12000 കോടി വായ്പയുടെ അനുമതിക്ക് പുറമേ 6000 കോടിയുടെ അധിക കടമെടുക്കാനും കേന്ദ്രാനുമതി; അധികതുക കടമെടുക്കാന്‍ അനുമതി നല്‍കിയത് വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയില്‍; കേരളാ ഹാസില്‍ കെ വി തോമസ് മുന്‍കൈയെടുത്ത് ധനമന്ത്രിയുമായി നടത്തിയ ആ 'ചായ് പേയ്' ചര്‍ച്ച വെറുതേയായില്ല..!
12000 കോടി വായ്പയുടെ അനുമതിക്ക് പുറമേ 6000 കോടിയുടെ അധിക കടമെടുക്കാനും കേന്ദ്രാനുമതി
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന് 6000 കോടി രൂപകൂടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധിക വായ്പയ്ക്ക് അനുമതി. ഇതോടെ സാമ്പത്തിക വര്‍ഷാവസാനത്തെ ട്രഷറി പ്രതിസന്ധി ഒഴിവാകും. ബില്ലുകള്‍ മാറാനുള്ള അവസരം അടക്കം ഇതോടെ ഒരുങ്ങിയിരിക്കയാണ്. നേരത്തെ ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് 12000 കോടി രൂപ അധിക വായ്പയെടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയിരുന്നു. ഇതിന് പിന്നാലെ 6000 കോടി രൂപ കൂടി കടമെടുക്കാനാണ് അനുമതി ലഭിച്ചത്. ഡല്‍ഹി രാജ്ഭവന്‍ ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നു.
ഡല്‍ഹിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് കേരളത്തിന് അധികതുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ധനകാര്യ മന്ത്രാലയത്തിന്റെ ഈ നിലപാട് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം കേരളത്തിന് ആശ്വാസം നല്‍കുന്നതാണ്. കെ വി തോമസ് മുന്‍കൈയെടുത്താണ് ഇത്തരമൊരു ചര്‍ച്ച നടത്തിയിരുന്നത്. ഇതോടെയാണ് കേരളത്തിന്റെ കാര്യത്തിലെ ഫയലുകള്‍ക്ക് വേഗം കൂടിയത്.
കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള കേരളവുമായി ബന്ധപ്പെട്ട പല ഫയലുകള്‍ക്കും വേഗം കൂടുകയും ചെയ്തിരുന്നു. കടപരിധി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചതിന് ശേഷം കേരളത്തിന്റെ പല ആവശ്യങ്ങളും ഒച്ചിന്റെ വേഗതയിലാണ് നോര്‍ത്ത് ബ്ലോക്കില്‍ നീങ്ങിയിരുന്നത്. എന്നാല്‍ കേരളത്തിനോടുളള നോര്‍ത്ത് ബ്ലോക്കിന്റെ നിലപാടില്‍ കാര്യമായ മാറ്റം ഉണ്ടായെന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന വേളയില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനെതിരെ നിയമ പോരാട്ടം നടത്തുന്ന തിരക്കിലായിരുന്നു കേരളം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിടുകയും ചെയ്തിരുന്നു. ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലുള്ള ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. ക
പില്‍ സിബലുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം എബ്രഹാം ഡല്‍ഹിയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് എതിരായ നിയമ പോരാട്ടം സംസ്ഥാന സര്‍ക്കാര്‍ മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ട്.
സര്‍ക്കാരിനു വൈദ്യുതി ഡ്യൂട്ടി ഇനത്തില്‍ ലഭിക്കേണ്ട തുകയില്‍ ഈ കുടിശിക കുറവ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതിലൂടെ സംസ്ഥാനത്തിന് ഈ വര്‍ഷം ഏകദേശം 6000 കോടി രൂപ കൂടി വായ്പയെടുക്കാന്‍ കഴിയുമെന്ന നിര്‍ദേശം കേന്ദ്രത്തിന്റേതായിരുന്നു. ഈ വഴി തന്നെയാണ ്‌കേരളം ഒടുവില്‍ തേടിയതും.
വൈദ്യുതി മേഖലയുടെ നവീകരണത്തിനു ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി 0.5 ശതമാനം അധിക വായ്പയെടുക്കാന്‍ സംസ്ഥാനത്തിനു കഴിയും. ഈ ആനുകൂല്യം ഉപയോഗിക്കാനാണ് 2024 ഡിസംബര്‍ 31 വരെ കെഎസ്ഇബിക്കു ലഭിക്കാനുള്ള കുടിശികയായ 718.02 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജലഅതോറിറ്റി കെഎസ്ഇബിക്കു നല്‍കാനുള്ള കുടിശിക സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് ആദ്യഗഡുവായി 206.80 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട്, കെഎസ്ഇബി സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 2024 ഡിസംബര്‍ 31 വരെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫിസുകളുടെയും ഉള്‍പ്പെടെ ആകെ കുടിശിക 718.02 കോടി രൂപയായി വര്‍ധിച്ചു.
അതിനിടെ കെ വി തോമസ് ഇടപെട്ട് കേരളത്തിന്റെ എയിംസ് കാര്യത്തിലും നേരിയ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. എയിംസുകളുടെ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയര്‍ സെക്രട്ടറി അങ്കിത മിശ്രയുമായാണ് കെ വി തോമസ് ചര്‍ച്ച നടത്തിയത്. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം നടത്തിയ ചര്‍ച്ചയില്‍ കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയും കെ വി തോമസിനൊപ്പമുണ്ടായിരുന്നു.
കേന്ദ്രം പുതിയതായി അനുവദിക്കുന്ന നാല് എയിംസുകളിലൊരെണ്ണമാണ് കേരളത്തിനു ലഭിക്കാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി നിര്‍ദ്ദേശിക്കുന്ന സ്ഥലം കോഴിക്കോട് ആണ്. എയിംസ് അനുവദിക്കുന്നതിന് മുമ്പായി നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സംഘം എത്തി അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത, റോഡ് -റയില്‍ - വിമാന ഗതാഗത സൗകര്യം, ദേശീയപാതകളുമായുള്ള സാമീപ്യം തുടങ്ങിയ കാര്യങ്ങളുടെ കാര്യക്ഷമത വിലയിരുത്തും. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു തൊട്ടുപിന്നാലെ പരിശോധനാ സംഘമെത്തുമെന്നാണ് സീനിയര്‍ സെക്രട്ടറി നല്‍കിയ ഉറപ്പെന്ന് കെ വി തോമസ് പറഞ്ഞു.
എയിംസ് സംബന്ധിച്ച് കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം താല്‍പ്പര്യം പ്രകടിപ്പിച്ചുണ്ടെന്ന് കെ.വി.തോമസ് പറഞ്ഞു. ഇതുകൂടാതെ ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയ്ക്കും മൂന്ന് മെഡിക്കല്‍ കോളേജുകളുടെയും നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ,ആലപ്പുഴ, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകള്‍ക്കാണ് കേന്ദ്ര സഹായം ലഭിക്കുയെന്നു കെ വി തോമസ് അറിയിച്ചു.