വ്യാജ വീഡിയോ ചമച്ച് സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; മത സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു; മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തി; ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി വി അന്‍വറിന് എതിരെ കേസ്

ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി വി അന്‍വറിന് എതിരെ കേസ്

Update: 2024-10-15 15:05 GMT

തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. കൃത്രിമമായി വീഡിയോ ചമച്ച് പി വി അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപെടുത്തിയെന്ന പരാതിയില്‍ എരുമേലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാഞ്ഞിരപ്പള്ളി കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ്.

നേരത്തെ ഷാജന്‍ സ്‌കറിയ കാഞ്ഞിരപ്പള്ളി കോടതിയില്‍ അന്‍വറിന് എതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. അന്‍വറിന്റെ പേര് പരാമര്‍ശിച്ചു വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിന്റെ പേരില്‍ ഭാര്യയെയും മക്കളെയും അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും താന്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകളുടെ വീഡിയോ മത സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

പരാതി പരിഗണിച്ച കോടതി, പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ പരാതി നേരത്തെ പൊലീസില്‍ നല്‍കിയിരുന്നു. പൊലീസ് നടപടി എടുക്കുന്നില്ലെന്നാരോപിച്ചാണ് ഷാജന്‍ സ്‌കറിയ കോടതിയെ സമീപിച്ചത്. മറുനാടന്‍ മലയാളിയിലൂടെ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ പി.വി അന്‍വര്‍ എഡിറ്റ് ചെയ്ത് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധം പ്രചരിപ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. ഭാരതീയ ന്യായ് സംഹിത 196, 336, 340, 356 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.



എഫ്‌ഐആറില്‍ പറയുന്നത്

പി വി അന്‍വര്‍ എം എല്‍ എയെ കുറിച്ച് വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിന്റെ വിരോധം നിമിത്തം, മറുനാടന്‍ മലയാളിയിലൂടെ സംപ്രേഷണം ചെയ്ത 15-09-2021 സംപ്രേഷണം ചെയ്ത 11.56 മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്താ വീഡിയോയിലെ 32 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും, 25-05-2021 ലെ വാര്‍ത്താവീഡിയോയിലെ 7 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും, 13-08-2022 ലെ വാര്‍ത്താ വീഡിയോയിലെ 43 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും, 29-05-2023 ലെ വാര്‍ത്താ വീഡിയോയിലെ ആറ് സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യവും പകര്‍ത്തിയെടുത്ത് സംയോജിപ്പിച്ച് ഷാജന്‍ സ്‌കറിയ അവതരിപ്പിക്കുന്ന രീതിയില്‍ കൃത്രിമമായി പ്രതി തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിച്ചു.

അതുവഴി സമൂഹത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചും, ഷാജന്‍ സ്‌കറിയയെ കുറിച്ചും അദ്ദേഹം നടത്തുന്ന മാധ്യമസ്ഥാപനത്തെ കുറിച്ചും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ഫേസ്ബുക്കിലൂടെ നല്‍കി. ' നിന്റെ റോസ് ഷര്‍ട്ട് ഊരി തൊലി ഉരിച്ച് സമൂഹത്തിന്റെ മുന്നില്‍ നിര്‍ത്തിയിട്ടേ ഇത് അവസാനിപ്പിക്കൂ എന്നും, വര്‍ഗ്ഗീയവാദി, മതരാഷ്ട്രവാദി എന്ന ഷാജന്‍ സ്‌കറിയയുടെ ഓരോ വിളിക്കും പ്രത്യേകം പ്രത്യേകം സമ്മാനമുണ്ട് എന്നും മറ്റും പറഞ്ഞ് മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തി. കളവായ വീഡിയോ പ്രചരിപ്പിച്ച് അത് ഷാജന്‍ സ്‌കറിയ പ്രചരിപ്പിച്ചതാണെന്ന് സമൂഹത്തില്‍ വരുത്തി തീര്‍ത്ത് സത്‌പേരിനും കീര്‍ത്തിക്കും ഭംഗം വരുത്തി



 


Tags:    

Similar News