നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന മാരക വൈറസ്; ക്യാമ്പ് ഹില്‍ വൈറസ് അമേരിക്കയില്‍ സ്ഥിരീകരിച്ചതോടെ ലോകത്തിന് ആശങ്ക; അതിവേഗ വ്യാപന ശേഷി; വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരും; നാഡികളെയും ശ്വാസകോശത്തെയും ബാധിക്കുന്ന വൈറസ് മരണത്തിനും കാരണമാകാം

നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന മാരക വൈറസ്

Update: 2025-02-02 10:16 GMT

അലബാമ: ലോകത്തെ ആശങ്കപ്പെടുത്തി മറ്റൊരു വൈറസ് കൂടി. നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന ക്യാമ്പ് ഹില്‍ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഡോക്ടര്‍ ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.

ഹെനിപാവൈറസ് കുടുംബത്തിന്റെ ഭാഗമായ ക്യാമ്പ് ഹില്‍ വൈറസ് വിചാരിച്ചതിലും കൂടുതല്‍ വ്യാപിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നു. കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോര്‍ത്തേണ്‍ ഷോര്‍ട്ട് ടെയില്‍ഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന മുള്ളന്‍പന്നിയുടെ ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാണ് ഈ സസ്തനികള്‍. നിലവില്‍ ആകെ ഒരു സാമ്പിളില്‍ മാത്രമാണ് വൈറസ് സാന്നിധ്യം പോസിറ്റീവായത്.

നിപ വൈറസ് പോലെ വവ്വാലുകളാണ് ക്യാമ്പ് ഹില്‍ വൈറസിന്റെയും വാഹകര്‍. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും വൈറസ് പകരാനിടയുണ്ട്. 'പാരാമിക്സോവൈറിഡേ' എന്ന വൈറസ് കുടുംബത്തില്‍ വരുന്നതാണ് ക്യാംപ് ഹില്‍ വൈറസ്. നിപയേപ്പോലെതന്നെ നാഡികളെയും ശ്വാസകോശത്തെയും ഇത് ബാധിക്കും. കൂടാതെ രോഗിയുടെ മരണത്തിനും ഈ വൈറസ് കരമാകും.

'പാരാമിക്സോവൈറിഡേ' എന്ന വൈറസ് കുടുംബത്തില്‍ വരുന്നതാണ് ക്യാംപ് ഹില്‍ വൈറസ്. കേരളത്തെ സമീപകാലത്ത് ഭീതിയിലാഴ്ത്തിയ നിപ വൈറസും ഇതേ വൈറസ് വിഭാഗത്തിലുള്ളത്. നിപയേപ്പോലെതന്നെ നാഡികളെയും ശ്വാസകോശത്തെയും ബാധിക്കും. മസ്തിഷ്‌കജ്വരം പോലെ അതിസങ്കീര്‍ണമായ അവസ്ഥയിലേക്ക് നയിക്കുകയും രോഗിയുടെ മരണിത്തിന് ഇടയാക്കുകയും ചെയ്യും. നിപയേപ്പോലെ മനുഷ്യരില്‍ നിന്ന് സ്രവങ്ങള്‍ വഴി മനുഷ്യരിലേക്ക് പകരാനിടയുള്ളതിനാല്‍ ഒരു പകര്‍ച്ചവ്യാധിയായി മാറാനുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ തള്ളിക്കളയുന്നില്ല.

ഇതേ കുടുംബത്തില്‍പെട്ട മറ്റൊരു വൈറസ് മനുഷ്യരിലേക്ക് പകര്‍ന്ന സംഭവം മുമ്പ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലാങ്ഗ്യ എന്ന വൈറസാണ് വവ്വാലില്‍ നിന്ന് ഷ്ര്യൂവിലേക്കും അവയില്‍ നിന്ന് മനുഷ്യരിലേക്കും പകര്‍ന്നത്. ക്യാംപ്ഹില്‍ വൈറസും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന വൈറസുകള്‍ക്കെതിരെ പൊതുവായ വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. വൈറസിന്റെ കോശസ്തരത്തിന് മുകളില്‍ കാണപ്പെടുന്ന മാംസ്യതന്മാത്രയെ ലക്ഷ്യമിടുന്ന വാക്സിനാണ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

തലവേദന, ക്ഷീണം, പനി, പേശിവേദന തുടങ്ങിയവയാണ് വൈറസ് ബാധയുടെ പൊതുവായ ലക്ഷണങ്ങള്‍. എന്നാല്‍ ചികിത്സിക്കാന്‍ വൈകിയാല്‍ മസ്തിഷ്‌കജ്വരത്തിന് കാരണമാകും. രോഗം മൂര്‍ച്ഛിക്കുന്നതനുസരിച്ച് ആശയക്കുഴപ്പം, ഹൈപ്പര്‍ റിഫ്ളെക്സിയ, അപസ്മാരം തുടങ്ങി നിരവധി അവസ്ഥകളുണ്ടാകാം. ഇതിനൊപ്പം ശ്വസന പ്രശ്നങ്ങളും ഉടലെടുക്കാം. ചികിത്സ വൈകിയാല്‍ രോഗി കോമയിലേക്ക് പോവുകയും മരണകാരണമായി തീരുകയും ചെയ്യും. നിപയേപ്പോലെ തന്നെ മരണനിരക്ക് 57 ശതമാനമാണ് കണക്കാക്കുന്നത്. നിപയുടെ തന്നെ ചില ഔട്ട്ബ്രേക്കുകളില്‍ 100 ശതമാനം മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ജാഗ്രത പാലിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

Tags:    

Similar News