ബാല സംഘം പഠന ക്യാംപില്‍ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചയാള്‍ ഭരണ സമിതിയില്‍; ഇടതു നേതാവിന്റെ ഭാര്യയും പീഡനാരോപണത്തില്‍ കുടങ്ങി; ഇടതു സംഘടനയെ നയിക്കുന്നത് കൊലക്കേസ് പ്രതി; റിമാന്‍ഡ് കലാവധിയും സര്‍വ്വീസാകും; ശിശുക്ഷേമ സമിതിയില്‍ സംഭവിക്കുന്നത്
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുട്ടികളോടു മോശമായ പെരുമാറിയ സംഭവത്തില്‍ ഇടതുയൂണിയന്‍ നേതാവായ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്റെ ഭാര്യയായ ആയയെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റിയിരുന്നു. അതിന് ശേഷവും മാറ്റമൊന്നും ഉണ്ടായില്ല. ഇടതു യൂണിയന്‍ നേതാവിന്റെ ഭാര്യയ്‌ക്കെതിരെ കേസും വന്നില്ല. സമിതിയുടെ പ്രസിഡന്റ് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ്.സ്ഥാപനത്തിലെ ഇടതുസംഘടനയെ നയിക്കുന്നതു കൊലക്കേസ് പ്രതിയാണെന്നത് മറ്റൊരു യാദൃശ്ചികതയും.
കുട്ടികളോടു മോശം വാക്കുകള്‍ ഉപയോഗിച്ചതിനായിരുന്നു നടപടി. സമ്മര്‍ദങ്ങള്‍ വന്നപ്പോള്‍ ഒരു മാസത്തിനകം തിരികെ നിയമിക്കാന്‍ ഭരണസമിതി നിര്‍ബന്ധിതമായി എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളളെ ഉപദ്രവിച്ചതിനാണു മറ്റു 2 പേര്‍ക്കെതിരെ നടപടിയെടുത്തത്. മികച്ച ആയമാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ച 4 ആയമാരെ തൊട്ടടുത്ത ദിവസം പിരിച്ചുവിടേണ്ടിവന്ന സംഭവവും ഉണ്ടായിട്ടുണ്ടെന്ന് മനോരമ പറയുന്നു. കുട്ടികളെ ഉപദ്രവിച്ച സംഭവം പുറത്തറിഞ്ഞതോടെയായിരുന്നു നടപടി.
മണ്ണന്തല രഞ്ജിത് കൊലക്കേസിലെ 4ാം പ്രതിയായ വി.അജികുമാറിനെ ശിശു ക്ഷേമസമിതി സ്റ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി അടുത്തിടെയാണു തിരഞ്ഞെടുത്ത്. ആര്‍ എസ് എസ് - സിപിഎം സംഘട്ടനത്തിന്റെ തുടര്‍ച്ചയായിരുന്നു രഞ്ജിത് കൊല. പാര്‍ട്ടി സമ്മേളനത്തില്‍ അജി കുമാറിനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ബാല സംഘം പഠന ക്യാംപില്‍ വച്ച് കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പാര്‍ട്ടി തന്നെ സ്ഥിരീകരിച്ചയാള്‍ പോലും ഭരണസമിതിയിലുണ്ടെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് തെളിഞ്ഞിട്ടും ഭരണസമിതി അംഗത്തിനെതിരെ നടപടിയുണ്ടായില്ല. ശിശുക്ഷേമ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ മന്ദിരത്തില്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ അന്തേവാസികളായുള്ളപ്പോഴാണ് കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്ഥാപനത്തില്‍ തുടരുന്നതെന്നതാണ് ഉയരുന്ന ആക്ഷേപം.
ശിശുക്ഷേമ സമിതി ആസ്ഥാനത്തു രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപദ്രവിച്ച ആയമാര്‍ക്കെതിരെ മുന്‍പും സമാനമായ സംഭവങ്ങളില്‍ ആരോപണമുയര്‍ന്നിട്ടുണ്ടെന്നാണ് സൂചന. രാഷ്ട്രീയ പിന്തുണയോടെയാണ് ഇവിടെ പലരെയും നിയമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പരാതികളുണ്ടായാല്‍ നടപടിയെടുക്കാന്‍ ഭരണസമിതിയ്ക്കും കഴിയില്ല. ദിവസവേതനക്കാരാണ് ഇവര്‍. അച്ചടക്കനടപടിയൊന്നും കാര്യമായി ഉണ്ടാകാറില്ല.
മണ്ണന്തല രഞ്ജിത് കൊലക്കേസിലെ നാലാം പ്രതി വി.അജികുമാറിനെയാണു ശിശുക്ഷേമസമിതി സ്റ്റാഫ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് വിവാദമായിരുന്നു. കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ കാലാവധി സര്‍വീസ് കാലമായി പരിഗണിച്ചു സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും നല്‍കണമെന്ന അജികുമാറിന്റെ ആവശ്യം ശിശുക്ഷേമ സമിതിയുടെ ഭരണസമിതിക്കു മുന്നിലുണ്ട്.
ഇതു പരിഗണിക്കാനിരിക്കെയാണ് അജി സിഐടിയു നിയന്ത്രണത്തിലുള്ള സംഘടനയുടെ തലപ്പത്ത് എത്തിയത്. 2008 ഒക്ടോബര്‍ 15ന് പുലര്‍ച്ചെ പച്ചക്കറി കടയ്ക്കുള്ളില്‍ കയറി അജി കുമാര്‍ ഉള്‍പ്പെടുന്ന സംഘം രഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലക്കേസില്‍ പ്രതിയാകുമ്പോഴും സംസ്ഥാന ശിശു ക്ഷേമസമിതി സ്റ്റാഫ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു അജി കുമാര്‍.
കേസ് നടപടികളുടെ ഭാഗമായി ഓഫിസില്‍നിന്നു വിട്ടുനിന്നതിനെ തുടര്‍ന്നു സംഘടനയുടെ പ്രവര്‍ത്തനം നിര്‍ജീവമായി. അടുത്തിടെ സിഐടിയു അഫിലിയേഷന്‍ ലഭിച്ചതിനു ശേഷം നടത്തിയ തിരഞ്ഞെടുപ്പില്‍ അജി കുമാറിനെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. സ്വഭാവ ദൂഷ്യമുള്ളവരെ ഇത്തരം സ്ഥാപനങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നാണ് ജുവനൈല്‍ ജസ്റ്റിസ് നിയമം നിര്‍ദേശിക്കുന്നത്. അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലാണ് അജികുമാര്‍ ഇപ്പോള്‍. ജൂനിയര്‍ സൂപ്രണ്ടായി സ്ഥാനക്കയറ്റം നല്‍കാനാണു നീക്കം.