യം ഓണ്‍ലൈനായി വിതരണം ചെയ്യുന്നതിനുള്ള ആപ്പ് വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് എംഡി പറഞ്ഞു. 23 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രം മദ്യം നല്‍കാനാണ് ശുപാര്‍ശ. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നോക്കി ഇക്കാര്യം ഉറപ്പാക്കും. ഒരു തവണ മൂന്നു ലീറ്റര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാം. മദ്യം ഓര്‍ഡര്‍ ചെയ്തു കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ഒഴിവാക്കാന്‍ മദ്യം വാങ്ങുന്നതിനു പരിധി നിശ്ചയിക്കുമെന്നും എംഡി പറഞ്ഞു. കൂടുതല്‍ വിതരണ കമ്പനികള്‍ രംഗത്തെത്തിയാല്‍ ടെന്‍ഡര്‍ വിളിക്കും. മദ്യ വിതരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം വിതരണ കമ്പനിക്കായിരിക്കും.
കോവിഡ് കാലത്ത് മദ്യം ഓണ്‍ലൈനിലൂടെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തിരക്ക് ഒഴിവാക്കാന്‍ ആപ്പിലൂടെയായിരുന്നു ബുക്കിങ്. ഇതിനുശേഷം വാതില്‍പ്പടി മദ്യവിതരണം ആലോചിച്ചെങ്കിലും ക്രൈസ്തവ സഭകള്‍ അടക്കം എതിര്‍പ്പ് ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അന്നും അത് നടപ്പാക്കിയില്ല. കുട്ടികള്‍ക്കിടയില്‍ അടക്കം മദ്യം വ്യാപകമാക്കുന്നതാകും ഓണ്‍ലൈന്‍ വില്‍പ്പന എന്ന നിലപാട് സഭകള്‍ക്കുണ്ട്. തൃശ്ശൂരിലാണ് സംസ്ഥാനത്തെ ആദ്യ സൂപ്പര്‍ പ്രീമിയം ബീവറേജ്സ് ഔട്ട്ലൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. 'ഹൈ സ്പിരിറ്റ്സ് എ ബെവ്കോ ബുട്ടീക്ക്' എന്ന പേരിലാണ് ഔട്ട്ലെറ്റ്. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ ചര്‍ച്ചകളിലേക്കും കടക്കുന്നത്.
കസ്റ്റമേഴ്സിന് മികച്ച എക്സ്പീരിയന്‍സ് കൊടുക്കുക എന്ന ലക്ഷ്യത്തിലാണ് ബെവ്കോയുടെ 'ഹൈ സ്പിരിറ്റ്സ് എ ബെവ്കോ ബുട്ടീക്ക്' എന്ന ഉദ്യമം. ഇവിടെ വരുന്ന ആരും മദ്യം ക്യൂനിന്ന് വാങ്ങേണ്ടി വരില്ല. മുകളിലേക്ക് കയറാന്‍ ലിഫ്റ്റുണ്ട്. മദ്യം വാങ്ങാന്‍ വരുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടുമോയെന്ന ടെന്‍ഷനും വേണ്ട. പാര്‍ക്കിങ്ങിനും സൗകര്യവുമുണ്ട്. പ്രീമിയം ഔട്ട്ലെറ്റുകളില്‍ സ്ഥിരമായി കേള്‍ക്കാറുള്ള മദ്യക്കുപ്പി മോഷണവും ഇവിടെ നടക്കില്ല. ആര്‍എഫ് ഐഡി ടാഗുള്ള കുപ്പികളാണ് എല്ലാ റാക്കുകളിലുമുള്ളത്. ആരെങ്കിലും ബാഗിനകത്തോ മറ്റോ ആക്കി കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ അലാം മുഴങ്ങും. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതുപോലെ ഒരു സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റ് എങ്കിലും ആരംഭിക്കാനാണ് ബെവ്കോയുടെ പദ്ധതി. വൈകാതെ കൊച്ചിയിലും കോഴിക്കോടും ഇടുക്കിയിലും സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകള്‍ ഓപ്പണ്‍ ചെയ്യും.