സൗദിക്ക് സമീപം ചെങ്കടലിനടിയിലൂടെ പോകുന്ന കേബിളുകള്‍ മുറിഞ്ഞു; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെ ബാധിച്ചു; കപ്പല്‍ നങ്കൂരമിടുന്നത് മൂലമോ മനഃപൂര്‍വമോ തകരാര്‍ സംഭവിക്കാമെന്നാണ് വിദഗ്ധര്‍; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി മൈക്രോസോഫ്റ്റ്
സൗദിക്ക് സമീപം ചെങ്കടലിനടിയിലൂടെ പോകുന്ന കേബിളു
ന്യൂഡല്‍ഹി: സൗദിയിലെ ജിദ്ദക്കു സമീപം ചെങ്കടലില്‍ കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടെ ദക്ഷിണേഷ്യയിലെ നിരവധി രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെ ബാധിച്ചു. ആഗോള ഇന്റര്‍നെറ്റ് നിരീക്ഷക സ്ഥാപനമായ 'നെറ്റ്‌ബ്ലോക്ക്‌സ്' ഇന്ത്യയില്‍ തടസ്സം നേരിട്ടതായി വ്യക്തമാക്കി. എന്നാല്‍ ഇന്റര്‍നെറ്റ്, ഡാറ്റ കണക്ടിവിറ്റി സേവനങ്ങളില്‍ യാതൊരു ആഘാതവും കണ്ടിട്ടില്ലെന്നാണ് ഇന്ത്യന്‍ ടെലികോം ഓപറേറ്റര്‍മാര്‍ അറിയിച്ചത്.
ഒന്നിലധികം റൂട്ടുകളിലൂടെ നെറ്റ്വര്‍ക്കുകള്‍ക്ക് നമുക്കുണ്ടെന്നും അതിനാല്‍ രാജ്യത്തെ ബാധിക്കാനിടയില്ലെന്നും ഇന്ത്യന്‍ ടെലികോം അതോറിറ്റി വ്യക്തമാക്കി. ടാറ്റ കമ്യൂണിക്കേഷന്‍സ് ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികളുടെ കണ്‍സോര്‍ട്ട്യമാണ് ഈ ഭാഗങ്ങളില്‍ കേബിള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍, ടാറ്റ കമ്യൂണിക്കേഷന്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ തടസ്സം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
കപ്പല്‍ നങ്കൂരമിടുന്നത് മൂലമോ മനഃപൂര്‍വമോ തകരാര്‍ സംഭവിക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഹൂതികള്‍ കേബിളുകള്‍ മുറിച്ചതാണെന്ന സംശയവുമുണ്ട്. മിഡില്‍ ഈസ്റ്റിലൂടെയുള്ള നെറ്റ്വര്‍ക്ക് ട്രാഫിക്കില്‍ വേഗത കുറഞ്ഞേക്കാമെന്നും എന്നാല്‍, മറ്റുപാതകളിലൂടെ ഇത് ക്രമീകരിക്കുമെന്നും മൈക്രോസോഫ്റ്റ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ലോകത്തിന്റെ ഇന്റര്‍നെറ്റ് ഗതാഗതത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേബിള്‍ നെറ്റ്വര്‍ക്കാണ് അണ്ടര്‍സീ കേബിളുകള്‍ അഥവാ സമുദ്രാന്തര്‍ കേബിളുകള്‍. ഉപഗ്രഹങ്ങള്‍ക്കും ഭൗമ കേബിള്‍ ശൃംഖലകള്‍ക്കുമൊപ്പം ഇത് ലോകത്തിന്റെ ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ വലിയ പങ്കുവഹിക്കുന്നു. അത്തരത്തിലുള്ള സുപ്രധാന ഇന്റര്‍നെറ്റ് കേബിളുകള്‍ കടന്നുപോകുന്ന ഇടനാഴികളിലൊന്നാണ് റെഡ് സീ അഥവാ ചെങ്കടല്‍.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനുള്ള സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായി യെമനിലെ ഹൂത്തികളാണോ ചെങ്കടലിലെ സമുദ്രാന്തര കേബിളുകള്‍ തടസപ്പെടുത്തിയത് എന്ന സംശയമുണ്ട്. മുമ്പും ഈ ആരോപണം ഹൂത്തികള്‍ നേരിട്ടിരുന്നെങ്കിലും അന്നെല്ലാം അത് അവര്‍ നിഷേധിച്ചിരുന്നു.