അടിച്ചു പിരിഞ്ഞിട്ടും കലിപ്പ് തീരത്തെ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും; സ്വകാര്യ ജെറ്റില്‍ വച്ച് ജോളിയെ ബ്രാഡ് ഉപദ്രവിച്ചതടക്കം ചര്‍ച്ചയാവുന്നു; ജോളിക്കെതിരെയുള്ള സകല ഇമെയിലുകളും ടെക്സ്റ്റുകളും കൈമാറാന്‍ കോടതി
അടിച്ചു പിരിഞ്ഞിട്ടും കലിപ്പ് തീരത്തെ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും
ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് താരമായിരുന്ന ബ്രാഡ്പിറ്റിന് കനത്ത തിരിച്ചടിയായി കോടതി ഉത്തരവ്. ഭാര്യയായിരുന്ന ആഞ്ജലീന ജോളിയുമായിട്ടുള്ള എല്ലാ ഇ-മെയിലുകളും ടെക്സ്റ്റുകളും കൈമാറാന്‍ കോടതി ഉത്തരവിട്ടു. നേരത്തേ വന്‍ വിവാദമായ സ്വകാര്യ ജെറ്റ് വിമാനത്തില്‍ വെച്ച് ആഞ്ജലീനയെ ബ്രാഡ് ഉപദ്രവിച്ച സംഭവം അടക്കം എല്ലാ കാര്യങ്ങളും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. എന്നാല്‍ ബ്രാഡ് പിറ്റ് ആകട്ടെ ആഞ്ജലയുടെ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് ചെയ്തത്. കേസില്‍ നിന്ന് പിന്‍മാറാന്‍ ബ്രാഡിപിറ്റ് ആഞ്ജലയെ എണ്‍പത്തഞ്ച് ലക്ഷം ഡോളര്‍ വാഗ്ദാനം നല്‍കി നിര്‍ബന്ധിച്ചു എന്നാണ് അവരുടെ അഭിഭാഷകര്‍ പറയുന്നത്.
ഒരു കാലത്ത് ഹോളിവുഡിലെ താരദമ്പതിമാരായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. 2016-ല്‍ വേര്‍പിരിഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ നിയമപോരാട്ടവും തുടങ്ങിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ പോരാട്ടത്തിന് വിരാമമായിട്ടില്ല. സ്വത്തുതര്‍ക്കം ഒത്തുതീര്‍പ്പിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇരുവരുടേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല.
sഈ നിയമ പോരാട്ടത്തെ തുടര്‍ന്ന് ആഞ്ജലീന ജോളി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോടതി ചെലവുകള്‍ക്കായി വിലപ്പെട്ട ചില വസ്തുക്കള്‍ നടിക്ക് വില്‍ക്കേണ്ടി വന്നെന്നും റഡാര്‍ ഓണ്‍ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന വക്കീല്‍ ഫീസ് കാരണം അടുത്തിടെ എഫ്ബിഐയ്‌ക്കെതിരായ ഒരു കേസില്‍ നിന്ന് നടി പിന്മാറിയിരുന്നു. 1.3 മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന 1958 മോഡല്‍ ഫെരാരി 250 ജിടി അവര്‍ വില്‍പനയ്ക്കുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വിവാഹ സമയത്ത് ബ്രാഡ് പിറ്റ് സമ്മാനിച്ച ആഭരണങ്ങളും ഡിസൈനര്‍ വസ്ത്രങ്ങളും ആഞ്ജലീന ജോളി വില്‍ക്കാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്തകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ഒരു സ്വകാര്യ ജെറ്റ് വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടായ തര്‍ക്കമാണ് ഇരുവരുടേയും വിവാഹമോചനത്തിലേക്ക് നയിച്ചത്. മാനസികമായും ശാരീരികമായും തന്നേയും മക്കളേയും ബ്രാഡ് പിറ്റ് ഉപദ്രവിച്ചുവെന്നും മക്കളുടെ മുന്നില്‍ അധിക്ഷേപിച്ചുവെന്നും ജോളി ആരോപിച്ചിരുന്നു.
മക്കളില്‍ ഒരാളെ ശ്വാസംമുട്ടിച്ചുവെന്നും മറ്റൊരാളുടെ മുഖത്തടിച്ചെന്നും തങ്ങളുടെ മേല്‍ ബിയര്‍ ഒഴിച്ചുവെന്നും നടി വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനുശേഷം രേഖകള്‍ പുറത്തുവിട്ട എഫ്ബിഐക്കും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസിനുമെതിരേയാണ് ജോളി കേസ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് പിന്നീട് പിന്‍വലിച്ചു.
2004-ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. ഏറെ നാള്‍ ഒരുമിച്ച് ജീവിച്ച ഇരുവരും 2014-ലാണ് ഔദ്യോഗികമായി വിവാഹിതരായത്. ഇതിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ആഞ്ജലീന ജോളി ജന്മം നല്‍കി. ഇരുവരും ചേര്‍ന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തു.