കാശ്മീരിലെ സാംബയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്; നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു; പഞ്ചാബില്‍ ചൈനീസ് മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി; അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്നാല്‍ പാക്കിസ്ഥാന് ഇരട്ടിപ്രഹരം നല്‍കും

കാശ്മീരിലെ സാംബയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

Update: 2025-05-09 08:40 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഏഴ് ഭീകകരെ വധിച്ചതായി ബിഎസ്എഫ്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വിട്ടു. വ്യാഴാഴ്ച രാത്രിയാണ് നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തതെന്നും ബിഎസ്എഫ് ജമ്മു എക്‌സിലൂടെ അറിയച്ചു.

അതേസമയം, ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിന്റെ സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ നിന്ന് മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു.നിലവിലെ സാഹചര്യം പരിഗണിച്ചാണ് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ജമ്മു, ഉധംപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് പ്രത്യേകത ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ജമ്മു സര്‍വകലാശാലക്ക് നേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് സര്‍വകലാശാല അടച്ചു.

പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ചൈനീസ് മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഇന്ത്യ തകര്‍ത്ത പാക് മിസൈലുകളെന്ന് നിഗമനം.ഹോഷിയാര്‍പൂരിലെ കുന്നിന്‍ പ്രദേശത്തുനിന്ന് മിസൈല്‍ കണ്ടെത്തിയ വിവരം പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

ജമ്മു, പഞ്ചാബ് ഉള്‍പ്പെടെ വിവിധ മേഖലയിലേക്ക് മിസൈലുകള്‍ തൊടുത്ത് പാകിസ്താന്‍ നടത്തിയ ആക്രമണ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. രാത്രി 8 മണിയോടെ ആരംഭിച്ച ഡ്രോണ്‍ ആക്രമണം എസ് 400 കവാജ് പ്രതിരോധ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷത്തില്‍ വച്ച് തന്നെ ഇന്ത്യ നിര്‍വീര്യമാക്കി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം പഞ്ചാബ് ,ജമ്മു കശ്മീര്‍ അതിര്‍ത്തികളില്‍ കൂടുതല്‍ സജ്ജമാക്കിയിട്ടുണ്ട്.

പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സേന തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പങ്കെടുത്തു. അതേസമയം പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചു. സംയുക്ത സൈനിക മേധാവിയും സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ആക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗ തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. യുദ്ധ സമാന സാഹചര്യം ഔദ്യോഗിക യുദ്ധ പ്രഖ്യാപനത്തിലേക്ക് നീങ്ങുമോയെന്നതിലാണ് ആകാംക്ഷ. ഇന്ത്യയുടെ തുടര്‍ നീക്കങ്ങളിലടക്കം നിര്‍ണായകമാകുന്ന ഉന്നതല യോഗമാണ് ദില്ലിയില്‍ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്.

നിലവിലെ സുരക്ഷാ സാഹചര്യമടക്കം യോഗത്തില്‍ ചര്‍ച്ചയായി. സൈനിക മേധാവിമാരും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമടക്കമുള്ളവര്‍ യോഗത്തിനിടെ ചിരിക്കുന്ന ചിത്രമാണ് കേന്ദ്രം പുറത്തുവിട്ടത്. സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദിവേദി, എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ്. നാവിക സേന മേധാവി അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News