സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു; നിര്‍മാതാവ് ആന്റോ ജോസഫ് രണ്ടാം പ്രതി; ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ വൈരാഗ്യത്തോടെ നടപടി എടുത്തെന്ന് സാന്ദ്രയുടെ പരാതി; പൊതുമധ്യത്തില്‍ അപമാനിച്ചു, സിനിമയില്‍ നിന്ന് മാറ്റിയെന്നും ആക്ഷേപം
സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു
കൊച്ചി: പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറുമായ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി ഉണ്ണികൃഷ്ണന്‍ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്.
സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു, തൊഴില്‍ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും പരാതിയിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ, നിര്‍മാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സിനിമയുടെ തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ സംഘടനയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാല്‍ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും, പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.
സിനിമയിലെ പല കാര്യങ്ങളും പുറത്ത് വരാറില്ല. താന്‍ മാധ്യമങ്ങളിലൂടെ പറഞ്ഞതിലൂടെ ജനങ്ങള്‍ അറിഞ്ഞു. പരസ്യമായി പരാതികള്‍ പറഞ്ഞതിന്റെ വൈരാഗ്യമാണ് തീര്‍ക്കുന്നതെന്ന് സാന്ദ്ര തോമസ് കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട പ്രതികരിച്ചു. ഇനി സിനിമ ചെയ്യിക്കില്ലെന്ന് പല ആളുകള്‍ വഴി ഭീഷണിപ്പെടുത്തിയെന്നും അവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഭയക്കുന്നില്ല എന്നതിന്റെ തെളിവാണിതെന്നും അവര്‍ പറഞ്ഞു.
ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന് ശേഷം നടന്ന മീറ്റിങ്ങില്‍ വെച്ച് ബി ഉണ്ണികൃഷ്ണന്‍ തനിക്കെതിരെ പരസ്യമായി വെല്ലുവിളി നടത്തിയെന്നും സാന്ദ്ര തോമസ് വെളിപ്പെടുത്തി. 'പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെയും ചേംബറിലെയും എല്ലാവരും ഇരിക്കെ തന്നെ ബി ഉണ്ണികൃഷ്ണന്‍ എന്നെ മലയാള സിനിമ ചെയ്യിക്കില്ല എന്ന് പരസ്യമായി വെല്ലുവിളിച്ചിരുന്നു. പരാതി കൊടുക്കുന്നതിന് മുന്‍പ് ഒരു സിനിമ ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായിരുന്നു. അപ്പോഴാണ് ഇങ്ങനെ ഒരു പ്രശ്നം വരുന്നത്.
എനിക്കെതിരെ പ്രസ്മീറ്റ് നടത്താന്‍ അവര്‍ ആലോചിച്ചിരുന്നു. പല രീതികളില്‍ കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. മലയാള സിനിമയില്‍ എന്ത് പ്രശ്നങ്ങളുണ്ടായാലും ബി ഉണ്ണികൃഷ്ണന്‍ അതിന് പിന്നിലുണ്ടാകും. പക്ഷെ അദ്ദേഹത്തിന്റെ പേര് എവിടെയും വരില്ല. ഒരു ഇന്‍ഡസ്ട്രിയെ ഒരാള്‍ കയ്യിലൊതുക്കി വെച്ചിരിക്കുകയാണ്. സിനിമയില്‍ നില്‍ക്കണമെങ്കില്‍ ഒന്നും പുറത്തുപറയരുതെന്നാണ് പലരും എന്നോടും പറയുന്നത്. പക്ഷെ എനിക്ക് അങ്ങനെ ചെയ്യാനാകില്ല. ഫെഫ്കയില്‍ പരാതി നല്‍കിയിട്ടുള്ള മറ്റ് സ്ത്രീകള്‍ക്ക് കൂടി വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്,' സാന്ദ്ര തോമസ് പറഞ്ഞു. പുതിയ സിനിമയായി മുന്നോട്ടുവരുമെന്നും എങ്ങനെയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും താന്‍ പിന്നോട്ടുപോകില്ലെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.