കയ്യിലുള്ളത് വെറും ചില്ലിക്കാശ്, കൊടുക്കാനുള്ളത് കോടികള്‍! കേരളത്തിന് ഇടിത്തീയായി കേന്ദ്രത്തിന്റെ കത്ത്; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും പാരയായി; കടമെടുപ്പ് പരിധിയില്‍ 5944 കോടി വെട്ടിക്കുറച്ചു; ക്ഷേമപെന്‍ഷന്‍ സ്വപ്നമാകുമോ? ബാലഗോപാലിന്റെ നെഞ്ചിടിപ്പ് കൂട്ടി കേന്ദ്രത്തിന്റെ പുതിയ നീക്കം; 'കോര്‍പ്പറേറ്റുകളെ സഹായിക്കുന്നു, സാധാരണക്കാരനെ കൊല്ലുന്നു' എന്ന് ധനമന്ത്രി
കടമെടുപ്പ് പരിധിയില്‍ 5944 കോടി വെട്ടിക്കുറച്ചു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പും സാമ്പത്തിക വര്‍ഷാവസാനവും അടുത്തിരിക്കെ കേരളം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക്. പതിവായി മുണ്ട് മുറുക്കിയെടുക്കുന്ന പിണറായി സര്‍ക്കാരിന് ഇടിത്തീയായി കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധിയില്‍ വന്‍ വെട്ടിക്കുറവ് വരുത്തി. ഇനിയുള്ള മൂന്നു മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍ നിന്ന് 5944 കോടി രൂപയാണ് കേന്ദ്രം ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. ഇതോടെ, ട്രഷറി നടപടികള്‍ സ്തംഭിച്ച് ശമ്പളവും പെന്‍ഷനും ക്ഷേമ പദ്ധതികളും മുടങ്ങുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം.
എന്താണ് സംഭവിച്ചത്?
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇനി 6572 കോടി രൂപ മാത്രമാണ് കേരളത്തിന് കടമെടുക്കാന്‍ കഴിയുക. ബജറ്റിന് പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങള്‍ അധിക വായ്പയെടുത്തതാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്ന കാരണം. ഈ സ്ഥാപനങ്ങളെടുത്ത വായ്പകളും സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം കടുംപിടുത്തം കാണിക്കുന്നത്.
കരാറുകാര്‍ക്ക് നല്‍കാനുള്ള 20,000 കോടി രൂപയുടെ കുടിശ്ശിക തീര്‍ക്കാന്‍ സര്‍ക്കാരിന് മാര്‍ഗ്ഗമില്ല. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ട 15,000 കോടിയിലേറെ രൂപ എവിടെ നിന്ന് കണ്ടെത്തുമെന്നതും ചോദ്യം. 2000 രൂപയായി വര്‍ധിപ്പിച്ച ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതും പ്രതിസന്ധിയിലാകും.
സംസ്ഥാനം ഗാരന്റി നില്‍ക്കുന്ന സ്ഥാപനങ്ങളുടെ വായ്പകള്‍ക്കായി ഒരു കരുതല്‍ ഫണ്ട് രൂപീകരിക്കുന്നതിലും കേന്ദ്രം കടുംപിടുത്തം തുടരുകയാണ്. ആകെ ഗാരന്റി നില്‍ക്കുന്ന തുകയുടെ 2.5% ഒറ്റയടിക്ക് ഫണ്ടില്‍ നിക്ഷേപിക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം.
ഇത് ഘട്ടം ഘട്ടമായി ചെയ്യാമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയതോടെ, നേരത്തെ തടഞ്ഞുവെച്ച 3300 കോടി രൂപ അനുവദിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
കേന്ദ്രത്തിന് പ്രതികാര മനോഭാവമെന്ന് ധനമന്ത്രി
സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആഞ്ഞടിച്ചു.
'ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാക്കുന്ന തെറ്റായ സാമ്പത്തിക നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. 30 വര്‍ഷത്തെ കണക്ക് നോക്കിയാല്‍ സംസ്ഥാനത്തെ കടം വര്‍ധിച്ചതായി കാണാം, ഇത് പ്രതികാരപരവും ശ്വാസം മുട്ടിക്കുന്നതുമായ നിലപാടാണ്. സാധാരണക്കാര്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നയമാണ് കേന്ദ്രത്തിന്റേത്.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിലൂടെ കേന്ദ്രം ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്നോട്ട് പോവുകയാണ്. സംസ്ഥാനങ്ങളില്‍ നിന്ന് പണം പിടിച്ചു വാങ്ങുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
