വിമാനത്തിലെ എമര്‍ജന്‍സി സ്ലൈഡ് അറിയാതെ തുറന്നു; വിമാനം സര്‍വീസ് നടത്തുന്നത് നിര്‍ത്തിവെച്ചു; എയര്‍ ഹോസ്റ്റസിന് അബദ്ധം പറ്റിയപ്പോള്‍ വിമാന കമ്പനിക്ക് കോടികള്‍ നഷ്ടം; യാത്രക്കാരോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് എയര്‍വേസ്

വിമാനത്തിലെ എമര്‍ജന്‍സി സ്ലൈഡ് അറിയാതെ തുറന്നു;

Update: 2025-01-15 09:11 GMT

ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തിലെ എയര്‍ഹോസ്റ്റസിന് പറ്റിയ അബദ്ധം യാത്രക്കാര്‍ക്ക് വന്‍ ദുരിതവും വിമാനക്കമ്പനിക്ക് വരുത്തി വെച്ചത് വന്‍ സാമ്പത്തിക നഷ്ടവും. ലണ്ടനില്‍ നിന്ന് ബ്രസല്‍സിലേക്ക് പറക്കാനിരുന്ന എയര്‍ബസ് എ-321 ഇനത്തില്‍ പെട്ട വിമാനത്തിലെ ക്യാബിന്‍ക്രൂവിനാണ് അബദ്ധം പറ്റിയത്. വിമാനത്തിലെ എമര്‍ജന്‍സി സ്ലൈഡ് അറിയാതെ തുറന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഈ സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ പ്രവേശിച്ചിരുന്നില്ല.

നൂറ് കണക്കിന് യാത്രക്കാരാണ് ഇതോടെ വിമാനത്താവളത്തില്‍ കുടുങ്ങിയത്. എമര്‍ജന്‍സി സ്ലൈഡ് തുറന്നതിനെ തുടര്‍ന്ന് വിമാനം സര്‍വ്വീസ് നടത്തുന്നത് നിര്‍ത്തി വെച്ചിരുന്നു. വിമാനക്കമ്പനിക്ക് ഒരു ലക്ഷം പൗണ്ടിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ പിന്നീട് കൊണ്ടു പോയത്. മൂന്ന് മണിക്കൂറോളം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിയും വന്നു. വിമാനം ലണ്ടനില്‍ നിന്ന് ബെല്‍ജിയത്തില്‍ എത്താന്‍ ഒരു മണിക്കൂറും പതിനഞ്ച് മിനിട്ടും സമയമാണ് വേണ്ടത്.

ഹീത്രൂ വിമാനത്താവളത്തില്‍ നടന്ന ഈ സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായതെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ കൃത്യമായ പരിശീലനം നല്‍കിയിട്ടുള്ളതായും യാത്രക്കാരോട് ക്ഷമാപണം നടത്തുന്നതായും ബ്രിട്ടീഷ് എയര്‍വേയ്സ് വൃത്തങ്ങള്‍ വ്യക്തമാക്കി. വിമാനത്തിന്റെ എമര്‍ജന്‍സി സ്ലൈഡ് തുറന്നതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ പോലീസും അഗ്‌നിശമന വിഭാഗവും വിമാനത്തിനടുത്തേക്ക് കുതിച്ചെത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഒരിക്കല്‍ എമര്‍ജെന്‍സി സ്ലൈഡ് തുറന്നാല്‍ അത് തിരികെ അടയ്ക്കുന്നതിന് വളരെയേറെ സമയമെടുക്കും കൂടാതെ ഇത് വലിയ പണച്ചെലവുള്ള കാര്യവുമാണ്. ബ്രിട്ടീഷ് എയര്‍വേയ്സിനെ സംബന്ധിച്ച് ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള ഒരബദ്ധം പറ്റുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റുമേനിയയിലേക്ക് പുറപ്പെടാനിരുന്ന മറ്റൊരു ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിന്റെ പൈലറ്റും അബദ്ധവശാല്‍ വിമാനം ടേക്കോഫ് ചെയ്യുന്നതിന് മുമ്പ് എമര്‍ജെന്‍സി സ്ലൈഡ് തുറന്നിരുന്നു.

Tags:    

Similar News