സര്‍ക്കാര്‍ നിരക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്‍കാന്‍ നാലു സ്ഥാപനങ്ങള്‍ തയ്യാറായപ്പോള്‍ 300% ഉയര്‍ന്ന വിലയ്ക്ക് ഓര്‍ഡര്‍ നല്‍കി; സി എ ജി റിപ്പോര്‍ട്ടില്‍ പുറത്തു വന്നത് ദുരന്തമുഖത്ത് നടത്തിയ വന്‍ കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രം; മുഖ്യമന്ത്രിയും കെ.കെ ശൈലജയും മറുപടി പറയണമെന്ന് സതീശന്‍; നിയമ പോരാട്ടം തുടരാന്‍ പ്രതിപക്ഷം

കോവിഡ് കാലത്തെ പി പി ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി എ ജി റിപ്പോര്‍ട്ട്‌

Update: 2025-01-21 11:51 GMT

തിരുവനന്തപുരം: കോവിഡ് കാല അഴിമതിയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ശരിവച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നതെന്ന വാദമാണ് ചര്‍ച്ചയാകുന്നത്.

കോവിഡ് കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സര്‍ക്കാരിന് ഇതിലൂടെ ഉണ്ടായി. പൊതുവിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

പിപിഇ കിറ്റ് 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും റിപ്പോര്‍ട്ട് പറയുന്നു. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഈ ഇടപാട് നടന്നത്. ആരോഗ്യവകുപ്പുമായും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനുമായും ബന്ധപ്പെട്ട വിവിധ കാര്യങ്ങളില്‍ സിഎജി നടത്തിയ പരിശോധനകളിലാണ് ഈ വസ്തുത തെളിഞ്ഞത്.

സിഎജിയുടെ പ്രധാന കണ്ടെത്തലുകള്‍

ഉയര്‍ന്ന വിലയ്ക്ക് പിപിഇ കിറ്റ്: പിപിഇ കിറ്റിന് പരമാവധി വില 545 രൂപ എന്നു സര്‍ക്കാര്‍ തന്നെ നിശ്ചയിച്ച ശേഷമാണ് 1550 രൂപയ്ക്കു വാങ്ങിയത്. സര്‍ക്കാര്‍ നിരക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്‍കാന്‍ സ്ഥിരം വിതരണക്കാരായ 3 പേരുള്‍പ്പെടെ 4 സ്ഥാപനങ്ങള്‍ തയാറായിരുന്നപ്പോഴാണ് 300% ഉയര്‍ന്ന വിലയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. സാന്‍ ഫാര്‍മ (1550 രൂപ), ഇന്നോവ് (1550) എ ആന്‍ഡ് എ ട്രേഡിങ് വെഞ്ച്വേഴ്സ് (1185), ബിഎന്‍എസ് ഹെല്‍ത്ത് കെയര്‍ (1295), കിറ്റെക്സ് ഗാര്‍മെന്റ്സ് (800830) എന്നിവരില്‍നിന്ന് 2,56,000 കിറ്റുകള്‍ വാങ്ങിയപ്പോള്‍ അധികച്ചെലവ് 10.23 കോടി രൂപ.

ഗ്ലൗസ് ഇറക്കുമതി: നൈട്രൈല്‍ ഗ്ലൗസ് ഇറക്കുമതി ചെയ്തു നല്‍കാം എന്ന വാഗ്ദാനവുമായി മുന്നോട്ടു വന്ന അഗ്രത ഏവിയോണ്‍ കമ്പനിക്ക് 12.16 കോടി രൂപയ്ക്ക് ഒരു കോടി ഗ്ലൗസിന് ഓര്‍ഡര്‍ നല്‍കിയതും ചട്ടവിരുദ്ധം. മുന്‍പരിചയമില്ല എന്നു സ്വയം സമ്മതിച്ച കമ്പനിയാണിത്. 41.60 ലക്ഷം ഗ്ലൗസ് മാത്രമാണവര്‍ എത്തിച്ചത്. മുന്‍കൂറായി കമ്പനിക്ക് നല്‍കിയ 50% തുകയായ 6.08 കോടി രൂപ.യില്‍ 1.02 കോടി രൂപ (8.40 ലക്ഷം ഗ്ലൗസിന്റെ വില) ഇനിയും തിരിച്ചു പിടിക്കാനുണ്ട്.

ആരോപണം കടുപ്പിച്ച് പ്രതിപക്ഷം

മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണ സംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി. എന്നിട്ടാണ് പി.ആര്‍ ഏജന്‍സികളുടെ പ്രൊപ്പഗന്‍ഡകളിലൂടെ വ്യാജ ഇമേജ് കെട്ടിപ്പൊക്കിയത്. ഇന്ന് പുറത്തു വന്ന സി.എ.ജി റിപ്പോര്‍ട്ട് പി.ആര്‍ ഇമേജിനെ തകര്‍ക്കുന്നതാണ്.

മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍ ഫര്‍മയില്‍ നിന്നും മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ വന്‍അഴിമതി നടന്നിട്ടുണ്ടെന്നതും സി.എ.ജി റിപ്പോര്‍ട്ട് അടിവരയിടുന്നു. മൂന്നു കമ്പനികള്‍ 500 രൂപയില്‍ താഴെ പി.പി.ഇ കിറ്റുകള്‍ നല്‍കിയ അതേ ദിവസമാണ് സാന്‍ ഫാര്‍മയില്‍ നിന്നും 1550 രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരുന്നു ഈ കരാറെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനത്തിന് 550 രൂപയ്ക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയാണ് 1550 രൂപയ്ക്ക് കരാര്‍ നല്‍കിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. നിയമ വിരുദ്ധമായി സാന്‍ ഫര്‍മയ്ക്ക് 100 % അഡ്വാന്‍സ് നല്‍കിയെന്ന പ്രതിപക്ഷ ആരോപണവും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു.

ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് കാരണം കെ.എം.എസ്.സി.എലിന്റെ പിടിപ്പുകേടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 26 സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കാണ് കാലാവധി കഴിഞ്ഞ മരുന്നു നല്‍കിയതെന്നതാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍. 14 വിതരണക്കാരുടെ ഒറ്റ മരുന്നിന്റെ പോലും ഗുണനിലവാരം പരിശോധിച്ചിട്ടില്ലെന്നത് ദുരൂഹമാണെന്ന സി.എ.ജി വിലയിരുത്തല്‍ കെ.എം.എസ്.സി.എല്‍ ഇപ്പോഴും അഴിമതിയുടെ കേന്ദ്രമായി തുടരുന്നു എന്നതിന്റെ തെളിവാണ്. സി.എ.ജി ശരിവച്ചിരിക്കുന്ന ഈ അഴിമതിക്കെതിരെ നല്‍കിയ കേസ് ഇപ്പോഴും ലോകായുക്തയുടെ പരിഗണയിലാണ്. കേസ് നിലനിക്കില്ലെന്ന വാദം ഹൈക്കോടതിയും തള്ളിക്കളഞ്ഞു. പ്രതിപക്ഷത്തിന്റെ നിയമ പോരാട്ടം തുടരും. സര്‍ക്കാരല്ലിത് കൊള്ളക്കാരെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുമെന്നും സതീശന്‍ പറഞ്ഞു.


Tags:    

Similar News