18ാം വയസില്‍ ടേണിംഗ് പോയിന്റ് എന്ന പേരില്‍ യുവജന സംഘടന തുടങ്ങി; ലിബറല്‍ നിലപാടുള്ള കോളേജുകളില്‍ യാഥാസ്ഥിതിക നിലപാട് പ്രചരിപ്പിച്ചു തീവ്രനിലപാടുകാരുടെ കണ്ണിലുണ്ണിയായി; ട്രംപിന് വോട്ടുപിടിച്ചവരില്‍ പ്രധാനി; വൈറ്റ് ഹൗസിലെ സ്ഥിരംസന്ദര്‍ശകന്‍; ഭാവിയില്‍ യു.എസ് പ്രസിഡന്റാകാന്‍ പോലും സാധ്യത കല്‍പ്പിക്കപ്പെട്ടയാള്‍; ആരാണ് കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്ക്?

18ാം വയസില്‍ ടേണിംഗ് പോയിന്റ് എന്ന പേരില്‍ യുവജന സംഘടന തുടങ്ങി

Update: 2025-09-11 04:30 GMT

ന്യൂയോര്‍ക്ക്: ആരാണ് ചാര്‍ളി കിര്‍ക്ക് എന്ന് ചോദിച്ചാല്‍ അമേരിക്കയിലെ ഏറ്റവും പ്രബലനായ യാഥാസ്ഥിതിക ആക്ടിവിസ്റ്റും മാധ്യമ പ്രവര്‍ത്തകനും ഒപ്പം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനുമായ വ്യക്തിയുമായിരുന്നു അദ്ദേഹം എന്ന് ഒറ്റവാക്കില്‍ പറയാം. മുപ്പത്തി ഒന്ന് വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. കിര്‍ക്ക് സഹസ്ഥാപകനായ ടേണിംഗ് പോയിന്റ് യു.എസ്.എ എന്ന സംഘടനയുടെ കോളേജിലെ പരിപാടി നടത്തുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

പോലീസ് ഇതിനെ കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകം എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിര്‍ക്കിന്റെ ഞെട്ടിപ്പിക്കുന്ന മരണവാര്‍ത്ത പ്രഖ്യാപിക്കുകയായിരുന്നു. മഹാനായ, ഇതിഹാസം ചാര്‍ളി കിര്‍ക്ക് അന്തരിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാര്‍ളിയെക്കാള്‍ നന്നായി മറ്റാര്‍ക്കും മനസ്സിലായില്ല, അല്ലെങ്കില്‍ മറ്റാര്‍ക്കും അത് ഉണ്ടായിരുന്നില്ല എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

പതിനെട്ടാമത്തെ വയസിലാണ് അദ്ദേഹം ടേണിംഗ് പോയിന്റ് ആരംഭിച്ചത്. ലിബറല്‍ ചായ്വുള്ള അമേരിക്കയിലെ കോളേജുകളില്‍ യാഥാസ്ഥിതിക ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത് തുടങ്ങിയത്. ഇന്നലെ യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പരിപാടിക്കിടെ ആണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി, കാലാവസ്ഥാ വ്യതിയാനം, വിശ്വാസം, കുടുംബ മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി കിര്‍ക്ക് സംവാദം നടത്തുന്നതിന്റെ ക്ലിപ്പുകള്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയും സ്വന്തം ദൈനംദിന പോഡ്കാസ്റ്റും നിരന്തരമായി പുറത്തു വിട്ടിരുന്നു.


 



കിര്‍ക്കിന്റെ പോഡ്കാസ്റ്റിന്റെ തുടക്കത്തില്‍ പങ്കെടുത്ത ട്രംപ് തന്നെ പറയുന്നത് കിര്‍ക്ക് അവിശ്വസനീയനായ ഒരു വ്യക്തിയാണ് എന്നാണ്. ഇതുവരെ സൃഷ്ടിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ശക്തമായ യുവജന സംഘടനകളില്‍ ഒന്ന് കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം അത്ഭുതകരമായ ജോലി ചെയ്തു എന്നായിരുന്നു.

ലാഭേച്ഛയില്ലാത്ത ഈ സംഘടന 2012-ല്‍ പ്രസിഡന്റ് ബരാക് ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് ആരംഭിച്ചത്. യുവാക്കളെ ലക്ഷ്യം വച്ചുള്ള അതിന്റെ ദൗത്യം, 'സാമ്പത്തിക ഉത്തരവാദിത്തത്തിന്റെ തത്വങ്ങള്‍, സ്വതന്ത്ര വിപണികള്‍, പരിമിതമായ സര്‍ക്കാര്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്' വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുക എന്നതാണ്. ഇപ്പോള്‍ 850-ലധികം കോളേജുകളില്‍ ഇതിന് ചാപ്റ്ററുകളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ട്രംപിനും മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് നേടാനുള്ള ശ്രമത്തില്‍ പ്രസ്ഥാനം ഒരു പ്രധാന പങ്ക് വഹിച്ചു.

പതിനായിരക്കണക്കിന് പുതിയ വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിച്ചതിനും ട്രംപിനെ വിജയിപ്പിക്കുന്നതിലും കിര്‍ക്കും സംഘടനയും വലിയ പങ്കാണ് വഹിച്ചത്. ട്രംപിന്റെ വിജയത്തിനുശേഷം കിര്‍ക്കും ട്രംപും തമ്മിലുള്ള ബന്ധം വളര്‍ന്നു, ജനുവരിയില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും കിര്‍ക്ക് പങ്കെടുത്തിരുന്നു. ട്രംപ് അധികാരത്തിലിരുന്ന രണ്ട് കാലഘട്ടങ്ങളിലും വൈറ്റ് ഹൗസിലെ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു കിര്‍ക്ക്.


 



ഈ വര്‍ഷം ആദ്യം, ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനൊപ്പം അദ്ദേഹം ഗ്രീന്‍ലാന്‍ഡിലേക്ക് യാത്ര ചെയ്തിരുന്നു. ചിക്കാഗോയിലെ പ്രോസ്പെക്റ്റ് ഹൈറ്റ്സിലെ സമ്പന്നമായ കുടുംബത്തില്‍ ഒരു ആര്‍ക്കിടെക്റ്റിന്റെ മകനായ കിര്‍ക്ക്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിനായി പഠനം ഉപേക്ഷിക്കുന്നതിന് മുമ്പ് ചിക്കാഗോയ്ക്കടുത്തുള്ള ഒരു കമ്മ്യൂണിറ്റി കോളേജില്‍ ചേര്‍ന്നിരുന്നു. കിര്‍ക്കിന്റെ പ്രഭാഷണങ്ങള്‍ ഏറെ ആകര്‍ഷകമായിരുന്നു.

കൂടാതെ അദ്ദേഹത്തിന്റെ ദൈനംദിന് റേഡിയോ ടോക്ക് ഷോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യം ഓക്‌സ്‌ഫോര്‍ഡ് യൂണിയനെയും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. രാജ്യത്തെ തോക്ക് നിയന്ത്രണത്തെ കുറിച്ചും അദ്ദേഹം നിരന്തരം ചര്‍ച്ചകളില്‍ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. ഭാവിയില്‍ അമേരിക്കയുടെ പ്രസിഡന്റ് ആകാന്‍ സാധ്യത പോലും കിര്‍ക്കിന് ഉണ്ടായിരുന്നു.

യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായിരുന്നു കിര്‍ക്ക്. യൂട്ടവാലി സര്‍വകലാശാലയിലെ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. ചാര്‍ലി കിര്‍ക്കിന്റെ മരണവാര്‍ത്ത ട്രംപിനെയും വേദനിപ്പിച്ചു എന്നത് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നും വ്യക്തമാണ്.


 



'മഹാനായ ചാര്‍ലി കിര്‍ക് മരിച്ചു. യു.എസിലെ യുവജനങ്ങളുടെ ഹൃദയത്തെ ചാര്‍ലിയെക്കാള്‍ മറ്റാര്‍ക്കും മനസിലാക്കാന്‍ സാധിച്ചിട്ടില്ല. എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഞാന്‍. അദ്ദേഹം ഇപ്പോള്‍ നമ്മോടൊപ്പമില്ല. കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ചാര്‍ലി, നിങ്ങളെ ഞങ്ങള്‍ സ്‌നേഹിക്കുന്നുട -അനുശോചന സന്ദേശത്തില്‍ ട്രംപ് വ്യക്തമാക്കി.

യു.എസിലെ യുവജനങ്ങളുടെ ഹൃദയത്തെ ചാര്‍ലിയെക്കാള്‍ മറ്റാര്‍ക്കും മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് അനുശോചന സന്ദേശത്തില്‍ ട്രംപ് കുറിച്ചു. ചാര്‍ലിയുടെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യത്തൊട്ടാകെ യു.എസ് പതാക പകുതി താഴ്ത്തിക്കെട്ടാന്‍ ട്രംപ് നിര്‍ദേശം നല്‍കിയതായി വൈറ്റ് ഹൗസ് മാധ്യമങ്ങളെ അറിയിച്ചു.

വെടിവെപ്പിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിയൊച്ച കേട്ടതിന് പിന്നാലെ ചാര്‍ലിയുടെ കഴുത്തിന്റെ ഇടതുവശത്ത് കൂടെ രക്തം ഒഴുകുന്നതാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ കണ്ടത്. വെടിവെപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്.

Tags:    

Similar News