എയര്‍ ഇന്ത്യ വിമാനത്തിനും പിണറായിയുടെ വാക്ക് വിനയായി മാറിയോ?പ്രിയങ്ക മുതല്‍ ഹൈബി വരെയുള്ള എംപിമാര്‍ യുകെ മലയാളികള്‍ക്ക് നഷ്ടമായ വിമാനം തേടി കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുന്‍പിലേക്ക്; കേരളത്തിന് വേണ്ടി തോമസിന്റെയും ഇടപെടല്‍; വീണ്ടും നുണ പറയാന്‍ എയര്‍ ഇന്ത്യയും; ബഹിഷ്‌കരണ ആഹ്വാനം ശക്തം

എയര്‍ ഇന്ത്യ വിമാനത്തിനും പിണറായിയുടെ വാക്ക് വിനയായി മാറിയോ?

Update: 2025-02-02 04:10 GMT

ലണ്ടന്‍:  രണ്ടു വര്‍ഷം മുന്‍പ് ഒക്ടോബര്‍ ഒന്‍പതിനു നടന്ന ലോക കേരള സഭയിലേക്കാണ് ഇപ്പോള്‍ യുകെ മലയാളികളുടെ ശ്രദ്ധ. പ്രത്യേകിച്ച് പ്രഖ്യാപനമോ നേട്ടമോ ഒന്നും ചൂണ്ടിക്കാട്ടാനാകാതെ വിമര്‍ശകര്‍ വിളിക്കുന്ന പ്രാഞ്ചിയേട്ടന്‍ സഭ എന്ന പേരിനോട് നീതി പുലര്‍ത്തി തന്നെയാണ് ലക്ഷക്കണക്കിന് രൂപ പൊടിച്ച സമ്മേളനം അവസാനിച്ചത്, എന്നാല്‍ സമ്മേളനം അവസാനിക്കുമ്പോള്‍ എഴുതി തയ്യാറാക്കി കൊണ്ടുവന്ന നേട്ടപ്പട്ടിക മുഖ്യമന്ത്രി പിണറായി വിജയന്‍ വിവരിച്ചതില്‍ ഒരു കാര്യം മാത്രമാണ് യുകെ മലയാളികളെ അന്ന് സന്തോഷിപ്പിച്ചത്.

ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് ആഴ്ചയില്‍ മൂന്നു ദിവസം പറക്കുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ഷെഡ്യൂള്‍ അഞ്ചു ദിവസമാക്കി മാറ്റാന്‍ ഉടന്‍ നടപടി ഉണ്ടാകും എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അതിനായി എയര്‍ ഇന്ത്യ മേധാവികളില്‍ സമ്മര്‍ദ്ദം ചെലുത്തും എന്ന് പറയുമ്പോള്‍ സിയാല്‍ ഓഹരികളില്‍ വലിയ പങ്കാളിത്തം കൈവശമുള്ള വ്യവസായ പ്രമുഖന്‍ എംഎ യൂസഫലിയും ഒപ്പം ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമായി.

മുഖ്യമന്ത്രിയ്ക്ക് ട്രോള്‍, ഗുണത്തിന് പകരം ദോഷമായി മാറിയ സാഹചര്യം

പിന്നീട് ഈ പ്രഖ്യാപനത്തിന്റെ ഫലം എന്തായി എന്നതറിയാന്‍ നോര്‍ക്കയില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവിന് കത്ത് എഴുതിയിട്ടുണ്ട് എന്ന സാധാരണ സര്‍ക്കാര്‍ മറുപടി തന്നെയാണ് ലഭിച്ചത്. ഈ കത്തിന് എയര്‍ ഇന്ത്യ പ്രതികരണം അറിയിച്ചില്ല എന്നും നോര്‍ക്ക വ്യക്തമാക്കി. ഇതോടെ പ്രഖ്യാപനം വെറും തള്ളായിരുന്നു എന്ന് വ്യക്തമായി. പ്രാഥമികമായ ഒരു അന്വേഷണം പോലും നടത്താതെയാണ് സമ്മേളന വിജയത്തില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഉണ്ടയില്ലാ വെടി പൊട്ടിച്ചത് എന്നും വ്യക്തമായി.

എന്നാല്‍ സാധാരണ മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികള്‍ കളിയാക്കാന്‍ ഉപയോഗിക്കുന്ന മാന്‍ഡ്രേക്ക് ഇഫക്ട് ഇക്കാര്യത്തിലും സംഭവിച്ചു. മുഖ്യമന്ത്രി ഷെഡ്യൂള്‍ വര്‍ധന ഉണ്ടാകും എന്ന് പറയുമ്പോള്‍ ഹീത്രൂവില്‍ നിന്നും പറന്നിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് കാലക്കേട് തുടങ്ങി. ഒട്ടും വൈകാതെ വിമാനം ഹീത്രൂവില്‍ നിന്നും ഗാറ്റ്വികിലേക്ക് മാറ്റപ്പെട്ടു.

അവിടം കൊണ്ടും വിമാനത്തിന്റെ ശനിദശ മാറിയില്ല. തുടര്‍ച്ചയായി വിമാനം വൈകുന്നത് പതിവായി. ഇടയ്ക്കിടെ സര്‍വീസ് മുടങ്ങുകയും ചെയ്തതോടെ യാത്രക്കാരുടെ പ്രതിഷേധവും പതിവായി. ഇപ്പോള്‍ എല്ലാറ്റിനും ഒടുവിലായി മൂന്നു ദിവസം ഉണ്ടായിരുന്ന സര്‍വീസ് അപ്പാടെ ഇല്ലാതാകുമ്പോള്‍ അഞ്ചു ദിവസം പറത്താം എന്ന് വാക്ക് നല്‍കിയ മുഖ്യമന്ത്രിയുടെ ഇമേജിന് കൂടി ക്ഷീണം സംഭവിക്കുകയാണ്. മുടങ്ങിപ്പോയ വിമാനത്തെ എങ്ങനെയും മടക്കി എത്തിക്കണം എന്ന ചിന്ത ഇപ്പോള്‍ കേരള സര്‍ക്കാരിനും വന്നു തുടങ്ങി എന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. വിമാനത്തിന്റെ പെട്ടെന്നുള്ള നിര്‍ത്തലാക്കല്‍ യുകെ മലയാളികളോടുള്ള നീതികേടാണ് എന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി കെ വി തോമസ് എയര്‍ ഇന്ത്യ ചീഫ് എക്‌സ്‌ക്യൂട്ടീവിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയെന്നു ഡല്‍ഹി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സമ്മര്‍ദ്ദവുമായി കേരളം, വീണ്ടും നുണയുമായി എയര്‍ ഇന്ത്യ

യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ സമയവും സാമ്പത്തിക നഷ്ടവും സംഭവിക്കുന്ന സാഹചര്യത്തില്‍ എങ്ങനെയും വിമാനത്തെ തുടരാന്‍ അനുവദിക്കണം എന്നാണ് കെവി തോമസ് കത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കത്തിനോട് പ്രതികരണം നടത്താന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല. അതിനിടെ കേന്ദ്ര വ്യോമയാന മന്ത്രി മോഹന്‍ നായിഡുവിനെ നേരില്‍ കണ്ട് കത്ത് നല്‍കി എറണാകുളം എംപി ഹൈബി ഈഡന്‍ ഒരു പടി മുന്നില്‍ എത്തിയിരിക്കുകയാണ്.

എങ്ങനെയും എയര്‍ ഇന്ത്യയില്‍ സമ്മര്‍ദ്ദം ചെലുത്തി വിമാനത്തെ മടക്കി എത്തിക്കണം എന്നാണ് ഹൈബി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ആവശ്യവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി, പത്തനംതിട്ട എംപി ആന്റോ ആന്റണി എന്നിവരൊക്കെ രംഗത്ത് വന്നതും ശ്രദ്ധേയമായി. മറ്റ് എംപിമാരായ രാജ്മോഹന്‍ ഉണ്ണിത്താന്‍, കെസി വേണുഗോപാല്‍, എംകെ രാഘവന്‍, അടൂര്‍ പ്രകാശ് എന്നിവരൊക്കെ കത്തില്‍ ഒപ്പിട്ട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ എംപിമാരുടെ ആവശ്യത്തോട് ഉറപ്പൊന്നും നല്‍കാന്‍ വ്യോമയാന മന്ത്രി തയ്യാറായിട്ടില്ല.

സര്‍വ്വ കോണില്‍ നിന്നും പ്രതിഷേധം ഉണ്ടായതോടെ തങ്ങളുടെ പ്രസ്റ്റീജ് വിമാന സര്‍വീസ് ഇല്ലാതായ സാഹചര്യം എങ്ങനെ എന്ന് സിയാല്‍ അധികൃതര്‍ എയര്‍ ഇന്ത്യയോട് നടത്തിയ കത്തിടപാടില്‍ വീണ്ടും എയര്‍ ഇന്ത്യ നുണ പറയുന്നതായാണ് വ്യക്തമാകുന്നത്. തുടക്കത്തില്‍ ബിസിനസ് ക്ലാസ് യാത്രക്കാരുടെ അഭാവത്തില്‍ ലാഭത്തില്‍ ഉണ്ടാകുന്ന കുറവും പിന്നാലെ ദീര്‍ഘ ദൂര യാത്രയ്ക്കുള്ള വിമാനങ്ങളുടെ കുറവും കാരണമാക്കി പറഞ്ഞവര്‍ ഇത് പൊളിച്ചടുക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളില്‍ എത്തിയതോടെ ഇപ്പോള്‍ പുതിയ കാരണവുമായാണ് എത്തിയിരിക്കുന്നത്.

ഒട്ടേറെ വിമാനങ്ങള്‍ക്ക് അടിയന്തിര അറ്റകുറ്റ പണികള്‍ വേണ്ട സാഹചര്യം ആയതിനാലാണ് കൊച്ചി വിമാനത്തെ മടക്കി വിളിച്ചത് എന്നാണ് ഇപ്പോഴത്തെ പുത്തന്‍ വാദം. എന്നാല്‍ ഒറ്റയടിക്ക് മുഴുവന്‍ സര്‍വീസും റദ്ദാക്കുന്നതിനു പകരം എല്ലാ സര്‍വീസില്‍ നിന്നും ഓരോ വിമാനങ്ങളെ പിന്‍വലിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന ചോദ്യം വീണ്ടും എയര്‍ ഇന്ത്യയുടെ വാ അടപ്പിക്കുന്നതാണ്. എന്നാല്‍ ഇതൊന്നും എയര്‍ ഇന്ത്യയോട് ഉത്തരവാദിത്വപ്പെട്ടവര്‍ നേരിട്ട് ചോദിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാന വസ്തുത.

മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്ന യാത്രകളില്‍ എയര്‍ ഇന്ത്യയെ ഒഴിവാക്കാന്‍ ബഹിഷ്‌കരണ ആഹ്വാനം ശക്തം

കൊച്ചിയെ വെട്ടിയാല്‍ ചെറിയൊരു പ്രതിഷേധത്തില്‍ കാര്യങ്ങള്‍ ഒതുങ്ങും എന്നറിയാവുന്ന എയര്‍ ഇന്ത്യ മറ്റു സര്‍വീസുകളെ തൊട്ടാല്‍ പ്രതികരണം കടുത്തത് ആയിരിക്കും എന്നറിയാവുന്നതിനാല്‍ തന്നെയാണ് ആ റൂട്ടുകളില്‍ കൈവയ്ക്കാതെ കൊച്ചി സര്‍വീസ് മാത്രം റദ്ദാക്കിയത്. അതിനിടെ എയര്‍ ഇന്ത്യ അനുകൂല നിലപാട് അറിയിക്കാത്ത സാഹചര്യത്തില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്ന യാത്രകള്‍ക്ക് എയര്‍ ഇന്ത്യ ബഹിഷ്‌കരണം നടത്തണം എന്ന വാദവും സോഷ്യല്‍ മീഡിയയില്‍ ശക്തമാകുകയാണ്. അടിയന്തിര യാത്രകള്‍ക്ക് മറ്റു ഓപ്ഷനുകള്‍ ഇല്ലാതായി പോകുന്ന യാത്രക്കാര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്ന യാത്രകളില്‍ എങ്കിലും എയര്‍ ഇന്ത്യ ബഹിഷ്‌കരണം നടത്തി യുകെ മലയാളികളുടെ കരുത്തറിയിക്കണം എന്നാണ് പൊതുവികാരം. ഇതിനു ഫലം കണ്ടുതുടങ്ങി എന്നാണ് ടിക്കറ്റ് എജന്‍സികള്‍ നല്‍കുന്ന സൂചനയും.

എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടെന്ന് ഏജന്‍സികള്‍ പറയുന്നു. ഇതോടെ അവര്‍ക്കും വരുമാന നഷ്ടം സംഭവിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടി വിവിധ ഏജന്‍സികള്‍ ലണ്ടനിലെ എയര്‍ ഇന്ത്യ സെയ്ല്‍സ് ഓഫിസില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. നയപരമായ കാര്യം ആയതിനാല്‍ എല്ലാ വിവരങ്ങളും അപ്പപ്പോള്‍ ഹെഡ് ഓഫീസില്‍ അറിയിക്കുന്നുണ്ട് എന്നാണ് ലണ്ടന്‍ ഓഫീസില്‍ നിന്നും ലഭ്യമാകുന്ന അനൗദ്യോഗിക വിവരം.

Tags:    

Similar News