ഇന്ത്യ-ഇസ്രയേല്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍; ഭാരതത്തിന്റെ 'യുപിഐ' ഇനി ഇസ്രയേലിലും; സാമ്പത്തിക വിപ്ലവത്തിനായി കരാര്‍ ഒപ്പുവച്ച് ഇരുരാജ്യങ്ങളും; ഗസ്സ സമാധാന പദ്ധതിക്ക് പിന്തുണയുമായി മോദി; 'മോദി ഹഗ്ഗും' നെസറ്റിലെ പ്രസംഗവും ഓര്‍മ്മിപ്പിച്ച് നെതന്യാഹു; ഇസ്രയേല്‍ പ്രസിഡന്റ് ഹെര്‍സോഗിന് ഇന്ത്യയിലേക്ക് ക്ഷണം

ഇന്ത്യ-ഇസ്രയേല്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍

Update: 2026-02-26 12:20 GMT

ടെല്‍അവീവ്: ഇന്ത്യയുടെയും ഇസ്രായേലിന്റെയും ബന്ധം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ചരിത്രപരമായ ഇസ്രായേല്‍ സന്ദര്‍ശനം വെറുമൊരു ഔദ്യോഗിക സന്ദര്‍ശനത്തിനപ്പുറം, രണ്ട് രാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും വിളംബരമായി മാറി.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (FTA) ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ഈ കരാര്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കും,' അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക വിപ്ലവത്തിന് യുപിഐ കൈകോര്‍ക്കുന്നു

ഈ സന്ദര്‍ശനത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ചുവടുവെപ്പുകളിലൊന്ന് ഭാരതത്തിന്റെ അഭിമാനമായ UPI (Unified Payments Interface) സംവിധാനത്തെ ഇസ്രായേലുമായി ബന്ധിപ്പിക്കാനുള്ള തീരുമാനമാണ്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഞൊടിയിടയില്‍ സുഗമമാകും. ഇതിന് പുറമെ, ഇന്ത്യ-ഇസ്രായേല്‍ സ്വതന്ത്ര വ്യാപാര കരാര്‍ (FTA) ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇരുരാജ്യങ്ങളിലെയും വാണിജ്യ മേഖലയില്‍ വലിയ ഉണര്‍വ് നല്‍കും. ഇന്ത്യയുടെയും ഇസ്രായേലിന്റെയും യുപിഐ സംവിധാനങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.


ഊഷ്മളമായ സ്വീകരണം

2017-ലെ ചരിത്രപരമായ സന്ദര്‍ശനത്തിന് ശേഷം മോദി നടത്തുന്ന രണ്ടാമത്തെ ഇസ്രായേല്‍ സന്ദര്‍ശനമാണിത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മോദിയെ 'സുഹൃത്ത്' എന്നും 'സഹോദരന്‍' എന്നുമാണ് വിശേഷിപ്പിച്ചത്. ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലിനൊപ്പം നിന്നതിന് നെതന്യാഹു മോദിയോട് നന്ദി പറഞ്ഞു.

വിമാനത്താവളത്തില്‍ വെച്ച് ഇരുനേതാക്കളും കെട്ടിപ്പിടിച്ചതിനെ 'മോദി ഹഗ്' എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ അടയാളമാണെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ (ക്‌നെസെറ്റ്) പറഞ്ഞു.

ഗാസ സമാധാന പദ്ധതിക്ക് പിന്തുണ

ഗാസ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയ പ്രധാനമന്ത്രി, മനുഷ്യത്വം ഒരിക്കലും സംഘര്‍ഷത്തിന്റെ ഇരയാകാന്‍ പാടില്ലെന്ന് ഓര്‍മ്മിപ്പിച്ചു. ഗാസ സമാധാന പദ്ധതിയെ ഇന്ത്യ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

'ഇന്ത്യയുടെ നിലപാട് വ്യക്തമാണ്: മാനവികത ഒരിക്കലും സംഘര്‍ഷത്തിന്റെ ഇരയാകരുത്. ഗാസ സമാധാന പ്ലാനിലൂടെ സമാധാനത്തിലേക്കുള്ള ഒരു വഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ ഈ ശ്രമങ്ങളെ പൂര്‍ണ്ണമായി പിന്തുണച്ചിട്ടുണ്ട്. ഭാവിയിലും എല്ലാ രാജ്യങ്ങളുമായും ഞങ്ങള്‍ ചര്‍ച്ചകളും സഹകരണവും തുടരും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലില്‍ ഹമാസ് നടത്തിയ ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയെ അപലപിക്കുമ്പോള്‍ തന്നെ, ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്ന സന്ദേശത്തെക്കുറിച്ച് പ്രധാനമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ട്. ബുധനാഴ്ച നെസെറ്റില്‍ (ഇസ്രായേല്‍ പാര്‍ലമെന്റ്) നടത്തിയ തന്റെ ചരിത്രപരമായ പ്രസംഗത്തിനിടെ, സമാധാനത്തിന്റെ പാത എപ്പോഴും എളുപ്പമല്ലെങ്കിലും, ചര്‍ച്ചകള്‍ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സമൂഹത്തെ ന്യൂഡല്‍ഹി പിന്തുണയ്ക്കുന്നുവെന്ന് 75 വയസ്സുകാരനായ പ്രധാനമന്ത്രി പറഞ്ഞു.

ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ (UNSC) അംഗീകരിച്ച ഗാസ സമാധാന പദ്ധതി, ആ പ്രദേശത്ത് 'നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള' പാതയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഭീകരവാദവും 'എല്ലായിടത്തെയും സമാധാനത്തെ ഭീഷണിപ്പെടുത്തുന്നു' എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

'യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ച ഗാസ സമാധാന പദ്ധതി ഒരു വഴി വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിക്ക് ഇന്ത്യ അതിന്റെ ഉറച്ച പിന്തുണ പ്രകടിപ്പിച്ചിട്ടുണ്ട്. ഫലസ്തീന്‍ പ്രശ്‌നത്തെ പരിഗണിച്ചുകൊണ്ട് ഉള്‍പ്പെടെ, ആ പ്രദേശത്തെ എല്ലാ ജനങ്ങള്‍ക്കും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിന്റെ വാഗ്ദാനം ഇത് നല്‍കുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നമ്മുടെ എല്ലാ ശ്രമങ്ങളും വിവേകം, ധൈര്യം, മനുഷ്യത്വം എന്നിവയാല്‍ നയിക്കപ്പെടട്ടെ. സമാധാനത്തിലേക്കുള്ള പാത എപ്പോഴും എളുപ്പമല്ല. എന്നാല്‍ ഈ പ്രദേശത്തെ ചര്‍ച്ചകള്‍ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യ നിങ്ങളോടും ലോകത്തോടും ഒപ്പം ചേരുന്നു,' പ്രധാനമന്ത്രി മോദി നെസെറ്റില്‍ പറഞ്ഞു.

നെതന്യാഹുവിന്റെ അഭിനന്ദനം

ഇസ്രായേല്‍ പാര്‍ലമെന്റായ ക്‌നെസെറ്റില്‍ മോദി നടത്തിയ പ്രസംഗം ഇസ്രായേലികളെ വികാരാധീനരാക്കിയെന്ന് നെതന്യാഹു പറഞ്ഞു. ഒക്ടോബര്‍ 7-ലെ ഭീകരാക്രമണത്തില്‍ ഇസ്രായേലിന്റെ വേദന പങ്കുവെക്കുന്നതായി മോദി പറഞ്ഞു. 'ഭീകരവാദം എവിടെയായാലും അത് എല്ലായിടത്തെയും സമാധാനത്തിന് ഭീഷണിയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോളോകോസ്റ്റ് സ്മാരകമായ യാദ് വാഷെം (Yad Vashem) പ്രധാനമന്ത്രി സന്ദര്‍ശിച്ചു. അവിടെ ഇരയായവര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നെതന്യാഹുവിന്റെ ഭാര്യ സാറയുടെ ബന്ധുക്കളുടെ പേരുകളും സ്മാരകത്തില്‍ മോദി കണ്ടു.

പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു

ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ശാസ്ത്രം, ഇന്നൊവേഷന്‍, ജലമാനേജ്‌മെന്റ്, കൃഷി എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഗോള വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News