സെന്‍സര്‍ ബോര്‍ഡിന് മുന്‍പാകെ എതിര്‍പ്പുണ്ടായിരുന്നില്ലേ എന്ന ചോദ്യം; ബി.ജെ.പി നോമിനികള്‍ സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലെന്ന് കെ. സുരേന്ദ്രന്‍; ഈ വീഴ്ചക്കെതിരേ സംഘടനാതല നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍; മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്തെന്നും അതിനാല്‍ വിജയാശംസ നേര്‍ന്നതെന്നും വിശദീകരണം; ജെ. നന്ദകുമാര്‍ വിമര്‍ശനം കടുപ്പിക്കുമ്പോഴും സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്ന് വ്യക്തമാക്കി ബിജെപി നേതൃത്വം

സെന്‍സര്‍ ബോര്‍ഡിലെ ആര്‍. എസ്. എസ് നോമിനികള്‍ക്കെതിരെ ബിജെപി

Update: 2025-03-28 13:01 GMT

തിരുവനന്തപുരം: എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി ബിജെപി യോഗത്തില്‍ നിര്‍ണായക ചര്‍ച്ച. ഇന്ന് നടന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് സിനിമയുടെ സെന്‍സറിങ്ങില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് വീഴ്ച്ച ഉണ്ടായോ എന്നു പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്.

എമ്പുരാന്‍ സിനിമയുടെ സ്‌ക്രീനിങ് കമ്മിറ്റിയിലുള്ള ആര്‍.എസ്.എസ്. നോമിനികള്‍ക്ക് വിഴ്ചയുണ്ടായതായാണ് ബിജെപി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്. ബി.ജെ.പിയുടെ സാംസ്‌കാരിക സംഘടനയായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് അടക്കം നാലുപേരാണ് സ്‌ക്രീനിങ് കമ്മിറ്റിയിലുണ്ടായിരുന്നത്. വിഷയം ചര്‍ച്ചക്കെത്തിയപ്പോള്‍ എമ്പുരാനെതിരായ പ്രചാരണം ബി.ജെ.പി. നടത്തേണ്ടതില്ല എന്നാണ് കോര്‍ കമ്മിറ്റിയില്‍ നിലപാട്.

അതേസമയം എമ്പുരാന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതല്ല തന്റെ ഫെയ്സ്ബുക്ക് പോസ്റ്റെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡിന് മുന്‍പാകെ വന്നപ്പോള്‍ എതിര്‍പ്പുണ്ടായിരുന്നില്ലേ എന്ന ചോദ്യം വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നു. സെന്‍സര്‍ ബോര്‍ഡിലുണ്ടായിരുന്ന ബി.ജെ.പി അംഗങ്ങളുടെ കാലാവധി നവംബറില്‍ അവസാനിച്ചതായും ബി.ജെ.പിയുടെ നോമിനികള്‍ സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലെന്നും കെ. സുരേന്ദ്രന്‍ വിശദീകരിച്ചു. ഈ വീഴ്ചക്കെതിരേ സംഘടനാതല നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ സൂചിപ്പിച്ചു.

പൃഥ്വിരാജ്-മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം വൈകാതെ താന്‍ സിനിമ കാണുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് സിനിമയ്ക്കെതിരെ സൈബര്‍ ആക്രമണം ഉയര്‍ന്നത്. മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്താണെന്നും അതിനാലാണ് വിജയാശംസ നേര്‍ന്നതെന്നുമാണ് രാജീവ് ചന്ദ്രശേഖരന്‍ വെള്ളിയാഴ്ച നല്‍കിയിരിക്കുന്ന വിശദീകരണം. സിനിമയുടെ ഉള്ളടക്കത്തെയല്ല താന്‍ പിന്തുണച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എംപുരാന്‍ സിനിമ സംബന്ധിച്ച് പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ പറഞ്ഞു. സിനിമ സിനിമയുടെ വഴിക്കു പോകും. ഒരു സിനിമയും ബിജെപിക്കു പ്രശ്നമല്ലെന്നും സുധീര്‍ വ്യക്തമാക്കി.


പോസ്റ്റര്‍ വിവാദം പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്. പിന്നില്‍ പുറത്തുനിന്നുള്ള ആളുകളാണ്. അന്വേഷിച്ച് കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീര്‍ പറഞ്ഞു. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് സുധീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആര്‍.എസ്.എസിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാവായ ജെ. നന്ദകുമാര്‍ അടക്കം ഫെയ്സ്ബുക്കിലൂടെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നും മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്നും സിനിമയുടെ ബഹിഷ്‌കരണം പോലുള്ള നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും എം.ടി. രമേശ് അഭിപ്രായപ്പെട്ടിരുന്നു.

സിനിമയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരേയുള്ള അഭിപ്രായങ്ങളുണെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു എം.ടി. രമേശിന്റെ പ്രതികരണം. ഇതിനിടെ ഇടത്- സംഘപരിവാര്‍ അനുകൂലികള്‍ തമ്മില്‍ സൈബര്‍പ്പോരും ഉയര്‍ന്നിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ പരസ്പരം ആക്രമിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് സംസ്ഥാനത്ത് വന്‍ പ്രചാരണ പരിപാടികള്‍ നടത്താനൊരുങ്ങുകയാണ് ബിജെപി. കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചകളും കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന പ്രചാരണവും തുറന്നുകാട്ടാനുള്ള പരിപാടികള്‍ ഊര്‍ജിതമാക്കുമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, സെക്രട്ടറി എസ്. സുരേഷ് എന്നിവര്‍ പറഞ്ഞു. യോഗശേഷം കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്താതിരുന്നത് കെ. സുരേന്ദ്രന്‍ കാലത്തില്‍നിന്നുള്ള ശൈലീമാറ്റത്തിന്റെ സൂചനയായി.

സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം വച്ച് കേന്ദ്രപദ്ധതികള്‍ ഫലപ്രദമായി സംസ്ഥാനത്തു നടപ്പാക്കാന്‍ തയാറാകുന്നില്ലെന്നും അതിന്റെ ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുകയാണെന്നും പി.സുധീര്‍ പറഞ്ഞു. ജനോപകാരപ്രദമായ നൂറു കണക്കിന് പദ്ധതികളാണ് കേന്ദ്രം നടപ്പാക്കുന്നത്. എന്നാല്‍ അതിന്റെ ഗുണഫലം സംസ്ഥാനത്തെ അര്‍ഹരായ ജനങ്ങള്‍ക്കു കൃത്യമായി ലഭിക്കുന്നില്ല. രാഷ്ട്രീയവൈരാഗ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രപദ്ധതികളുടെ ഗുണഫലങ്ങള്‍ അര്‍ഹരായവരില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുകയാണ്.

ബൂത്ത് തലത്തില്‍ പദ്ധതികളുടെ പ്രചാരണപ്രവര്‍ത്തനങ്ങളും ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും ശക്തമാക്കും. ബിജെപി പ്രവര്‍ത്തകരുടെ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുമാറും. 30 ജില്ലാ കമ്മിറ്റി ഓഫിസുകളില്‍ ഏപ്രില്‍ 15ന് മുന്‍പ് ഇതിനായി ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്നും സുധീര്‍ പറഞ്ഞു.

കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരന്തരം പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നു സുധീര്‍ ആരോപിച്ചു. ചരിത്രത്തില്‍ ഉണ്ടാകാത്ത തരത്തിലാണ് കേന്ദ്രം കേരളത്തിനു ഫണ്ട് നല്‍കിയിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി ഉള്‍പ്പെടെ വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്നതു ബിജെപി തുറന്നുകാട്ടും. ലഘുലേഖകള്‍ തയറാക്കി പ്രവര്‍ത്തകര്‍ വീടുകളെത്തി കാര്യങ്ങള്‍ വിദശീകരിക്കുമെന്നും സുധീര്‍ പറഞ്ഞു.

45 ദിവസമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു ചര്‍ച്ച നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇത്രത്തോളം ഏകാധിപതിയായി മുഖ്യമന്ത്രി മാറരുത്. ആശാ വര്‍ക്കര്‍മാരെ ആരോഗ്യ ജീവനക്കാരാക്കുന്നതു സംബന്ധിച്ച് കോര്‍കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തില്ല. ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നുമാണ് സമരം ചെയ്യുന്ന ആശമാരുടെ ആവശ്യം. ഇതു രണ്ടും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അതിനു കേന്ദ്രത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞിട്ടുണ്ട്. ഇതിനു പുറമേ ബിജെപി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ആശമാര്‍ക്ക് ഓണറേറിയും കൂട്ടി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സുധീര്‍ പറഞ്ഞു.

വി.വി. രാജേഷിന് എതിരെ ബിജെപി സംസ്ഥാന ഓഫിസിനു മുന്നില്‍ പോസ്റ്റര്‍ പതിച്ചത് പാര്‍ട്ടിക്കു പുറത്തുനിന്നുള്ളവരാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും പി. സുധീര്‍ പറഞ്ഞു. പാര്‍ട്ടി ബന്ധമുള്ള ആര്‍ക്കും ഇതില്‍ പങ്കില്ല. വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് പ്രതികളെ കണ്ടെത്തണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News