കൈക്കൂലിപ്പണവുമായി പിടിയിലാകുമെന്നായപ്പോള്‍ വില്ലേജ് ഓഫിസര്‍ കുളത്തില്‍ച്ചാടി; പിറകെച്ചാടി പിടികൂടി വിജിലന്‍സ് ഉദ്യോഗസ്ഥരും: പണം കണ്ടെത്താന്‍ കുളത്തില്‍ തിരച്ചില്‍; തൊണ്ടി മുതലിനു വേണ്ടി യന്ത്രസഹായത്തോടെ ചെളിമാറ്റി പരിശോധിച്ചിട്ടും പണം ലഭിച്ചില്ല

കൈക്കൂലിപ്പണവുമായി പിടിയിലാകുമെന്നായപ്പോള്‍ വില്ലേജ് ഓഫിസര്‍ കുളത്തില്‍ച്ചാടി

Update: 2025-03-17 01:59 GMT

കോയമ്പത്തൂര്‍: കൈക്കൂലി വാങ്ങി ശീലിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആ ശീലം മാറ്റാന്‍ പാടാണ്. ഇവര്‍ പണം വാങ്ങിയെങ്കിലും രക്ഷപെടാനുള്ള വഴികള്‍ തേടുന്നത് പതിവാണ്. കോടമ്പത്തൂരിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ നിന്നും രക്ഷപെടാന്‍ കുളത്തില്‍ ചാടുകയാണ് ചെയ്ത്.

കൈക്കൂലിപ്പണം പിടിക്കാനെത്തിയ വിജിലന്‍സിനെ കണ്ട്, കുളത്തില്‍ച്ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറാണ്. ഒടുവില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കുളത്തില്‍ നിന്നാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ മാത്വരായപുരം തേനി സ്വദേശി വെട്രിവേലിനെയാണ് (32) വിജിലന്‍സ് ഓടിച്ചിട്ട് പിടികൂടിയത്.

ഭര്‍ത്താവ് മരണപ്പെട്ട അര്‍ബുദരോഗിയായ സ്ത്രീ, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി വില്ലേജ് ഓഫിസില്‍ മാസങ്ങളായി കയറിയിറങ്ങുകയായിരുന്നു. വില്ലേജ് ഓഫിസര്‍ 5,000 രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. അവര്‍ 1,000 രൂപ നല്‍കി. 4000 രൂപ കൂടി നല്‍കിയാലേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്ന് വാശിപിടിച്ചതോടെ മരുമകന്‍ കൃഷ്ണസ്വാമി വിജിലന്‍സിനെ സമീപിച്ചു.

തുടര്‍ന്ന്, വിജിലന്‍സ് പറഞ്ഞത് പ്രകാരം, 3,500 രൂപ എത്തിക്കാമെന്നു കൃഷ്ണസ്വാമി ഉദ്യോഗസ്ഥനെ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ കൃഷ്ണസ്വാമി കൈമാറിയതോടെ ഉദ്യോഗസ്ഥര്‍ പിന്നാലെയെത്തി. ഉദ്യോഗസ്ഥരെ കണ്ട വെട്രിവേല്‍ ബൈക്കെടുത്ത് പാഞ്ഞു. വിജിലന്‍സ് കാറില്‍ പിന്തുടരവേ, ഇയാള്‍ ബൈക്ക് ഉപേക്ഷിച്ചു പേരൂര്‍ പെരിയകുളത്തിലേക്കു ചാടുകയായിരുന്നു. പിന്നാലെ ചാടിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വെട്രിവേലിനെ കുളത്തില്‍ നിന്നു പുറത്തെത്തിച്ചു.

എന്നാല്‍ പേരൂര്‍കുളത്തില്‍ യന്ത്രസഹായത്തോടെ നടത്തിയ പരിശോധനയില്‍ പണം കിട്ടിയില്ല. ഇന്നലെ രാവിലെ പേരൂര്‍കുളത്തില്‍ തൊണ്ടിമുതലിനു വേണ്ടി യന്ത്രസഹായത്തോടെ ചെളിമാറ്റി പരിശോധിച്ചെങ്കിലും നോട്ടുകള്‍ കണ്ടെത്തിയില്ല.ഇന്നലെ വൈകിട്ടോടെ വെട്രിവേലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Tags:    

Similar News