'ബിന്ദുവിന്റെ വിടവാങ്ങൽ അങ്ങേയറ്റം വേദനാജനകം; സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പിന്തുണയും കുടുംബത്തോടൊപ്പം ഉണ്ടാകും..!'; ഒടുവിൽ കേരളത്തിന്റെ ആളിക്കത്തിയ പ്രതിഷേധത്തിന് മുന്നിൽ തലകുനിച്ച് മുഖ്യൻ; അപകടങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ മുന്‍കരുതലുകൾ സ്വീകരിക്കുമെന്നും പ്രതികരണം; ആ ദുരന്തത്തില്‍ മൗനം വെടിയുമ്പോൾ!
തിരുവനന്തപുരം: കോട്ടയത്തെ ദുരന്തത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും. അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയെ മന്ത്രിമാരും സിപിഎം നേതാക്കളും പിന്തുണയ്ക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടേയും പ്രതികരണം.
അതിനിടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പഴയകെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്തി അപകടത്തെ സര്‍ക്കാരിനെതിരായി യുഡിഎഫും പ്രതിപക്ഷ പാര്‍ട്ടികളും ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വസ്തുതകള്‍ വസ്തുതയായി പറയാന്‍ തയ്യാറാവണം. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് വളരെ മുമ്പ് തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് 564 കോടിരൂപയുടെ പദ്ധതി നടപ്പിലാക്കിയത്.
പദ്ധതിയുടെ ഭാഗമായുള്ള കെട്ടിടം ഒരുങ്ങി കഴിഞ്ഞ് പുതിയ ബ്ലോക്കിലേക്ക് രോഗികളെ പ്രവേശിപ്പിക്കാനിരിക്കുമ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. അപകട സമയത്ത് തന്നെ രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ട് പോയി. ഒരു രീതിയിലും രക്ഷാപ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നില്ല. എന്നാല്‍ മന്ത്രിമാരായ വീണാ ജോര്‍ജിനും വി എന്‍ വാസവനുമെതിരെ വലിയ രീതിയിലുള്ള പ്രചാരവേലയാണ് നടത്തിയത്-ഗോവിന്ദന്‍ പറഞ്ഞു.
ആശുപത്രിക്കെട്ടിടത്തിലേക്ക് മണ്ണുമാന്തിയന്ത്രം എത്തിക്കാന്‍ വഴി ഉണ്ടാക്കുന്നതിനായി കുറച്ച് സമയമെടുത്തു. ഏതെങ്കിലും രീതിയില്‍ പ്രവര്‍ത്തനത്തില്‍ തടസമുണ്ടായെന്ന് കുടുംബം പോലും പറഞ്ഞില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ തെറ്റായ പ്രചാരവേലയാണ് നടത്തുന്നത്. ദുരന്തത്തെ വക്രീകരിച്ച് രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കീഴില്‍ ആരോഗ്യമേഖലയും വിദ്യഭ്യാസ മേഖലയും കൈവരിച്ച നേട്ടങ്ങളെ കടന്നാക്രമിക്കുകയെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ളതെന്നും എം വി ഗോവിന്ദന്‍ കൂട്ടിചേര്‍ത്തു. വിവിധ രീതിലുള്ള അപവാദ പ്രചരണം നടത്തി പൊതുബോധമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി കേരളം വിലയ നേട്ടമുണ്ടാക്കിയ മേഖലകള്‍ക്കെതിരെ വമ്പിച്ച പ്രചാരവേലകളാണ് യുഡിഎഫും ചില മാധ്യമങ്ങളും നടത്തുന്നത്. നല്ലരീതിയില്‍ മുന്നോട്ട് പോകുന്ന സംവിധാനത്തിനെതിരെ അടിസ്ഥാന രഹിതമായ രീതിയിലുള്ള ശക്തമായ പ്രചാരവേലയാണ് നടത്തുന്നത്. പൊതു ആരോഗ്യ രംഗത്തെ ഇകഴ്ത്തുന്നവര്‍ വലിയ ജനദ്രോഹ നിലപാടാണ് നടത്തുന്നതെന്ന് മനസിലാക്കണം. ഇപ്പോള്‍ നടത്തുന്ന പ്രചാരണത്തിന് പിന്നിലുള്ള ദുഷ്ടലാക്ക് ജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും വാര്‍ത്താസമ്മേളത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.
അതിനിടെ സംസ്ഥാനത്ത് എങ്ങിനെയെങ്കിലും അധികാരത്തില്‍ വന്ന് ആരോഗ്യമേഖലയില്‍ ഉള്‍പ്പടെ പഴയതുപോലെ കൊള്ളയടിക്കാനുള്ള യുഡിഎഫിന്റെ ശ്രമം ജനങ്ങള്‍ തിരിച്ചറിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. വീണാ ജോര്‍ജിനെതിരെയുള്ള യുഡിഎഫ് ആക്രമണത്തെ പരാമര്‍ശിച്ചാണ് മന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പ്. ഏല്‍പ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോര്‍ജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ് അപകടത്തില്‍ മരിച്ച സഹോദരി ബിന്ദുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ കുറിപ്പ്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഉപയോ?ഗശൂന്യമായ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ മരണത്തെവച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് യുഡിഎഫ്. മന്ത്രി വീണാ ജോര്‍ജിനെ വളഞ്ഞാക്രമിക്കുകയും സോഷ്യല്‍ മീഡിയയിലടക്കം കുറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഹമ്മദ് റിയാസിന്റെ പോസ്റ്റ്.
കൃത്യവിലോപം ഉണ്ടായിട്ടില്ലെന്നും വീണാ ജോര്‍ജ് രാപകല്‍ അധ്വാനിക്കുന്ന മന്ത്രിയാണെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. മന്ത്രി വീണാ ജോര്‍ജ് രാജിവെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണ്. ആരോഗ്യമന്ത്രി തെറ്റായി ഒന്നും പറഞ്ഞില്ല. അപകടം നടന്ന് ആശുപത്രിയിലെത്തിയപ്പോള്‍ ആദ്യം കിട്ടിയ റിപ്പോട്ടാണ് മന്ത്രി പറഞ്ഞതെന്നും മന്ത്രി വി.എന്‍. വാസവന്‍ ചൂണ്ടിക്കാട്ടി.