മറുനാടന്‍ ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ മാത്യൂസ് കൊല്ലപ്പള്ളിക്ക് എതിരായ അപവാദ പ്രചാരണമോ? 'ഹലോ ഗയ്സ് നമുക്ക് ഇന്നലെ തെറ്റിട്ടോ,' എന്ന് പുതിയ കണ്ടുപിടുത്തവുമായി ബിനീഷ് കോടിയേരി; ഇനിയും അടിക്കും എന്ന കൊല്ലപ്പള്ളിയുടെ പോസ്റ്റും ഷെയര്‍ ചെയ്തു; ഏറ്റുപിടിച്ച് സൈബര്‍ സഖാക്കള്‍; നുണ ലോകം ചുറ്റുന്ന കഥ ഇങ്ങനെ

പുതിയ കണ്ടുപിടുത്തവുമായി ബിനീഷ് കോടിയേരി

Update: 2025-08-31 12:27 GMT

തിരുവനന്തപുരം: 'യുട്യൂബര്‍ ഷാജന്‍ സ്‌കറിയ! അതെന്താ അങ്ങനെ? അയാള്‍ മാധ്യമപ്രവര്‍ത്തകനല്ലേ? സാറ്റലൈറ്റ് ചാനലുകാര്‍ മാത്രമാണോ 'മാപ്ര' എന്ന പേരിന് അര്‍ഹര്‍? അങ്ങനെയാണെങ്കില്‍ എന്തിനാണ് സാറ്റലൈറ്റുകാര്‍ യുട്യൂബില്‍ സ്ട്രീമിംഗ് നടത്തുന്നത്?

ഇതിനെയാണ് അയിത്തം എന്ന് പറയുന്നത്! ഷാജനെ മാധ്യമപ്രവര്‍ത്തകന്‍ എന്ന് വിളിക്കാന്‍ സാറ്റലൈറ്റുകാര്‍ ഭയപ്പെടുന്നതെന്തിന്?'-മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് മനയില്‍ ഷാജന്‍ സ്‌കറിയയ്ക്ക് നേരേ വധശ്രമം ഉണ്ടായപ്പോള്‍ ഇട്ട പോസ്റ്റാണിത്. യൂട്യൂബര്‍മാരെ ചെറുതാക്കി കാണിക്കാനുള്ള ചിലരുടെ ഉത്സാഹം അവിടെ നില്‍ക്കട്ടെ. സത്യം വിളിച്ചുപറയുന്നവരെ അംഗീകരിക്കാന്‍ എന്താണ് ഇത്രയും മടി? എതിരായി വാര്‍ത്ത കൊടുത്താല്‍, അപവാദ പ്രചാരണമെന്ന ചാപ്പ കുത്തി ഇന്നോവയും, ഥാറുമായി ഇറങ്ങുകയായി. തനിക്കെതിരെ വാര്‍ത്ത കൊടുത്തവന്‍, ഏതെങ്കിലും കല്യാണം കൂടാന്‍ പോകുന്നുണ്ടോ എന്ന് അന്വേഷണമായി. ക്വട്ടേഷന് ആളെ ഏര്‍പ്പാടാക്കുകയായി. സൈബര്‍ സഖാക്കളെ സജ്ജമാക്കി നിര്‍ത്തുകയായി. കാരണം ആക്രമണം കഴിഞ്ഞാലുടന്‍ കപടമായ ഒരു ഞെട്ടല്‍ രേഖപ്പെടുത്തും. എന്നിട്ട് ട്രോളുന്ന മട്ടില്‍ ഒരു സ്‌മൈലി ഇടും. ആക്രമണ പിറ്റേന്ന് മറ്റൊരു ക്യാപ്‌സൂള്‍ തൊടുത്തുവിടും. നമ്മള്‍ വിചാരിച്ച പോലൊന്നുമല്ല, അയാള്‍ മരണം അല്ലെങ്കില്‍ അടി അര്‍ഹിക്കുന്നു. കാരണം അയാള്‍ അപവാദ പ്രചാരണം നടത്തി. ഷാജന്‍ സ്്കറിയയ്ക്ക് നേരേയുണ്ടായ വധശ്രമത്തെ നിസ്സാരവല്‍കരിച്ച് പോസ്റ്റിട്ട് സൈബര്‍ സഖാക്കള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നത് മറ്റാരുമല്ല, സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന്റെ മകനും സിപിഎം നേതാവും, നടനുമായ ബിനീഷ് കോടിയേരി തന്നെ.

മാധ്യമപ്രവര്‍ത്തകരെ ഇങ്ങനെ ആക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല, റിപ്പോര്‍ട്ട് ടിവിക്ക് നേരെ നടന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണോ മറുനാടന്‍ മലയാളിയുടെ ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണം?

ഷാജര്‍ സ്‌കറിയയ്ക്ക് അടി കിട്ടാനുണ്ടായ കാരണമെന്താണ്?,-സ്‌മൈലിക്കൊപ്പം ബിനീഷ് ഇന്നലെയിട്ട പോസ്റ്റാണിത്:

Full View

ഇന്ന് വലിയെ കണ്ടുപിടുത്തം പോലെ ഷാജന്‍ സ്‌ക്‌റിയയ്ക്ക് അടി കിട്ടിയത് കുഴപ്പമില്ല, ന്യായമായ കാര്യത്തിനാണ് എന്ന് സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റിട്ടിരിക്കുന്നത്. അതായത് തൊടുപുഴയില്‍ ഉള്ള ഒരാളുടെ ഭാര്യ മരണപ്പെട്ടതിനെ തുടര്‍ന്ന് അയാള്‍ക്കെതിരെ അപവാദപ്രചരണവും വ്യാജവാര്‍ത്തയും കൊടുത്തതിന്റെ പ്രതികരണം എന്ന നിലയിലാണ് ഷാജന്‍ സ്‌കറിയയെ അയാള്‍ ആക്രമിച്ചത് എന്നാണ് കൊല്ലപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് എന്നാണ് ബിനീഷിന്റെ ന്യായവാദം. വധശ്രമം നടത്തി ഒളിവില്‍ പോയ ഒരാളുടെ ഫേസ്ബുക്ക് കുറിപ്പിനെയാണ് പിണറായി വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബിനീഷ് 'വല്ലാതെയങ്ങ്' ആശ്രയിക്കുന്നത്. ബിനീഷിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം:


ഹലോ ഗയ്സ് നമുക്ക് ഇന്നലെ തെറ്റിട്ടോ, മറുനാടന്‍ ഷാജന്‍ സ്‌കറിയക്ക് അടി കിട്ടിയതിന്റെ കാരണം അതൊന്നുമല്ല, തൊടുപുഴയില്‍ ഉള്ള ഒരാളുടെ ഭാര്യ മരണപ്പെട്ടതിനെ തുടര്‍ന്ന് അയാള്‍ക്കെതിരെ അപവാദപ്രചരണവും വ്യാജവാര്‍ത്തയും കൊടുത്തതിന്റെ പ്രതികരണം എന്ന നിലയിലാണ് ഷാജന്‍ കറിയെ അയാള്‍ ആക്രമിച്ചത് എന്നാണ് അയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

(വിശദമായ വീഡിയോ കമന്റ് ബോക്‌സില്‍ നല്‍കാം)

'കൊടുത്തത് കുറവുണ്ട് ക്ഷമിക്കുക. ഈ നാട്ടില്‍ ഇനിയും എത്തുന്ന സമയത്ത് ഉചിതമായ തീരുമാനമെടുക്കാം.' മാത്യൂസ് കുന്നപ്പള്ളി എന്ന ആളുടെ ഫേസ്ബുക്ക് പോസ്റ്റാണിത്. അതായത് തൊടുപുഴയില്‍ ഷാജന്‍ സ്‌കറിയ എത്തിയാല്‍ ഇനിയും അടിക്കും എന്നാണ് മാത്യൂസ് കുന്നപ്പള്ളി പറയുന്നത്.

മാത്യൂസ് കുന്നപ്പള്ളിയോട് പറയുന്നത് ആക്രമണം ഒന്നിനും പരിഹാരമല്ല എന്നത് മനസ്സിലാക്കി നിങ്ങള്‍ പ്രവര്‍ത്തിക്കണം??

#supportshajanscariya


Full View

എന്നാല്‍, ബിനീഷ് കരുതുന്നത് പോലെയോ ആരോപിക്കുന്നത് പോലെയോ മറുനാടന്‍ മലയാളി, മാത്യൂസ് കൊല്ലപ്പള്ളിക്ക് എതിരെ ഒരു അപവാദ പ്രചാരണവും നടത്തിയിട്ടില്ല എന്നതാണ് സത്യം. 2022 ഒക്ടോബറില്‍, നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് വലിയ അപവാദ പ്രചാരണമായി ബിനീഷ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. ഈ വാദം ഏറ്റുപിടിച്ച് സൈബര്‍ സഖാക്കളും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടരുകയാണ്.

കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ. സാബുവിന്റെ ഭാര്യ അനുഷ (24) യാണ് 2022 ഒക്ടോബറില്‍ മരിച്ചത്. രാവിലെ ഒന്‍പതുമണിയോടെയാണ് അനുഷയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നു. അനുഷ മരിച്ചെന്ന് കണ്ടെത്തിയ സമയം സമയം ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഉടന്‍ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തില്‍) ഡോ. ജോര്‍ജിന്റെയും ഐബിയുടെയും മകളായിരുന്നു അനുഷ. ഓഗസ്റ്റ് 18-നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. പ്രണയവിവാഹമായിരുന്നു. പെണ്‍കുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞത്. ഇത് പോലീസ് മുഖവിലയ്ക്കെടുത്തു. കല്യാണം കഴിഞ്ഞ് രണ്ടു മാസത്തിന് അകമുള്ള ആത്മഹത്യ. അതില്‍ മതിയായ അന്വേഷണം പോലീസ് നടത്തിയതുമില്ല.

വവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദ അന്വേഷണത്തിന് ശേഷം ഭര്‍ത്താവിനെ പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് പോലീസ് തുടക്കത്തില്‍ പറഞ്ഞിരുന്നു. 2022 ഓഗസ്റ്റ് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയും മുന്നേ അനുഷ ആത്മഹത്യ ചെയ്തതെന്തിനെന്നാണ് കുടുംബം ചോദിച്ചിരുന്നത്. തൊടുപുഴയില്‍ പ്ലസ് ടു പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. ഭര്‍ത്താവുമായുള്ള ഭിന്നതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അനുഷയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രണയ വിവാഹത്തെ അനുഷയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ മാത്യൂസിനെ മാത്രമേ കല്യാണം കഴിക്കൂവെന്ന നിലപാട് എടുക്കുകയായിരുന്നു അനുഷ. പ്രണയ വിവാഹമായിരുന്നിട്ടു കൂടി അനുഷയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം പോലീസും കണ്ടെത്തിയില്ല. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തില്‍) ഡോ. ജോര്‍ജ് - ഐബി ദമ്പതികളുടെ മകളായിരുന്നു അനുഷ.

മരണ ദിവസം രാത്രി എട്ടു മണിയോടെ ഭര്‍ത്താവ് പുറത്തേക്ക് പോയിരുന്നു. ഈ സമയം ഉണ്ടായ വഴക്കാണ് ആത്മഹത്യയ്ക്ക് പ്രേരണയെന്നും സൂചനയുണ്ടായിരുന്നു. ഇതിന് അപ്പുറം കൊന്ന് കെട്ടി തൂക്കിയതാണെന്നും വാദമെത്തി. എന്നാല്‍ സിപിഎമ്മിനെ കൂട്ടു പിടിച്ച് മാത്യൂസ് നടത്തിയ അട്ടിമറിയില്‍ അതെല്ലാം ആരും കാര്യമാക്കിയില്ല. അനുഷയുടെ അച്ഛന്‍ ഡോക്ടറായിരുന്നു. അച്ഛന്‍ മരിച്ച ശേഷം അമ്മയാണ് അനുഷയുടെ പഠനവും മറ്റും നോക്കിയത്. അമ്മയ്ക്ക് കേസും മറ്റും നടത്തുക ബുദ്ധിമുട്ടുള്ള കാര്യവുമായിരുന്നു. ഈ സാഹചര്യവും മാത്യൂസ് മുതലെടുത്തു. അനുഷയ്ക്ക് രണ്ട് സഹോദരന്മാരുമുണ്ടായിരുന്നു. ഏറെ പ്രതീക്ഷകളുമായാണ് മാത്യൂസിനെ അനുഷ കല്യാണം കഴിച്ചത്. പ്രണയത്തിന് വേണ്ടി വീട്ടുകാരോട് പൊരുതി. പഠന കാലത്ത് തുടക്കത്തില്‍ കെ എസ് യുവിലായിരുന്നു മാത്യൂസ്. പിന്നീട് എസ് എഫ് ഐയിലേക്കായി. നിരവധി അടിപടി വഴക്കുകളില്‍ മാത്യൂസ് ചെന്നു പെട്ടു. ഇതു മനസ്സിലാക്കിയാണ് വിവാഹത്തിന് അനുഷയുടെ വീട്ടുകാര്‍ എതിരു നിന്നത്.

എന്നാല്‍ ഒറ്റപിടിയില്‍ വിവാഹത്തിലേക്ക് ഐടി ജോലിയുണ്ടായിരുന്ന അനുഷ എത്തിച്ചു. ബാര്‍ അടിച്ചു പൊട്ടിച്ച കേസെടക്കം മാത്യൂസ് കെ തോമസിനെതിരെയുണ്ട്. ഇതെല്ലാം സഹോദരിയെ പറഞ്ഞു മനസ്സിലാക്കാന്‍ സഹോദരന്മാരും ശ്രമിച്ചിരുന്നു. എന്നാല്‍ ഇതൊന്നും അനുഷ കേട്ടില്ല. വിവാഹം ചെയ്തു വീട്ടിലെത്തിയപ്പോള്‍ തന്നെ ഭര്‍ത്താവിന്റെ സ്വാഭവത്തിലെ പാളിച്ചകള്‍ അനുഷ തിരിച്ചറിഞ്ഞു. ഇത് ഏറെ മാനസിക വിഷമവുമായി. തിരുത്താനുള്ള ശ്രമവും നടന്നില്ല. മരണ ദിവസം രാത്രിയും ഭര്‍ത്താവുമായി പ്രശ്‌നമുണ്ടായി. ഈ നിരാശ അനുഷയെ ബാധിച്ചിരുന്നു. കല്യാണം കഴിഞ്ഞ് ഏഴ് കൊല്ലത്തിനകം ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെ പ്രതിയാക്കി കേസെടുക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ എസ് എഫ് ഐ-ഡിവൈഎഫ് ഐ ബന്ധമുള്ള പ്രതിയെ തൊടാന്‍ പൊലീസും മുതിര്‍ന്നില്ല. പിന്നീട് വാട്ടര്‍ അതോറിട്ടിയിലെ കരാറുകാരനായും മാത്യൂസിനെ രാഷ്ട്രീയ സുഹൃത്തുക്കള്‍ ഉയര്‍ത്തി.

ഷാജന്‍ സ്‌കറിയയെ ആക്രമിക്കാന്‍ ഥാറിലെത്തിയത് ഈ മാത്യൂസ് കൊലപ്പള്ളിയുടെ നേതൃത്വത്തിലാണ്. ഒപ്പം നാലു പേരും. ഇതില്‍ രണ്ടാം പ്രതി ഷിയാസ് ഇസ്മായില്‍ ആലക്കലാണ്. ഷാജന്‍ സ്‌കറിയയെ ആക്രമിക്കാന്‍ വളരെ കരുതലോടെ ക്വട്ടേഷന്‍ സംഘത്തെ ഡിവൈഎഫ്‌ഐ നിയോഗിക്കുകയായിരുന്നുവെന്ന് വ്യക്തം. കൊലപ്പള്ളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകും. മാത്യുസ് കൊലപ്പള്ളിയെ ആരാണ് ഒളിവില്‍ പാര്‍പ്പിചിരിക്കുന്നതും വ്യക്തം. സിപിഎമ്മും എസ് എഫ് ഐയും ഡിവൈഎഫ്‌ഐയുമായുള്ള ബന്ധം വിശദീകരിക്കുന്ന സോഷ്യല്‍ മീഡിയാ അക്കൗണ്ട് ഉടമയാണ് മാത്യൂസ് കൊലപ്പള്ളി. കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷിച്ചെടുത്ത സിപിഎമ്മിന് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ് മാത്യൂസ് കൊലപ്പള്ളി.

മാത്യൂസ് കൊലപ്പള്ളിയുടെ അടുത്ത സുഹൃത്താണ് ഷിയാസ് ഇസ്മായില്‍ ആലക്കല്‍. ആലക്കന്മാരും കൊല്ലപ്പള്ളിയും രണ്ടല്ല ഒന്നാ..?? എന്തിനും ഏതിനും എപ്പോളും.. ഇങ്ങനെ പോലും മാത്യൂസ് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ഷാജന്‍ സ്‌കറിയയെ മങ്ങാട്ടു കവലയില്‍ വച്ച് ആക്രമിച്ചത് അഞ്ചു പേര്‍ ചേര്‍ന്നെന്ന് പോലീസ് എഫ് ഐ ആര്‍ വിശദീകരിക്കുന്നുണ്ട്. ആരുടേയും പേര് എഫ് ഐ ആറില്‍ ഇല്ല. എന്നാല്‍ ക്വാറി മുതലാളിയായ സിപിഎം അടുപ്പക്കാരനാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിരുന്നു. പിന്നാലെയാണ് ഒന്നാം പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. പ്രതിയെ പോലീസിന് അറിയാം. എന്നിട്ടും എഫ് ഐ ആറില്‍ പേരിട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഷാജന്‍ സ്‌കറിയയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് എഫ് ഐ ആര്‍ പറയുന്നു. ശനിയാഴ്ച രാത്രി ആറു നാല്‍പ്പതിനായിരുന്നു ആക്രമണം. ഭാരതീയ ന്യായ സംഹിതയിലെ 182(2), 190, 191(1), 191(2), 191(3), 115(2), 351(2), 126(2), 110 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി കൃത്യമായ എഫ് ഐ ആര്‍ ആണ് പോലീസ് ഇട്ടിട്ടുള്ളത്. വധശ്രമകുറ്റവും ചുമത്തി. ഈ സാഹചര്യത്തില്‍ കൊലപ്പള്ളിയെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ട്.

ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ക്ക് മാധ്യമ പ്രവര്‍ത്തകനായ ആവലാതിക്കാരനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികള്‍ ന്യായ വിരുദ്ധമായി സംഘം ചേര്‍ന്ന്ത ങ്ങള്‍ ഓരോരുത്തരും ടി സംഘത്തിലെ അംഗങ്ങള്‍ ആണെന്ന അറിവോടെ അക്രമം നടത്തിയെന്നാണ് എഫ് ഐ ആര്‍ പറയുന്നത്. മങ്ങാട്ടു കവല മില്ലിന് മുന്‍വശം ഭാഗത്തു വച്ച് ഥാര്‍ ജീപ്പ് ഇടിച്ചു. അതിന് ശേഷം ജിപ്പില്‍ നിന്നും ഡോറ് തുറന്ന് ഇറങ്ങി വന്ന് നിന്നെ കൊന്നിട്ടേ ഞങ്ങള്‍ പോകുകയുള്ളൂ എന്ന് പറഞ്ഞ് ആവലാതിക്കാരനെ കാറില്‍ നിന്നും വലിച്ചു ചാടിക്കാന്‍ ശ്രമിച്ചു. അതിനെ എതിര്‍ത്ത ആവലാതിക്കാരനെ ഒന്നാം പ്രതി കൈ ചുരുട്ടി വലതു മുഖഭാഗത്തും മുക്കിലും തലയിലും വലത് നെഞ്ചിലും തുടരെ ഇടിച്ചു. ആവലാതിക്കാരന്റെ മൂക്കിലും വായിലും മുറിവുണ്ടായി.

രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ ഷാജന്‍ സ്‌കറിയയെ ബലമായി കാറില്‍ പിടിച്ചിരുത്തി. രണ്ടാം പ്രതിയും നിന്നെ കൊന്നിട്ടേ പോകൂവെന്ന് പറഞ്ഞ് കഴുത്തില്‍ അമര്‍ത്തി പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. മരണവെപ്രാളത്തില്‍ കൈ തട്ടി മാറ്റിയതു കൊണ്ടാണ് ആവലാതിക്കാരന്‍ മരണം സംഭവിക്കാത്തതെന്നും എഫ് ഐ ആര്‍ പറയുന്നു. അതായത് വധശ്രമത്തിനാണ് കേസെടുത്തത്. പ്രതികളെ പറ്റിയും പോലീസിന് വ്യക്തമായ സൂചനകളുണ്ട്. എന്നാല്‍ ആരേയും അറസ്റ്റു ചെയ്തിട്ടില്ല. ഇടുക്കിയിലെ മുന്‍ മന്ത്രി കൂടിയായ നേതാവിന്റെ സംരക്ഷണയിലാണ് പ്രതികള്‍ എന്നാണ് സൂചന. പ്രതികളുടെ വീട്ടിലെല്ലാം പോലീസ് രാത്രിയില്‍ റെയ്ഡ് നടത്തിയിരുന്നു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തിലാണ് ഷാജന്‍ സ്‌കറിയയ്ക്ക് പരിക്കേറ്റതെന്ന് പോലീസും സമ്മതിക്കുന്നുണ്ട്. മങ്ങാട്ടുകവലയില്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപത്തായിരുന്നു മര്‍ദനം. മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ ഥാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ഷാജനെ കാറിനുള്ളില്‍ വച്ചുതന്നെ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജന്‍. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്കും മാറ്റി.

Tags:    

Similar News