അണക്കെട്ടുകള്‍ക്കും ജലസംഭരണികള്‍ക്കും ബഫര്‍സോണ്‍ പ്രഖ്യാപിച്ചതോടെ ജനവാസ മേഖലയില്‍ 7732.38 ഏക്കര്‍ നിരോധിത മേഖലയും 38,661.92 ഏക്കര്‍ നിയന്ത്രിത മേഖലയും ആയി; പുതിയ വീടുകള്‍ നിര്‍മിക്കാനും പഴയത് പുനര്‍നിര്‍മിക്കാനും സാധിക്കാത്ത അവസ്ഥയായി; ഒടുവില്‍ സര്‍ക്കാര്‍ പിന്മാറുന്നു; നിയമസഭയില്‍ അടിയന്തര പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നത് ചരിത്രത്തില്‍ ആദ്യം

Update: 2025-03-25 06:54 GMT

തിരുവനന്തപുരം: 2024 ഡിസംബര്‍ 26ന് ജലസേചന വകുപ്പ് പുറത്തിറക്കിയ ഡാം റിസര്‍വോയര്‍ ബഫര്‍സോണ്‍ ഉത്തരവ് നടപ്പാക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നത് നിയമസഭ ചരിത്രത്തില്‍ ആദ്യമാണ്. പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിനാണ് മന്ത്രിയുടെ മറുപടി. ഇതോടെ മന്ത്രിയുടെ നിലപാട് പ്രതിപക്ഷം സ്വാഗതം ചെയ്തു. കേരളത്തിന്റെ ജലവിഭവവകുപ്പിന്റെ നിയന്ത്രണത്തിലുള്ള 61 റിസര്‍വോയറുകളുടെ പരമാവധി സംഭരണശേഷിയില്‍ നിന്ന് 120 മീറ്റര്‍ ദൂരംവരെ ബഫര്‍സോണ്‍ ആയി പ്രഖ്യാപിച്ചു കൊണ്ട് നിര്‍മാണനിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവ് നടപ്പാക്കിയാല്‍ ഡാമുകളുടെ പരമാവധി സംഭരണ ശേഷിയില്‍ നിന്നും 20 മീറ്ററില്‍ സ്വന്തം ആവശ്യത്തിനുള്ള വീട് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ നിരോധനവും അതിനുശേഷം വരുന്ന 100 മീറ്ററില്‍ വീടുകള്‍ ഒഴികെയുള്ള മറ്റെല്ലാ നിര്‍മാണങ്ങള്‍ക്കും നിരോധനവും പ്രാബല്യത്തില്‍ വരുമായിരുന്നു.

അടിയന്തര പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നത് നിയമസഭ ചരിത്രത്തില്‍ ആദ്യമാണ്. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷ നിലപാട്. പരമാവധി ജലനിരപ്പില്‍ നിന്നും കരയുടെ ഭാഗത്തേക്ക് 20 മീറ്റര്‍ വരെയുള്ള പ്രദേശം ബഫര്‍ സോണായി പ്രഖ്യാപിക്കുകയും ഇതിന് പുറത്തുള്ള 100 മീറ്റര്‍ ചുറ്റളവിലെ നിര്‍മ്മാണത്തിന് ജലസേചന വകുപ്പിന്റെ എന്‍.ഒ.സി നിര്‍ദ്ദേശിക്കുന്നതുമായിരുന്നു വിവാദ ഉത്തരവ്. യു.ഡി.എഫിന്റെ മലയോര ജാഥയില്‍ ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചതും ഈ വിഷയത്തിലായിരുന്നു. ഈ വിഷയത്തിലായിരുന്നു ഇന്നത്തെ അടിയന്തര പ്രേമേയ നോട്ടീസ്. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് ഒടുവില്‍ 2024 ഡിസംബര്‍ 26 ലെ വിവാദ ഉത്തരവ് പിന്‍വലിക്കുമെന്ന് ജലവിഭവ മന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു.

ഡാമുകള്‍ക്ക് സമീപം താമസിക്കുന്ന ആയിരകണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് ഈ തീരുമാനത്തിലൂടെ ഇല്ലാതായത്. പ്രതിപക്ഷ വാദങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ തെറ്റ് തിരുത്താന്‍ തയ്യാറായി. അടിയന്തര പ്രമേയ നോട്ടീസിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കുന്ന അപൂര്‍വതയ്ക്ക് കൂടിയാണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു. കേരളത്തിലെ അണക്കെട്ടുകള്‍ക്കും ജലസംഭരണികള്‍ക്കും ബഫര്‍സോണ്‍ പ്രഖ്യാപിച്ചതോടെ ജനവാസ മേഖലയില്‍ 7732.38 ഏക്കര്‍ നിരോധിത മേഖലയും 38,661.92 ഏക്കര്‍ നിയന്ത്രിത മേഖലയും ആകുന്ന അവസ്ഥ വന്നു. അണക്കെട്ടില്‍ പരമാവധി റിസര്‍വോയര്‍ ലെവലില്‍ വെള്ളം ഉയരുമ്പോള്‍ അവിടെനിന്നാണു ബഫര്‍സോണ്‍ ദൂരം കണക്കാക്കുന്നത് എന്നതിനാല്‍ നിരോധനവും നിയന്ത്രണവും പ്രാബല്യത്തില്‍ വരുമ്പോള്‍ ഈ കണക്ക് ഉയരാമെന്നും വിലയിരുത്തലെത്തി.

ഡിസംബര്‍ 26 ലെ ഉത്തരവു വഴി സംസ്ഥാനത്തെ 61 ഡാമുകളിലും 35 റിസര്‍വോയറുകളിലുമാണ് ബഫര്‍സോണ്‍ പ്രാബല്യത്തിലായിരുന്നത്. ജലസേചന വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള പട്ടിക പ്രകാരം 38 പുഴകളിലെ സംഭരണികളിലായി 782.63 കിലോമീറ്റര്‍ ദൂരമാണ് ബഫര്‍സോണ്‍. ഇരുവശത്തും 20 മീറ്റര്‍ വീതം സോണ്‍ ഒന്നില്‍പെടുത്തി നിരോധിത മേഖലയും 20 മുതല്‍ 120 മീറ്റര്‍ സോണ്‍ രണ്ടില്‍പെടുത്തി നിയന്ത്രിത മേഖലയുമായി. അങ്ങനെയാണ് 7732.38 ഏക്കര്‍ നിരോധിത മേഖലയും 38,661.92 ഏക്കര്‍ നിയന്ത്രിത മേഖലയുമാകുന്നത്. പഴശ്ശി അണക്കെട്ടില്‍ വളപട്ടണം പുഴയില്‍ 6.48 കിലോമീറ്ററാണ് പട്ടിക പ്രകാരം ബഫര്‍സോണ്‍.

ഇവിടെ നിര്‍മാണം പൂര്‍ത്തിയായതും നിര്‍മാണത്തില്‍ ഉള്ളതുമായ 3 വീടുകള്‍ക്ക് ജലസേചന വകുപ്പിന്റെ നിരാക്ഷേപപത്രം ചോദിച്ചത് 11 കിലോമീറ്റര്‍ അകലെയുള്ളവരോടാണ്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ ആവര്‍ത്തിക്കുമ്പോഴും സംസ്ഥാനത്ത് ആയിരക്കണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കാന്‍ ഉത്തരവ് കാരണമാകുമെന്നു വിലയിരുത്തല്‍ എത്തി. പലര്‍ക്കും പുതിയ വീടുകള്‍ നിര്‍മിക്കാനും പഴയത് പുനര്‍നിര്‍മിക്കാനും സാധിക്കില്ല. ഏറ്റവും കൂടുതല്‍ ദൂരം നിയന്ത്രണം വരുന്നത് ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിലെ മുതിരപ്പുഴയിലാണ്281.24 കിലോമീറ്റര്‍. പമ്പ അണക്കെട്ടില്‍ പമ്പ നദിയില്‍ 90.88 കിലോമീറ്ററും ഇടുക്കി അണക്കെട്ടിലെ പെരിയാര്‍ നദിയില്‍ 61.6 കിലോമീറ്ററും ബഫര്‍സോണാണ്.

ഇതെല്ലാം വിവാദമായി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം സഭയ്ക്കുള്ളില്‍ വിഷയം ചര്‍ച്ചയാക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയാണ്. ഇതോടെ പ്രതിഷേധങ്ങളും അവസാനിക്കും.

Tags:    

Similar News