ഛത്തിസ്ഗഡില്‍ 2024ല്‍ മാത്രം വധിച്ചത് 200ല്‍ അധികം മാവോയിസ്റ്റുകളെ; ഏറെയും ബസ്തര്‍ മേഖലയില്‍; അറസ്റ്റിലായത് 800ല്‍ അധികം മാവോയിസ്റ്റുകള്‍; കീഴടങ്ങിയവരും 800ലേറെ; ഗരിയാബാദില്‍ ഇന്ന് പുലര്‍ച്ചെ തീര്‍ത്തത് തലയ്ക്ക് ഒരുകോടിയിട്ട നേതാവുള്‍പ്പെടെ 14 മാവോയിസ്റ്റുകളെ; അമിത് ഷാ ലക്ഷ്യമിട്ട നക്സല്‍ മുക്ത ഭാരതത്തിലേക്ക് സുരക്ഷാസേന മുന്നേറുമ്പോള്‍
അമിത് ഷാ ലക്ഷ്യമിട്ട നക്സല്‍ മുക്ത ഭാരതത്തിലേക്ക് സുരക്ഷാസേന മുന്നേറുമ്പോള്‍
ഭുവനേശ്വര്‍: ഛത്തീസ്ഗഡിലെ ഗാരിയാബന്ദ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ടവരില്‍ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ട സെന്‍ട്രല്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗവും മാവോയിസ്റ്റ് നേതാവുമായ ചലപതി (ജേറാം) അടക്കമുള്ളവരുണ്ടെന്നാണ് വിവരം. കുലാരിഘട്ട് റിസര്‍വ് വനത്തില്‍ രാവിലെയായിരുന്നു ഏറ്റുമുട്ടല്‍. ഒഡിഷയിലെ നുവാപദ ജില്ലാ അതിര്‍ത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടലുണ്ടായതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ചയാണു സേന ഓപറേഷന്‍ ആരംഭിച്ചത്. നക്സല്‍ മുക്ത ഭാരതമെന്ന നിര്‍ണായക ലക്ഷ്യത്തിലേക്ക് വലിയ ജയമാണ് സുരക്ഷാസേന കൈവരിച്ചതെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു.
ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിലെ പൊലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാന്‍ഡോകള്‍, ഒഡീഷ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. പ്രദേശത്തുനിന്ന് വലിയതോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍പ്പേരുണ്ടോയെന്ന് സുരക്ഷാ സേന പരിശോധിക്കുകയാണ്. സിആര്‍പിഎഫ്, ഒഡിഷയിലെയും ഛത്തീസ്ഗഡിലെയും സുരക്ഷാസേനകള്‍ എന്നിവര്‍ സംയുക്തമായാണു ഓപറേഷന്‍ നടത്തിയതെന്നു ഡിജിപി വൈ.ബി.ഖുറാനിയ പറഞ്ഞു.
സംഘടനയിലെ പ്രധാന സമിതിയായ സെന്‍ട്രല്‍ കമ്മിറ്റിയിലെ മുതിര്‍ന്ന നേതാവായ ചലപതി (60) ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് താമസിച്ചിരുന്നത്. ഛത്തീസ്ഗഡിലെ ബാസ്റ്ററിലുള്ള അബുജ്മദ് കൊടുംവനത്തിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ചലപതി ശ്രദ്ധേയനായത്.അബുജ്മദ് പ്രദേശത്ത് ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിച്ചതോടെ ചലപതി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഒഡീഷ അതിര്‍ത്തിയിലേക്ക് താമസം മാറിയത്. മാവോയിസ്റ്റുകള്‍ക്കായി തന്ത്രങ്ങള്‍ മെനയുന്നതിലും പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നതിലും ചലപതി പ്രധാന പങ്ക് വഹിച്ചിരുന്നു. ചലപതിയുടെ സുരക്ഷാ സംഘത്തില്‍ പത്ത് വ്യക്തിഗത ഗാര്‍ഡുകള്‍വരെ ഉണ്ടായിരുന്നതായാണ് വിവരം.
നക്സലിസം ഇന്ത്യയില്‍ ഇന്ന് അവസാന ശ്വാസം വലിക്കുകയാണെന്ന് അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷന്‍ വലിയ വിജയമെന്ന് അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡിലെ കുലാരിഘട്ട് റിസര്‍വ് വനത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. തോക്കുകള്‍, ഐഇഡികള്‍, റൈഫിളുകള്‍ ഉള്‍പ്പെടെ ആയുധങ്ങളുടെ വലിയൊരു ശേഖരം ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് സുരക്ഷാസേന കണ്ടെടുത്തു. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നതായി സുരക്ഷാസേന അറിയിച്ചു.
2024ല്‍ മാത്രം 200ല്‍ അധികം മാവോയിസ്റ്റുകളെ ഛത്തിസ്ഗഡില്‍ സുരക്ഷാ സേന വധിച്ചതായാണ് വിവരം. കൊല്ലപ്പെട്ട 219 മാവോയിസ്റ്റുകളില്‍ 217 പേരും ബസ്തര്‍ മേഖലയില്‍നിന്നാണ്. ബസ്തര്‍, ദണ്ഡേവാഡ, കാംഗര്‍, ബിജാപുര്‍, നാരായണ്‍പുര്‍, കൊണ്ടാഗാവ്, സുക്മ ജില്ലകളിലാണ് ഈ മേഖലയില്‍പ്പെടുന്നത്. 800ല്‍ അധികം മാവോയിസ്റ്റുകള്‍ അറസ്റ്റിലായിട്ടുണ്ട്. 802 പേര്‍ കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മാത്രം 18 സുരക്ഷാ ജീവനക്കാര്‍ ഏറ്റുമുട്ടലില്‍ മരിച്ചു. 65 ജനങ്ങളും മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു.