അമ്മ വഴക്ക് പറഞ്ഞത് പിണക്കമായി; രണ്ടാം ക്ലാസുകാരന്‍ 'ഉമ്മക്കെതിരേ കേസ് കൊടുക്കാന്‍' വീടുവിട്ടിറങ്ങി; നാല് കിലോമീറ്റര്‍ നടന്ന് പോലീസ് സ്‌റ്റേഷനാണെന്ന് കരുതി എത്തിയത് ഫയര്‍ സ്റ്റേഷനില്‍; ഉദ്യോഗസ്ഥരെ പരാതിയും അറിയിച്ചു; മലപ്പുറത്തു നിന്നും ഒരു 'ഒളിച്ചോട്ടക്കഥ'!

രണ്ടാം ക്ലാസുകാരന്‍ 'ഉമ്മക്കെതിരേ കേസ് കൊടുക്കാന്‍' വീടുവിട്ടിറങ്ങി

Update: 2025-02-22 16:33 GMT

മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനെന്ന് കരുതി എത്തിയത് ഫയര്‍ സ്റ്റേഷനില്‍. മലപ്പുറത്താണ് സംഭവം. മാതാവിനോട് പിണങ്ങി നാല് കിലോമീറ്ററോളം ദൂരമാണ് കുട്ടി നടന്ന് ഫയര്‍ സ്റ്റേഷനിലെത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.

ഇന്ന് വൈകുന്നേരം മലപ്പുറം ഇരുമ്പൂഴിയിലാണ് സംഭവമുണ്ടായത്. അമ്മയുമായി ചെറിയ രീതിയില്‍ വഴക്കുണ്ടായിരുന്നു. അമ്മക്കെതിരെ പരാതി കൊടുക്കുമെന്ന് കുട്ടി പറഞ്ഞിരുന്നു. സഹോദരിയുമായുള്ള പിണക്കമാണ് തുടക്കമായത്. ഇതോടെ സഹോദരിയെ കുറിച്ചുള്ള പരിഭവം മാതാവിനോട് പറഞ്ഞു. എന്നാല്‍ മാതാവ് രണ്ടാം ക്ലാസുകാരനെ വഴക്കുപറയുകയായിരുന്നു. ഇതിന്റെ വിഷമത്തില്‍ 'ഉമ്മക്കെതിരേ കേസ് കൊടുക്കും' എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് കുട്ടി.

പോലീസ് സ്റ്റേഷന്‍ എന്നു കരുതിയാണ് മുണ്ടുപറമ്പിലുള്ള ഫയര്‍ സ്റ്റേഷനില്‍ കുട്ടി ചെന്ന് കയറിയത്. 'ഉമ്മ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു' എന്നൊക്കെ ഉദ്യോഗസ്ഥരോട് കുട്ടി പരാതി പറഞ്ഞു. ഉദ്യോഗസ്ഥര്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ അറിയിച്ചു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് വിവരമറിയിച്ചു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീട്ടുകാരെ വിവരമറിയിക്കാന്‍ സാധിച്ചു. പിതാവ് എത്തി കുട്ടിയെ തിരിച്ച് വീട്ടിലെത്തിച്ചു. അവധിദിവസം ആയതുകൊണ്ട് കുട്ടി അടുത്ത വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വീട്ടുകാര്‍ കരുതിയത്. കുട്ടി ഇത്തരത്തില്‍ ഇറങ്ങിപ്പുറപ്പെട്ട കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പിതാവിന് ഫോണ്‍ വന്നപ്പോഴാണ് കുട്ടി പോയിട്ടുണ്ട് എന്നറിഞ്ഞത്.

Tags:    

Similar News