തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ യാത്ര; വീഡിയോ കിട്ടി മിനുട്ടുകള്‍ക്കകം പൊക്കി എംവിഡി; യുവാക്കളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും; എടപ്പാളില്‍ ഡ്രൈവിങ് പരിശീലനത്തിന് അയയ്ക്കും

തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ യാത്ര;

Update: 2025-01-21 12:13 GMT

തിരുവല്ല: തിരക്കേറിയ റോഡില്‍ കാറിന്റെ ജനാലച്ചില്ല് താഴ്ത്തി ഡോറില്‍ കയറി പുറത്തേക്ക് തിരിഞ്ഞിരുന്ന് ഫോണ്‍ ചെയ്തു കൊണ്ട് സഞ്ചരിച്ച യുവാക്കളെ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ എടുത്തു. പത്തനംതിട്ട കുമ്പഴ മടുക്കാമൂട്ടില്‍ ജോഹന്‍ മാത്യു(19), തിരുവല്ല മഞ്ഞാടി കുന്നത്ത് പറമ്പില്‍ വീട്ടില്‍ കെ. ജോഹന്‍ മാത്യു(20) എന്നിവരെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.

KL03AE5055 നമ്പര്‍ കാറില്‍ ഇന്ന് രാവിലെ 8.40 ന് കുമ്പഴ-തിരുവല്ല സംസ്ഥാന പാതയിലാണ് സംഭവം. തിരുവല്ലക്കാരന്‍ ജോഹന്‍ മാത്യുവാണ് വാഹനം ഓടിച്ചത്. ഇയാള്‍ ബാംഗ്ലൂരില്‍ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി ആണ്.

തിരുവല്ലയ്ക്ക് സമീപം തോട്ടഭാഗത്ത് വച്ച് പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ ദൃശ്യം പകര്‍ത്തി മോട്ടോര്‍ വാഹനവകുപ്പിന് കൈമാറുകയായിരുന്നു. ഓടുന്ന കാറിന്റെ വലത് വശം പിന്നിലെ ഡോറില്‍ പുറത്തേക്ക് ഇരുന്നായിരുന്നു യാത്ര. യാത്ര ചെയ്യുന്നതിനൊപ്പം ഇവര്‍ മറ്റു വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ പത്തനംതിട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് കൈമാറുക ആയിരുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ബിനു എന്‍ കുഞ്ഞുമോന്‍, അനീഷ് അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ സ്വാതി ദേവ് ഡ്രൈവര്‍ സാബു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി ഡ്രൈവറേയും ഡോറില്‍ ഇരുന്ന ആളിനേയും കണ്ടെത്തുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുക്കുകയും ഡ്രൈവറേയും ഡോറില്‍ ഇരുന്ന് യാത്ര ചെയ്ത ആളെയും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രമായ എടപ്പാളില്‍ തിരുത്തല്‍ പരിശിലനത്തിനായി അയക്കുവാനും രണ്ട് പേരുടേയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുവാനും നടപടി ആയി.

Tags:    

Similar News