ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിതയാണെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്ന് കൊലപാതകം; രക്തം പുരണ്ട ചെന്താമരയുടെ 11 കാല്‍പ്പാടുകളും മല്‍പിടിത്തത്തിനിടെ കീറിയ ഷര്‍ട്ടിന്റെ പോക്കറ്റും തെളിവായി; പുഷ്പയുടെ മൊഴിയും നിര്‍ണ്ണായകം; ആദ്യ കൊലയില്‍ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; നെന്മാറയില്‍ ആദ്യ വിധി

Update: 2025-10-18 05:48 GMT

പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ ചെന്താമരയക്ക് ജീവപര്യന്തം. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സജിത വധക്കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി എത്തുന്നത്. മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് ഇരട്ട ജീവപര്യന്തം. മൂന്നേകാല്‍ ലക്ഷം രൂപ പിഴയും കെട്ടണം. നെന്മാറയിലെ ചെന്താമരയുടെ ആദ്യ ക്രൂരതയിലെ വിധിയാണ് ഇത്. മറ്റൊരു ഇരട്ടക്കൊലക്കേസിലും ചെന്തമാര പ്രതിയാണ്. സജിതാ കൊലക്കേസ് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമല്ലെന്ന് വിലയിരുത്തിയാണ് സജിതാ കൊലക്കേസിലെ ജീവപര്യന്ത വിധി. തെളിവ് നശിപ്പിച്ചതിന് അഞ്ചു കൊല്ലം ശിക്ഷ. ഇതിനൊപ്പം കൊലപാതകത്തിന് ജീവപര്യന്തം. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ജീവപര്യന്തം. ഈ മൂന്ന് ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് ചെന്താമരയ്ക്കെതിരായ വിധി പ്രഖ്യാപിച്ചത്. കൊലപാതകത്തിന് പുറമേ വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചിരുന്നു. കുറ്റക്കാരനെന്ന് വിധിച്ച അന്ന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ ഒന്നും ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു കുറ്റബോധവും ഭാവഭേദവും ഇല്ലാതെയാണ് ചെന്താമര കോടതിയില്‍ നിന്നത്. 2019ലാണ് കേസിനാസ്പദമായ സംഭവം. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്ന ചെന്താമരയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് 2019 ആഗസ്റ്റ് 31ന് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. സജിതയും പുഷ്പയും ചേര്‍ന്ന കൂടോത്രം നടത്തിയതാണ് ഭാര്യ അകലാന്‍ കാരണമെന്ന് ചെന്താമര കരുതിയിരുന്നു. ഈ കേസില്‍ പരോളില്‍ ഇറങ്ങിയപ്പോള്‍ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവിനെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഇതോടെ ചെന്താമരയുടെ ക്രൂരത പുതിയ തലത്തിലെത്തി. ഈ സാഹചര്യമാണ് സജിതാ കൊലക്കേസിനും പ്രസക്തിയുണ്ടായത്. രണ്ടാമത്തെ ഇരട്ടക്കൊലയിലും ചെന്താമര ഇനി വിചാരണയെ നേരിടും.

ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. മെയ് 27ന് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്. ഉടനെ നെന്മാറ ഇരട്ട കൊലപാതകക്കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുകയും ചെയ്യും. സജിതാ കൊലക്കേസില്‍ ചെന്താമരയുടെ ഭാര്യയുടെ മൊഴിയും നിര്‍ണ്ണായകമായി. കൊലക്ക് ഉപയോഗിച്ച ആയുധം വീട്ടിലുണ്ടായിരുന്നതാണെന്നും ചെന്താമര മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും ഭാര്യ മൊഴി നല്‍കിയിരുന്നു. പ്രതിയുടെ വസ്ത്രവും തിരിച്ചറിഞ്ഞു. ചെന്താമരയുടെ സഹോദരന്‍, കൊല്ലപ്പെട്ട സജിതയുടെ മകള്‍ എന്നിവരുള്‍പ്പടെ 52 പേലെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. കഴിഞ്ഞ മാസം നാലിന് വിചാരണ നടപടികള്‍ പൂര്‍ത്തിയായിരുന്നു. ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പടെ 133 സാക്ഷികളാണുള്ളത്.

അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ 2019 ആഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊന്നത്. തന്റെ ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിതയാണെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. വീടിന്റെ പിറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് സജിതയെ വെട്ടിയത്. തുടര്‍ന്ന് പോത്തുണ്ടി വനമേഖലയില്‍ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്. 2020ലാണ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. 2025 ആഗസ്റ്റ് 4ന് സാക്ഷിവിസ്താരം ആരംഭിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ.വിജയകുമാറാണ് ഹാജരായത്. റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27നു സജിതയുടെ ഭര്‍ത്താവ് സുധാകരന്‍ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തി. ചെന്താമരയുടെ ഭീഷണി ഭയന്ന് കേസിലെ പ്രധാനസാക്ഷി നാടുവിട്ടു. പോത്തുണ്ടി സ്വദേശി പുഷ്പ തമിഴ്നാട്ടിലാണിപ്പോള്‍. സജിതയെ കൊന്നശേഷം ചെന്താമര വരുന്നത് കണ്ടത് പുഷ്പയാണ്.

കേസിലെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കോടതിയെ സഹായിച്ചത്. സജിതയുടെ വീട്ടില്‍ നിന്ന് രക്തം പുരണ്ട ചെന്താമരയുടെ 11 കാല്‍പ്പാടുകളും മല്‍പിടിത്തത്തിനിടെ കീറിയ ചെന്താമരയുടെ ഷര്‍ട്ടിന്റെ പോക്കറ്റും അന്വേഷണ സംഘം കണ്ടെത്തി. സജിതയുടെ വീടിന്റെ സമീപത്തും ചെന്താമരയുടെ വീടിന്റെ നേരെ മുന്‍ഭാഗത്തുള്ള പുഷ്പയുടെ മൊഴിയും കേസില്‍ നിര്‍ണായകമായി. വിയ്യൂര്‍ ജയിലിലെ വിചാരണത്തടവുകാരനായ ചെന്താമരക്ക് രണ്ടു വര്‍ഷവും ഒന്‍പത് മാസത്തെയും ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ചു. നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും കേരളത്തില്‍ നിന്ന് പുറത്ത് പോകരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. 17 മാസങ്ങള്‍ക്ക് ശേഷം ജാമ്യത്തില്‍ ഇളവു തേടി ചെന്താമര കോടതിയെ സമീപിച്ചു. നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥ ചുരുക്കി. പിന്നാലെ കേരളത്തിന് പുറത്ത് പലയിടങ്ങളിലായി ഇയാള്‍ ജോലി നോക്കി. തുടര്‍ന്ന് ജാമ്യവ്യവസ്ഥ ലംഘിച്ച് നെന്മാറയിലെ വീട്ടില്‍ ഇടക്കിടെ ചെന്താമരയെത്തി.

ഇതിനിടെ ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടു മാസം മുമ്പ് നെന്മാറയിലെ വീട്ടില്‍ സ്ഥിരതാമസമാക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ 20 ദിവസത്തിനകം സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. മെയ് 27ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.

Tags:    

Similar News