പാക്കിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ല; നുഴഞ്ഞു കയറ്റങ്ങളും പ്രകോപനങ്ങളും ഉണ്ടാകാന്‍ സാധ്യത; ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് വ്യക്തമാക്കി ബിഎസ്എഫ്; പാക്കിസ്ഥാന്‍ വീണ്ടും ആക്രമിച്ചാല്‍ വീണ്ടും കര്‍ശന തിരിച്ചടി കിട്ടും; പാക്കിസ്ഥാന് കര്‍ശന മുന്നറിയിപ്പുമായി ദൗത്യംഘത്തിലുള്ള ശശി തരൂരും
പാക്കിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ല
ജമ്മു: പാക്കിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന നിലപാട് ആവര്‍ത്തിച്ച് അതിര്‍ത്തി രക്ഷാസേന(ബിഎസ്എഫ്). പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റം, മറ്റ് പ്രകോപനങ്ങള്‍ എന്നിവ ഉണ്ടാവുമെന്നാണ് വിവരങ്ങളെന്നും ഈ പശ്ചാത്തലത്തില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' തുടരുമെന്നും ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് സജ്ജമാണ്. അസിസ്റ്റന്റ് കമന്‍ഡാന്റ് നേഹാ ഭണ്ഡാരി ഉള്‍പ്പെടെയുള്ള ബിഎസ്എഫ് വനിതാ ഉദ്യോഗസ്ഥര്‍ ഫോര്‍വേഡ് പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതിലൂടെ മാതൃകാപരമായ ധൈര്യം പ്രകടിപ്പിച്ചു. പാക് ഷെല്ലാക്രമണം നടത്തുന്നതിനിടെ രാജ്യത്തേക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചു, അത്തരം 50-ഓളം ശ്രമങ്ങള്‍ പരാജയപ്പെടുത്തി. മേയ് ഒമ്പത്, 10 തീയതികളില്‍ അഖ്നൂരിനടുത്തുള്ള അതിര്‍ത്തിയില്‍ പാകിസ്താന്‍ ഒരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തു. മറുപടിയായി, ലഷ്‌കറെ തൊയ്ബയുമായി ബന്ധപ്പെട്ട ലോണി ലോഞ്ച് പാഡില്‍ ബിഎസ്എഫ് ആക്രമണം നടത്തി. 72 പാക് പോസ്റ്റുകളും 47 ഫോര്‍വേഡ് പോസ്റ്റുകളും തകര്‍ത്തു.
സാംബ സെക്ടറിലെ ബിഎസ്എഫിന്റെ ഒരു പോസ്റ്റിന് 'സിന്ദൂര്‍' എന്നും മറ്റ് രണ്ടെണ്ണത്തിന് പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച രണ്ടുദ്യോഗസ്ഥരുടേയും പേരുകള്‍ നല്‍കും. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസ്, കോണ്‍സ്റ്റബിള്‍ ദീപക് കുമാര്‍, സൈനികന്‍ നായിക് സുനില്‍ കുമാര്‍ എന്നിവരാണ് മേയ് പത്തിലെ പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.
അതിനിടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നിലെ ഇന്ത്യയുടെ തന്ത്രപരമായ ലക്ഷ്യത്തെക്കുറിച്ച് വിശദീകരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ വിദേശത്തു പര്യടനം തുടരുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി തീവ്രവാദത്തിനെതിരേ ഇന്ത്യ ഉയര്‍ത്തുന്ന സന്ദേശം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അയച്ച ഏഴ് സര്‍വ കക്ഷി സംഘങ്ങളില്‍ ഒരു സംഘത്തെ നയിക്കുന്നത് ശശി തരൂര്‍ ആണ്. നിലവില്‍ ഗയാന സന്ദര്‍ശിക്കുകയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം.
ഇന്ത്യയുടെ നടപടികള്‍ പൂര്‍ണമായും പ്രതികാര നടപടി മാത്രമാണെന്നും പാകിസ്ഥാനുമായി ദീര്‍ഘകാല സംഘര്‍ഷത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ''ഇന്ത്യ നടത്തിയ ഓരോ ആക്രമണവും പാകിസ്ഥാനുള്ള തിരിച്ചടി മാത്രമായിരുന്നു. അത് വളരെക്കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള യുദ്ധത്തിന്റെ തുടക്കമാകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല,'' ശശി തരൂര്‍ ഉറപ്പിച്ചു പറഞ്ഞു.
''ആശങ്ക അറിയിച്ച് വിവിധ ലോകരാജ്യങ്ങള്‍ ഞങ്ങളെ വിളിച്ചപ്പോള്‍ യുദ്ധത്തിന് താത്പര്യമില്ല എന്ന സന്ദേശമാണ് ഇന്ത്യ എല്ലാവര്‍ക്കും നല്‍കിയതെന്നും'' ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന സ്ഥിരമായ നയതന്ത്ര സന്ദേശം എടുത്തു പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ശത്രുത അവസാനിപ്പിച്ചാല്‍ ഇന്ത്യയുടെ പ്രതികാര നടപടികളും ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. ''പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുന്നത് നിര്‍ത്തിയാല്‍ ഇന്ത്യ തിരിച്ചടിയ്ക്കില്ല. ഓപ്പറേഷന്‍ സിന്ദൂറിനിടെ മേയ് പത്തിന് രാവിലെ പാകിസ്ഥാന്‍ ഇന്ത്യയുടെ ഡയറക്ടര്‍ ജനറലിന്റെ മിലിട്ടറി ഓപ്പറേഷന്‍സിനെ ബന്ധപ്പെടുകയായിരുന്നു,'' അദ്ദേഹം പറഞ്ഞു.
സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ശശി തരൂര്‍ വ്യക്തമാക്കി. ഈ സമാധാനം ശക്തിയില്‍ വേരൂന്നിയതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആക്രമണ സാധ്യത ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ കാരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇന്ന് ഞമ്മള്‍ സമാധാനത്തിന്റെ പാതയിലാണ്. നമ്മള്‍ ഈ സമാധാനത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നു. അതും വളരെ ശക്തമായ സന്ദേശമാണ്. എന്നാല്‍ ഇന്നലെ നിങ്ങളുടെ പ്രസിഡന്റ് പറഞ്ഞത് പോലെ ഭയം കൊണ്ടല്ല, മറിച്ച് ശക്തിയോടെ സമാധാനത്തില്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' അദ്ദേഹം വ്യക്തമാക്കി.
ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആക്രമണങ്ങളെ ഇന്ത്യ ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ആളുകള്‍ വീണ്ടും നമ്മളെ ആക്രമിക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നില്ല. അവര്‍ ഞങ്ങളെ വീണ്ടും ആക്രമിച്ചാല്‍ അവര്‍ അത് കൂടുതല്‍ വഷളാക്കുകയാണ്, അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍, ബിഎസ്എഫ്, ശശി തരൂര്‍