'ഗുജറാത്തില്‍ മാത്രമല്ല എല്ലാ സംസ്ഥാനത്തും ലഹരി പിടിക്കുന്നുണ്ട്; ഉറവിടം അഫ്ഗാനും ശ്രീലങ്കയും; അഞ്ചുവര്‍ഷത്തിനിടെ പിടിച്ചത് 23,000 കിലോ സിന്തറ്റിക്; ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകളുമായി ചേര്‍ന്ന് പദ്ധതി; ലഹരിപ്പണം തീവ്രവാദത്തിന്'; ഡ്രഗ് നെറ്റ്വര്‍ക്ക് പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാരും
ഡ്രഗ് നെറ്റ്വര്‍ക്ക് പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാസലഹരിക്കെതിരെയുള്ള കടുത്ത പോരാട്ടത്തിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍. ഈ സമയത്താണ് എംഡിഎംഎ അടക്കമുള്ള രാസലഹരികള്‍ ഏറ്റവും കൂടുതല്‍ പിടിക്കപ്പെടുന്നത് ഗുജറാത്തില്‍ നിന്നാണെന്ന് വാര്‍ത്തകള്‍ വരുന്നത്. ഇന്ത്യയുടെ ലഹരി ഹബ്ബായി മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്, മഹാത്മാഗാന്ധി തൊട്ട് നരേന്ദ്രമോദി വരെയുള്ളവരുടെ സ്വന്തം മണ്ണായ ഗുജറാത്തിനെയാണ്. ബിജെപി വര്‍ഷങ്ങളായി ഭരിക്കുന്ന ഗുജറാത്തില്‍ എന്തുകൊണ്ട് മയക്കുമരുന്നിന്റെ വ്യാപനം തടയാന്‍ കഴിയുന്നില്ല, എന്ന ചോദ്യം കേന്ദ്രത്തിനും തലവേദനയായി. 13,000 കോടിയുടെ കൊക്കേയിന്‍ ആണ് ഗുജറാത്തിലെ അംഗലേശ്വറില്‍വെച്ച് കഴിഞ്ഞ വര്‍ഷം പിടികൂടിയത്. ഇന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് പിടികുടപ്പെടുന്നത്, ഗുജറാത്തില്‍വെച്ചാണ്.
അതുപോലെതന്നെ ഏറെ വിവാദമാണ് അദാനിയുടെ നിയന്ത്രണത്തിയുള്ള ഗുജറാത്തിലെ മുന്ദ്രപോര്‍ട്ടും. ഇവിടെവെച്ചും അടിക്കടി മയക്കുമരുന്നുകള്‍ പിടിക്കാറുണ്ട്. 21,000 കോടി രൂപ വിലവരുന്ന ഹെറോയിന്‍ ഇവിടെ കഴിഞ്ഞ വര്‍ഷം പിടികൂടിയത് വലിയ വാര്‍ത്തയായി. ഇതോടൊപ്പം വലിയ വിമര്‍ശനങ്ങളും ഗൂഢാലോചനാസിദ്ധാന്തങ്ങളും ഇതോടൊപ്പമുണ്ടായി. അദാനി ഈ പോര്‍ട്ട് ഏറ്റെടുത്തത് തന്നെ മയക്കുമരുന്ന് കടത്തിനാണെന്നും, മോദി- അദാനി ബന്ധം ഡ്രഗ് മണിയില്‍ അധിഷ്ഠിതമാണെന്നൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലേക്കുള്ള മയക്കമരുന്ന് വിതരണം കര്‍ശനമായി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയില്‍ ഇതുസംബന്ധിച്ച് വിശദീകരിക്കയുണ്ടായി.
ലഹരി ഗുജറാത്തില്‍ മാത്രമല്ല
അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 23,000 കിലോ ഗ്രാം സിന്തറ്റിക് ലഹരി പിടികൂടി നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയെ അറിയിച്ചു. പിടികൂടിയ ലഹരിക്ക് ഏകദേശം 14,000 കോടി രൂപ മൂല്യം വരും. 'അഫ്ഗാനിസ്ഥാനില്‍നിന്നും ശ്രീലങ്കയില്‍ നിന്നുമെല്ലാമാണ് ഡ്രഗസ് എറ്റവും കൂടുതല്‍ ഇന്ത്യയില്‍ എത്തുന്നത്. എല്ലാവരും ഗുജറാത്തില്‍ മാത്രം എന്താണ് ലഹരി പിടിക്കുന്നതെന്നാണ് ചോദിക്കുന്നത്. എന്നാല്‍, ഗുജറാത്തില്‍ മാത്രമല്ല എല്ലാ സംസ്ഥാനത്തും ലഹരി പിടിക്കുന്നുണ്ട്. ലഹരിവസ്തുക്കള്‍ ഇന്ത്യയിലേക്ക് വരാനോ ഇവിടെ നിന്ന് കൊണ്ടുപോകാനോ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. ലഹരിപ്പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സമ്മതിക്കില്ല''-അമിത് ഷാ വ്യക്തമാക്കി.
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ലഹരിക്കെതിരായ പോരാട്ടം തുടരുമെന്നും അമിത്ഷാ അറിയിച്ചു. ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകളുമായി പ്രവര്‍ത്തിച്ച് ഇതിനകംതന്നെ ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.കറുപ്പ് കൃഷി കണ്ടെത്തുന്നതിന് ഡ്രോണ്‍ അടക്കമുള്ള സാങ്കേതിക സഹായം ഉപയോഗുപ്പെടുത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ഗുജറാത്ത് ഡ്രഗ് ഹബ്ബോ?
കേരളത്തില്‍ എംഡിഎംഎ അടക്കമുള്ള രാസലഹരികളുടെ വില്‍പ്പന നന്നായി നടക്കുന്നുണ്ടെങ്കിലും, ഇതിന്റെ നിര്‍മ്മാണമൊന്നും ഇവിടെയില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി, ഗോവ, കര്‍ണാടക, എന്നിവടങ്ങളിലാണ് ഇന്ത്യയിലെ മെത്തിന്റെ ഉല്‍പ്പാദനത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് എന്നാണ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ പറയുന്നത്. ഇന്ത്യയിലെ മെത്തിന്റെ നിര്‍മ്മാണത്തിന് കഷ്ടി പത്തുവര്‍ഷത്തെ ചരിത്രമേയുള്ളൂ. നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്, ഇത് ഇന്ത്യയിലും കുടില്‍ വ്യവസായം പോലെയാക്കിയത്. പഠനം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ഇവര്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെത്തി. ഈ ആഫ്രിക്കക്കാരില്‍ ചിലരിലൂടെയാണ്യാണ് മെത്ത് നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.. പക്ഷേ ഒരു നഗരം എന്ന നിലയില്‍ നോക്കുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംഡിഎംഎ നെറ്റ്വര്‍ക്ക് ഉള്ളത് ബംഗലൂരുവിലാണ്. അടുത്തകാലത്ത് കേരളത്തില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം ബംഗലൂരു കണക്ഷന്‍ ഉണ്ട്. അതുപോലെ പഞ്ചാബ്. ശരിക്കും മയക്കുമരുന്നില്‍ മയങ്ങിവീഴുകയാണ് ഈ നാട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡ്രഗ് അഡിക്റ്റ്‌സ് ഉള്ള സംസ്ഥാനമായി പഞ്ചാബ് മാറുകയാണ്.
ഇപ്പോള്‍ ഗുജറാത്തും അതി ശക്തമായി രാസലഹരിക്കെതിരെ പൊരുതുന്നുണ്ട്. പക്ഷേ ഗുജറാത്തില്‍ നിര്‍മ്മാണം നടക്കുന്നതല്ലാതെ, ഉപയോഗം കുറവാണ്. പാക്കിസ്ഥാനില്‍നിന്നും, മലേഷ്യയില്‍നിന്നും, സിങ്കപ്പൂരില്‍നിന്നുമൊക്കെ കടല്‍വഴി ഗുജറാത്ത് തീരത്ത് എത്തി, ഇന്ത്യയുടെ നനാഭാഗത്തേക്ക് എംഡിഎംഎ കൊണ്ടുപോവുന്ന സംഘങ്ങള്‍ ഇന്നും സജീവമാണ്. നേരത്തെ ശ്രീലങ്ക വഴി ഗുജറാത്തിലേക്ക് ധാരളമായി രാസലഹരി എത്തിയിരുന്നു. എല്‍ടിടിഉ ആയിരുന്നു ഇതിനുപിന്നില്‍. ഇസ്ലാമിക തീവ്രവാദികള്‍വരെ എംഎഡിഎംഎ കടത്തിന് പിന്നിലുണ്ടെന്ന നേരെത്ത തന്നെ ആരോപണമുണ്ട്. അത് അമിത്ഷായും ശരിവെക്കുകയാണ്. ഇപ്പോള്‍ ഈ ലഹരിശൃംഖല തകര്‍ക്കാനുള്ള ശക്തമായ നീക്കമാണ് കേന്ദ്രവും നടത്തുന്നത്.