'ജനങ്ങള്‍ മുഴുവന്‍ നിനക്ക് വേണ്ടി ആര്‍പ്പു വിളിക്കണം, എല്ലാവരുടെയും കണ്ണുകളില്‍ നീ മിന്നി മിന്നി തെളിയണം'; അതാണ് കാത്തിരുന്ന കംബാക്ക് മൊമന്റ്; അനുകൂല വിധിക്ക് പിന്നാലെ ദിലീപിനെ പ്രകീര്‍ത്തിക്കുന്ന പഞ്ച് ഡയലോഗുകൾ; 'ഭഭബ' ജനപ്രിയ നായകൻറെ തിരിച്ചുവരവാകുമെന്ന് ആരാധകർ; ട്രെയ്‌ലർ ആർക്കുള്ള മറുപടി?
കൊച്ചി: ദിലീപ് നായകനായെത്തുന്ന 'ഭഭബ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. വൻ സ്വീകാര്യതയാണ് ഇതിനോടകം ട്രെയിലിന് ലഭിച്ചിരിക്കന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്നതിന് പിന്നാലെ തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ വിജയ പ്രതീക്ഷ വളരെ വലുതാണ്. ദിലീപിന്റെ ഇമേജ് ഒന്നടങ്കം മാറ്റിമറിക്കാന്‍ ഭഭബയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. വന്‍ താരനിര അണിനിരക്കുന്ന മാസ് കോമഡി എന്റര്‍ടെയ്‌നറാണ് ഭഭബ. ട്രെയിലറിലെ പല ഡയലോഗുകളും കേസുമായി സാമ്യമുണ്ടെന്ന തരത്തിലാണ്.
ഇപ്പോള്‍ ഈ നാട്ടിലെ മുക്കിലും മൂലയിലും എന്റെ മുഖചിത്രമാണെന്ന ദിലീപിന്റെ ഡയലോഗോട് കൂടിയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ദിലീപിനെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള ഡയലോഗുകളും ഉണ്ട്. ജനങ്ങള്‍ മുഴുവന്‍ നിനക്ക് വേണ്ടി ആര്‍പ്പു വിളിക്കണം. എല്ലാവരുടെയും കണ്ണുകളില്‍ നീ മിന്നി മിന്നി തെളിയണം. അതാണ് ഞാന്‍ കാത്തിരുന്ന കംബാക്ക് മൊമെന്റ്, ഇത് ഞാന്‍ കലക്കും തുടങ്ങിയവയാണ് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്ന ഡയലോഗുകൾ. ട്രെയിലർ പുറത്തിറങ്ങി ഒരു മണിക്കൂർ തികയും മുൻപ് ഒരു ലക്ഷത്തിനടുത്ത് കാഴ്ചക്കാർ വീഡിയോ കണ്ടു കഴിഞ്ഞു.
കോമഡിയ്‌ക്കൊപ്പം തന്നെ ഇതൊരു ത്രില്ലര്‍ മൂവിയായിരിക്കുമെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കാമിയോ റോളില്‍ മോഹന്‍ലാല്‍ എത്തുന്നു. ദിലീപിന് പുറമെ, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരും ഭഭബയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീപിനൊപ്പമാണ് മോഹന്‍ലാല്‍ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നത്. വേള്‍ഡ് ഓഫ് മാഡ്‌നെസ് എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിക്കുന്നത്.
ഭയം ഭക്തി ബഹുമാനം എന്നതിന്റെ ചുരുക്ക രൂപമായാണ് ഭഭബ എന്ന പേര് കൊടുത്തിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി സുരേഷ് കുമാര്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിംഗ്‌സിലി, ഷമീര്‍ ഖാന്‍, ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവരും ഭഭബയില്‍ വേഷമിടുന്നുണ്ട്. ഡിസംബര്‍ 18നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഛായാഗ്രഹണം അര്‍മോ, സംഗീതം ഷാന്‍ റഹ്‍മാന്‍, പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, അഡീഷണല്‍ സ്ക്രീന്‍പ്ലേ, ഡയലോഗ്സ് ധനഞ്ജയ് ശങ്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് എം താനൂര്‍, ആക്ഷന്‍ കലൈ കിംഗ്സണ്‍, സുപ്രീം സുന്ദര്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, വെങ്കിട് സുനില്‍ (ദിലീപ്), മേക്കപ്പ് റോണക്സ് സേവ്യര്‍, കൊറിയോഗ്രഫി സാന്‍ഡി.
തമിഴ് സൂപ്പര്‍താരം വിജയ്‍യുടെ റെഫറന്‍സും ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. ദിലീപിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നേരത്തെ പുറത്തെത്തിയ ഒരു പോസ്റ്ററില്‍ ഒരു ജീപ്പ് ഉണ്ടായിരുന്നു. ടിഎന്‍ 59- 100 എന്നായിരുന്നു അതിന്‍റെ നമ്പര്‍. ഇതേ നമ്പറില്‍ സമാന വാഹനം വിജയ് ഒരു ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ധരണിയുടെ സംവിധാനത്തില്‍ വിജയ് നായകനായി 2004 ല്‍ പുറത്തെത്തിയ ഗില്ലി എന്ന ചിത്രത്തിലാണ് ഈ നമ്പരുള്ള വാഹനം ഉള്ളത്. വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ ഈ വാഹനത്തിന്‍റേത് മാത്രമായ ഒരു പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.
