ഉന്നത ജയില്‍ ഉദ്യോഗസ്ഥനൊപ്പം ജയിലില്‍ എത്തി ബോബിക്ക് 200 രൂപ നല്‍കിയത് ആ മൂന്നു പേരിലേക്ക് അന്വേഷണം പോകില്ല; ക്യാമറാ ദൃശ്യങ്ങള്‍ കണ്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഞെട്ടിയെങ്കിലും ആ വിഐപി ഉദ്യോഗസ്ഥനെ വേദനിപ്പിക്കാതിരിക്കാന്‍ കരുതല്‍; കൂട്ടുകാര്‍ക്കൊപ്പം ബോബി അടിച്ചു പൊളിച്ചത് രണ്ടു മണിക്കൂര്‍; കാക്കനാട്ടെ ജയിലില്‍ സംഭവിച്ചത് എന്ത്?
തിരുവനന്തപുരം: എറണാകുളം ജില്ലാ ജയിലില്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥനൊപ്പം ബോബി ചെമ്മണൂരിന്റെ സുഹൃത്തുക്കളായ 3 പേര്‍ റജിസ്റ്ററില്‍ രേഖപ്പെടുത്താതെ ബോബിയെ സന്ദര്‍ശിച്ചെന്നും ഫോണ്‍ വിളിക്കാന്‍ അടക്കം സൗകര്യം ചെയ്തുകൊടുത്തെന്നും സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തലില്‍ തുടരന്വേഷണം ഉണ്ടാകില്ല. സര്‍ക്കാരിന് വളരെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് പ്രതിസ്ഥാനത്തുള്ളത്. അതുകൊണ്ട് തന്നെ വിവാദത്തില്‍ കണ്ണടക്കും. ജയില്‍ സൂപ്രണ്ടിന് ഇതില്‍ പങ്കൊന്നുമില്ലെന്നാണ് സൂചന. സ്‌പെഷ്യല്‍ ബ്രാഞ്ചിനും ഇക്കാര്യം ബോധ്യപ്പെട്ടു. ജയില്‍ ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഈ ചര്‍ച്ച ആദ്യം എത്തിയത്. ഇതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണവും എത്തി.
ജയിലിലെ ക്യാമറാദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബോബിയുടെ സുഹൃത്തുക്കള്‍ക്കൊപ്പം ജയില്‍ ഉദ്യോഗസ്ഥന്‍ ജയിലില്‍ എത്തിയത്. ആദ്യം ഉദ്യോഗസ്ഥന്‍ മാത്രം അകത്തുകയറി. അതിനു ശേഷം പുറത്തു നിന്നെത്തിയവരുടെ പേരുകള്‍ റജിസ്റ്ററില്‍ ചേര്‍ക്കാതെ അകത്തേക്കു വിടാന്‍ സൂപ്രണ്ടിനോടു നിര്‍ദേശിച്ചു. തുടര്‍ന്നു സൂപ്രണ്ടിന്റെ മുറിയില്‍ ബോബിയെ വരുത്തി. ഉയര്‍ന്ന ഉദ്യോഗസ്ഥനായതു കൊണ്ട് തന്നെ സൂപ്രണ്ടിന് എതിര്‍ക്കാനും കഴിഞ്ഞില്ല. കൂട്ടുകാരോട് 2 മണിക്കൂറിലേറെ അവിടെ അദ്ദേഹം സംസാരിച്ചതായാണു സൂചന. ബോബിക്ക് ഫോണ്‍ ചെയ്യാന്‍ അവസരം നല്‍കണമെന്ന് കൂട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നു ജയില്‍രേഖകളില്‍ മുന്‍കാല പ്രാബല്യത്തോടെ തിരുത്തല്‍ വരുത്തി 200 രൂപ നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇതും ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടല്‍ കാരണമായിരുന്നു.
ബോബിയെത്തിയപ്പോള്‍ കൈയില്‍ പണമില്ലായിരുന്നു. ജയില്‍ ചട്ടം മറികടന്ന് ബോബിക്ക് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്‍കി. ജയില്‍ ചട്ടപ്രകാരം പണം പ്രതി നേരിട്ട് കൊണ്ടുവരുകയോ മണിയോഡര്‍ വഴി ബന്ധുക്കള്‍ എത്തിക്കുകയോ ചെയ്യണം. ഈ ചട്ടങ്ങള്‍ മറികടന്നാണ് പണം നല്‍കിയത്. ബോബി വന്നപ്പോള്‍ പണം കൈവശമുണ്ടായിരുന്നുവെന്ന് പിന്നീട് എഴുതി ചേര്‍ത്തുവെന്നാണ് ആക്ഷേപം. ഇക്കാര്യങ്ങളിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. എന്നാല്‍ ആരോപണങ്ങള്‍ ജയില്‍ സൂപ്രണ്ട് തള്ളിയെന്നും സൂചനകളുണ്ട്. വ്യാഴാഴ്ചയാണ് ബോബി ജയിലില്‍ എത്തിയത്. അടുത്ത ദിവസമായിരുന്നു ഇതെല്ലാം നടന്നത്.
അതിനിടെ ശരീരാധിക്ഷേപം (ബോഡി ഷെയ്മിങ്) അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് കര്‍ശന ഉപാധികളോടെ ജാമ്യമനുവദിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ബോബി ചെമ്മണൂരിന്റേത് ലൈംഗികച്ചുവയുള്ള ഭാഷയാണെന്നും ദ്വയാര്‍ഥ പ്രയോഗമുള്ള വാക്കുകള്‍ ഏത് മലയാളിക്കും മനസ്സിലാകുമെന്നും ബോബി ചെമ്മണൂരിന്റെ ജാമ്യപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
ശരീരത്തിനും മനസ്സിനും ചിന്തകള്‍ക്കും മാറ്റം വന്നേക്കാം. എന്നാല്‍, മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ സ്ത്രീക്കായാലും പുരുഷനായാലും ശ്രദ്ധവേണം. കേസില്‍ പരാമര്‍ശിക്കുന്ന മറ്റ് വീഡിയോകളും അപകീര്‍ത്തികരമാണ്. അതില്‍ ബോബി കൈകള്‍കൊണ്ട് പരാതിക്കാരിയുടെ ശരീരഘടന കാട്ടുന്നുണ്ട്. സെലിബ്രിറ്റിയാണെന്ന് അവകാശപ്പെടുന്ന ബോബി, വ്യക്തിപരമായ നേട്ടങ്ങളും സമൂഹത്തിനായിചെയ്യുന്ന കാര്യങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടിയായോ ഗായികയായോ സംഗീതജ്ഞയായോ പരാതിക്കാരി പ്രശസ്തയല്ലെന്നും വാദിക്കുന്നു.
ജാമ്യപേക്ഷയിലും പരാതിക്കാരിയെ അപമാനിക്കാനാണ് ശ്രമം. പരാതിക്കാരിക്ക് സമൂഹത്തിലുള്ള സ്ഥാനംസംബന്ധിച്ച് വക്കാലത്തെടുക്കേണ്ട കാര്യം ബോബിക്കില്ല. ഉദ്ഘാടന പരിപാടിക്കിടെ എതിര്‍ക്കാതിരുന്നത് പരാതിക്കാരിയുടെ മാന്യതയാണ്- കോടതി ഉത്തരവില്‍ വ്യക്തമാക്കി. തടിച്ചതാണ്, മെലിഞ്ഞതാണ്, ഉയരക്കുറവാണ്, കറുത്തതാണ്, ഇരുണ്ടതാണ് തുടങ്ങി ഒരാളുടെ ശരീരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. 'രൂപഭാവംകൊണ്ട് നിങ്ങള്‍ ഒരു സ്ത്രീയെ വിലയിരുത്തിയാല്‍ അത് നിര്‍വചിക്കുന്നത് അവളെയല്ല, നിങ്ങളെത്തന്നെയാണ്' എന്ന അമേരിക്കന്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ സ്റ്റീവ് മറാബോലിയുടെ വാക്യവും വിധിയില്‍ ഉദ്ധരിച്ചു.
ബോബിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എ നൗഷാദ് വാദിച്ചു. ബോബി ആറുദിവസം ജയിലില്‍ കഴിഞ്ഞതിലൂടെ സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കാനായതായി കോടതി പറഞ്ഞു.