ദാമ്പത്യം മനോഹരമാക്കാന്‍ ക്ലാസും കൗണ്‍സിലിങ്ങും നടത്തി വന്ന ധ്യാന ദമ്പതിമാര്‍ തമ്മിലടിച്ചു; സെറ്റ് ടോപ് ബോക്‌സ് കൊണ്ട് ഭാര്യയുടെ തല അടിച്ചുപൊട്ടിച്ച് ഭര്‍ത്താവ്; 70,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചു; മോട്ടിവേഷന്‍ പ്രഭാഷകനായ മാരിയോ ജോസഫിന് എതിരായ ഭാര്യ ജിജിയുടെ പരാതിയില്‍ കേസ്

മാരിയോ ജോസഫിന് എതിരെ കേസ്‌

Update: 2025-11-12 11:53 GMT

കൊച്ചി: ദാമ്പത്യ ജീവിതം സുന്ദരവും സമാധാനപരവുമാക്കാന്‍ ധ്യാന ക്ലാസുകള്‍ നടത്തി വരുന്ന മോട്ടിവേഷന്‍ പ്രഭാഷകരായ ദമ്പതിമാര്‍ തമ്മിലുള്ള തര്‍ക്കം അടിയില്‍ കലാശിച്ചതോടെ കേസായി. മാരിയോ ആന്‍ഡ് ജിജി ബ്ലോഗ് വഴി നല്ല കുടുംബജീവിതം നയിക്കാന്‍ ഉപദേശങ്ങള്‍ നല്‍കി വരുന്ന മാരിയോ ജോസഫിന് എതിരെ ഭാര്യ ജിജി അതിക്രമത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ചാലക്കുടി പൊലീസ് ജിജി മാരിയോയുടെ പരാതിയില്‍ കേസെടുത്തു.

എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെ:

പ്രൊഫഷണല്‍ പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ 9 മാസമായി അകന്നുജീവിക്കുകയായിരുന്നു ഭാര്യാ ഭര്‍ത്താക്കന്മാരായ പരാതിക്കാരിയും ഭര്‍ത്താവും. കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി കഴിഞ്ഞ മാസം 25 ന് വൈകിട്ട് 5.30 ന് ഭര്‍ത്താവ് മാരിയോ ജോസഫിന്റെ വീട്ടില്‍ ഇരുന്ന് സംസാരിക്കവേയാണ് വാക്കേറ്റവും ദേഹോപദ്രവവും ഉണ്ടായത്. ദേഹോപദ്രവം ഏല്‍പ്പിക്കണം എന്ന ഉദ്ദശത്തോടെ മാരിയോ ജോസഫ് ടിവിയുടെ സെറ്റ്‌ടോപ്പ് ബോക്‌സ് എടുത്ത് ജിജിയുടെ തലയില്‍ അടിച്ചു. അതുകൂടാതെ ഇടതുകയ്യില്‍ കടിക്കുകയും തലമുടിയില്‍ പിടിച്ചുവലിക്കുകയും ചെയ്തു. ജിജിയുടെ കയ്യില്‍ ഇരുന്ന മൊബൈല്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചതിലൂടെ 70,000 രൂപയുടെ നഷ്ടം വരുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.




 നല്ല കുടുംബ ജീവിതം നയിക്കുന്നതിനായി യുവതീയുവാക്കള്‍ക്കായി ധ്യാനങ്ങള്‍ നടത്തി വരുന്ന ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്. കുടുംബജീവിതത്തിലെ പ്രശ്‌നപരിഹാരത്തിനായി ഇരുവരും ചേര്‍ന്ന് കൗണ്‍സലിങ്ങും നടത്തിയിരുന്നു. ഫിലോകാലിയ എന്ന പേരിലാണ് ഇവര്‍ ധ്യാന പരിപാടി നടത്തിയിരുന്നത്.

ദാമ്പത്യം മനോഹരമാക്കാന്‍( മാരിയോ ജോസഫ്), പുല്‍നാമ്പില്‍ നിന്ന് ആകാശത്തേക്ക് ( ജിജോ മാരിയോ), സെക്കന്‍ഡ് ചാന്‍സ്( ജിജി മാരിയോ) എന്നീ പുസ്തകങ്ങളും ഇരുവരും എഴുതിയിട്ടുണ്ട്. അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കും നന്മയെത്തിക്കുക എന്നതാണ് ഫിലോകാലിയ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്നും കുടുംബങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് ഫിലോകാലിയ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇരുവരും മുമ്പ് പറഞ്ഞിരുന്നു.

Tags:    

Similar News