ഇന്ത്യയില്‍ നിന്ന് മടങ്ങിയ ആദ്യ യുദ്ധക്കപ്പല്‍ തകര്‍ത്തു; ഇറാന്റെ അടുത്ത കപ്പലും ലക്ഷ്യമിട്ട് യുഎസ്; കടലിനടിയില്‍ പതിയിരുന്ന് അമേരിക്കന്‍ അന്തര്‍വാഹിനി; ലങ്കന്‍ മണ്ണില്‍ അഭയം തേടി സന്ദേശം അയച്ച് ഇറാന്‍ നാവികര്‍; നൂറോളം ജീവനുകള്‍ മുള്‍മുനയില്‍; കപ്പലിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ശ്രീലങ്കന്‍ മന്ത്രി

Update: 2026-03-05 11:22 GMT

കൊളംബോ: ശ്രീലങ്കന്‍ തീരത്തിന് സമീപം ഇറാന്റെ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേന യുഎസ് അന്തര്‍വാഹിനി ആക്രമണത്തില്‍ തകര്‍ന്നതിനെത്തുടര്‍ന്ന് മേഖലയില്‍ വന്‍ യുദ്ധഭീതി നിലനില്‍ക്കെ ഇന്ത്യയില്‍ സൈനികാഭ്യാസത്തിനെത്തി മടങ്ങിപ്പോകുന്ന ഇറാന്റെ രണ്ടാമത്തെ യുദ്ധക്കപ്പലിനെയും ആക്രമിക്കാന്‍ സാധ്യത. അടിയന്തര സഹായം തേടി കപ്പലില്‍ നിന്നും സന്ദേശമെത്തിയതായി ശ്രീലങ്ക സ്ഥിരീകരിച്ചു. 100ലേറെ നാവികരാണ് കപ്പലിലുള്ളത്. കപ്പലിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ശ്രീലങ്കന്‍ മന്ത്രി നളിന്ദ ജയതിസ്സ പറഞ്ഞു. ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്താണ് നിലവില്‍ കപ്പലുള്ളത്. ശ്രീലങ്കന്‍ തീരത്തേക്ക് അടുക്കുന്നതിനായി സര്‍ക്കാരിന്റെ അനുമതി കാത്ത് കിടക്കുകയാണ് കപ്പലെന്ന് എംപി നമല്‍ രാജപക്‌സെ അറിയിച്ചു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എക്‌സ് പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീലങ്കയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് തൊട്ടടുത്ത് നിലയുറപ്പിച്ചിരിക്കുന്ന ഈ കപ്പലിന് നിലവില്‍ ശ്രീലങ്ക അനുമതി നല്‍കിയിട്ടില്ല. രണ്ടാമത്തെ ഇറാനിയന്‍ കപ്പല്‍ മേഖലയിലുള്ള വിവരം ശ്രീലങ്കന്‍ മാധ്യമ മന്ത്രി നളിന്ദ ജയതിസ്സയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കപ്പലും ആക്രമിക്കപ്പെട്ടേക്കുമെന്ന് ഭീതി നിലനില്‍ക്കുന്നതിനിടെയാണ് തീരത്തടുക്കാന്‍ അനുമതി തേടിയിരിക്കുന്നത്. വിഷയത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിനനായകെ ഉന്നതരുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന സംയുക്ത സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന കപ്പലിനുനേരെ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ഏകദേശം 87 നാവികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കടലില്‍ വീണ 32 നാവികരെ ശ്രീലങ്കന്‍ സേന രക്ഷപ്പെടുത്തിയെങ്കിലും നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇറാനില്‍നിന്ന് 2,000 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് യുഎസ് അന്തര്‍വാഹിനി, കപ്പലിനെ ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തത്.

ഇറാന്‍ കപ്പലിന് നേരെ നടന്ന ആക്രമണം തങ്ങളുടെ വലിയ വിജയമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് ശനിയാഴ്ച പുലര്‍ച്ചെ ഈ സൈനികനീക്കം ആരംഭിച്ചതെന്നും ഇസ്രയേലുമായുള്ള സംയുക്ത ഓപ്പറേഷന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിര്‍ണായകമായ ഈ സൈനിക നീക്കത്തിലൂടെ അമേരിക്ക തങ്ങളുടെ കരുത്ത് തെളിയിച്ചിരിക്കുകയാണെന്നും ഹെഗ്സെത്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം, മേഖലയില്‍ മറ്റൊരു ഇറാനിയന്‍ കപ്പല്‍കൂടി എത്തിയതോടെ സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണമായി തുടരുകയാണ്. ശ്രീലങ്കന്‍ തേയില ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍.

ബുധനാഴ്ച പുലര്‍ച്ചെയാണ് യുദ്ധക്കപ്പലില്‍ നിന്ന് അടിയന്തര സന്ദേശം ശ്രീലങ്കയ്ക്ക് ലഭിച്ചത്. പക്ഷേ രക്ഷിക്കാനായി ശ്രീലങ്കന്‍ കപ്പല്‍ എത്തുമ്പോഴേക്ക് ഇറാന്റെ കപ്പല്‍ മുങ്ങിയിരുന്നു. ഇന്ത്യയുടെ അതിഥികളായി പോയി വരും വഴിയാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടതെന്നും നാവികരുടെ ജീവനെടുത്തതിന് അമേരിക്ക കയ്പ്പുനീര്‍ കുടിക്കാനിരിക്കുന്നതേയുള്ളൂവെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിനും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്കും എതിരെ ആക്രമണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News