ക്ലാസില്‍ കുട്ടിക്ക് പാമ്പുകടിയേല്‍ക്കുന്നതുവരെ ആരും പാമ്പിനെ കണ്ടിരുന്നില്ല; ഒടുവില്‍ അടിച്ചു കൊന്നു; ചെങ്കല്‍ സ്‌കൂളില്‍ നേഹയ്ക്ക് വിനയായത് കാട് വെട്ടിത്തെളിക്കാത്ത അധികൃതരുടെ അനാസ്ഥ; സ്‌കൂളുകളിലെ സുരക്ഷിതത്വം അതീവ പ്രാധാന്യമുള്ളതാകണം; കടിച്ചത് ചുരുട്ട ആയതു രക്ഷയായി; ചെങ്കല്‍ യുപിഎസില്‍ സംഭവിച്ചത്

Update: 2024-12-21 01:36 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിക്കുള്ളില്‍ പാമ്പു കടിയേറ്റു വിദ്യാര്‍ഥിനി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍. ചെങ്കല്‍ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും ചെങ്കല്‍ മേക്കോണം ജയന്‍ നിവാസില്‍ ഷിബുവിന്റെയും ബീനയുടെയും ഇളയമകളുമായ നേഹ (12)യ്ക്കാണ് പാമ്പ് കടിയേറ്റത്.

വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് സംഭവം. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ നേഹ പങ്കെടുത്തിരുന്നു. ഇതിനിടെ കാലില്‍ മുള്ളു കുത്തിയതു പോലെ വേദന വന്നു. പരിശോധനയില്‍ പാമ്പാണ് കടിച്ചതെന്ന് തെളിഞ്ഞു. അധ്യാപകര്‍ എത്തി പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയെ ആദ്യം വട്ടവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

ചുരുട്ട എന്ന വിഭാഗത്തിലുള്ള പാമ്പാണ് കടിച്ചത്. വിഷമില്ലാത്ത വിഭാഗത്തില്‍പ്പെട്ട പാമ്പാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സ്‌കൂള്‍ വളപ്പ് കാടു പിടിച്ചുകിടന്നിരുന്നതായി ആരോപണമുണ്ട്. സ്‌കൂള്‍ വളപ്പ് കാടുപിടിച്ചു കിടക്കരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. മഴ കനത്തതോടെ സ്‌കൂള്‍ പരിസരം എല്ലാം കാട് പിടിച്ച നിലയിലാണ്. അത് കൊണ്ട് തന്നെ ഇവിടെ ഇഴജന്തുകള്‍ ഏറെ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കിണര്‍ടാങ്ക് ശുചീകരണം, കാടു തെളിക്കല്‍, പരിസരം അണുവിമുക്തമാക്കല്‍, പാചകപ്പുര വൃത്തിയാക്കല്‍, സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുനീക്കല്‍ എന്നിങ്ങനെ നീളുന്നു സ്‌കൂളുകള്‍ സുരക്ഷിതമായി നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍. സ്‌കൂളുകളില്‍ ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഡിഇഒ, എഇഒമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും നെയ്യാറ്റിന്‍കര ചെങ്കലിലെ സ്‌കൂളില്‍ നടന്നില്ലെന്നതാണ് വസ്തുത.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. ക്ലാസില്‍ കുട്ടിക്ക് പാമ്പുകടിയേല്‍ക്കുന്നതുവരെ ആരും പാമ്പിനെ കണ്ടിരുന്നില്ല. സ്‌കൂളും പരിസരവും വൃത്തിയാക്കാനുള്ള നടപടികള്‍ ഉടന്‍ എടുക്കുമെന്നാണ് അറിയിപ്പ്.

Tags:    

Similar News