അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയും ആറ് ദിവസം നീണ്ട ആശുപത്രി വാസവും; സെയ്ഫ് അലിഖാനെ ഡിസ്ചാര്‍ജ് ചെയ്തു; മടങ്ങുന്നത് ആക്രമം നടന്ന വീട്ടിലേക്കല്ല; ബാന്ദ്രയിലെ മറ്റൊരു വീട്ടിലേക്ക്; മൊഴി പിന്നീട് രേഖപ്പെടുത്തും

നടന്‍ സെയ്ഫ് അലി ഖാന്‍ ഡിസ്ചാര്‍ജായി

Update: 2025-01-21 10:30 GMT

മുംബൈ: മോഷണ ശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അദ്ദേഹം ഡിസ്ചാര്‍ജ് ആയതായി ലീലാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവാണു വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. ഭാര്യ കരീന കപൂര്‍, മകള്‍ സാറാ അലി ഖാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സെയ്ഫിന്റെ കുടുംബാംഗങ്ങള്‍ നടനോടൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. സെയ്ഫ് അലി ഖാന്റെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തിയേക്കും.

മോഷണ ശ്രമത്തിനിടെ നടനെ കുത്തിയ പ്രതി ബംഗ്ലദേശ് സ്വദേശിയാണ്. മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് എന്നയാളാണ് പൊലീസ് പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാള്‍ മുംബൈയില്‍ കഴിഞ്ഞിരുന്നത്.

ആശുപത്രി വിടുന്ന സെയ്ഫ് അലിഖാന്‍ ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്സ് വീട്ടിലേക്കാവും തിരിച്ചുപോവുകയെന്നാണ് സൂചന. താരം വേഗം സുഖംപ്രാപിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വീട്ടിലേക്ക് മാറ്റുന്നതെന്നാണ് വിവരം. നിലവില്‍ താമസിച്ചുവരുന്ന സത്ഗുരു ശരണില്‍നിന്ന് 500 മീറ്റര്‍മാറിയാണ് ഫോര്‍ച്യൂണ്‍ ഹൈറ്റ്സ്. ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചു. മുംബൈ പോലീസ് ഇവിടെ മുഴുവന്‍ സമയം നിരീക്ഷണം നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീടുമാറാനുള്ള തീരുമാനം കരീന കപൂറിന്റേതായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരന്‍ ഷരീഫുള്‍ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.

Tags:    

Similar News