താരിഫ് യുദ്ധത്തില്‍ അമേരിക്കയോട് അതേ നാണയത്തില്‍ തിരിച്ചടിച്ച് ചൈന; യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം അധികം തീരുവ; പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍; ട്രംപുമായുള്ള വ്യാപാര യുദ്ധം മറികടക്കാന്‍ ചൈനയുമായി സഹകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഷി ചിന്‍പിങ്
താരിഫ് യുദ്ധത്തില്‍ അമേരിക്കയോട് അതേ നാണയത്തില്‍ തിരിച്ചടിച്ച് ചൈന
ബീജിംഗ്: അമേരിക്ക - ചൈന വ്യപാര യുദ്ധം മുറുകുന്നു. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ 125% തീരുവ ചുമത്താനുള്ള പ്രഖ്യാപനവുമായി ചൈന രംഗത്ത് വന്നതോടെ വ്യാപാര യുദ്ധം കടുക്കുകയാണ്. മുമ്പ് 84% തീരുവ ചുമത്തിയതാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്ക് പിന്നാലെയാണ് ചൈനയും നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്.
ചൈനയ്ക്കു മേല്‍ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ- അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യയുക്തിയുടെയും ലംഘനമാണെന്ന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ ആഗോള സാമ്പത്തിക മേഖലയിലുണ്ടായ കുഴപ്പങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം യുഎസ് ഏറ്റെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
താരിഫ് യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് കൊമ്പുകോര്‍ക്കാന്‍ ഉറപ്പിച്ചാണ് ചൈനയുടെ തീരുമാനം. പകരം തീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയില്‍നിന്ന് ചൈനയെ ഒഴിവാക്കിയ ട്രംപിന്റെ നടപടിക്ക് അതേ നാണയത്തില്‍ ചൈന തിരിച്ചടി നല്‍കുകയായിരുന്നു. ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. നേരത്തെ 84 ശതമാനം തീരുവയായിരുന്നു ചൈന പ്രഖ്യാപിച്ചത്. പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ചെന അറിയിച്ചു.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം തീരുവ ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ ഭയക്കുന്നില്ലെന്ന് പറഞ്ഞതിനു പിന്നാലെയാണ് ചൈനയുടെ 'പകരത്തിനു പകരം' പ്രഖ്യാപനം. വ്യാപാര യുദ്ധം മറികടക്കാന്‍ ചൈനയുമായി സഹകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഷി ആവശ്യപ്പെടുകയും ചെയ്തു. യുഎസിലേക്കുള്ള ഇറക്കുമതിക്കു ചുമത്തിയ പകരംതീരുവ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചത്. ഇതില്‍നിന്നു ചൈനയെ ഒഴിവാക്കിയ ട്രംപ് തീരുവ 125% ആക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു.
ആദ്യം ചൈനയുടെ മേല്‍ 104% പകരംതീരുവ ചുമത്തിയ യുഎസ് നടപടിക്കെതിരെ ചൈന തിരിച്ചടിച്ചിരുന്നു. യുഎസ് ഉല്‍പന്നങ്ങള്‍ക്ക് 84% തീരുവ ചുമത്തി. ഇതില്‍ പ്രകോപിതനായ ട്രംപ് 125 ശതമാനമായി തീരുവ ഉയര്‍ത്തി. പ്രതികാരച്ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് ആനുകൂല്യമുണ്ടാവില്ലെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ നടപടി. തുടര്‍ന്നാണ് ഇന്നത്തെ ചൈനയുടെ പ്രഖ്യാപനം.
അടി-തിരിച്ചടി, വീണ്ടും അടി എന്ന നിലയിലാണ് അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം മുറുകുന്നത്. ലോക സമ്പദ്വ്യവസ്ഥയുടെ 43 ശതമാനവും ഈ രണ്ട് സാമ്പത്തിക ശക്തികള്‍ ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ തമ്മിലുള്ള പോര് എല്ലാ രാജ്യങ്ങളെയും ബാധിക്കും.
ട്രംപിനെ ഭയക്കാതെ ചൈന
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 145 ശതമാനം തീരുവ ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ ഭയക്കുന്നില്ലെന്ന് ചൈന വ്യക്തമാക്കി. യുഎസിന്റേത് ഏകപക്ഷീയമായ ഭീഷണിയാണെന്നും ഇതിനെ ചെറുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തങ്ങളുമായി കൈകോര്‍ക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസുമായി ബെയ്ജിങില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഇക്കാര്യം പറഞ്ഞത്. വ്യാപാര യുദ്ധം മറികടക്കാന്‍ ചൈനയുമായി സഹകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ഷി മുന്നറിയിപ്പ് നല്‍കിയതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ പറഞ്ഞു.
''ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലിനെ സംയുക്തമായി ചെറുക്കണം. ഇത് രാജ്യാന്തര നീതിയുടെ സംരക്ഷണത്തിന് അനിവാര്യമാണ്. ചൈന ഈ യുദ്ധങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് ഭയപ്പെടുന്നുമില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഎസ് ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരം പെരുമാറ്റങ്ങള്‍ അവസാനിപ്പിക്കണം. യുഎസിന്റെ ഈ തന്ത്രങ്ങള്‍ ചൈനയുടെ അടുത്ത് വിലപ്പോകില്ല.'' ചൈനീസ് വക്താവ് പറഞ്ഞു.
ചൈനയില്‍നിന്ന് പ്രതിവര്‍ഷം 50 ബില്യന്‍ ഡോളറിന്റെ സാധനങ്ങളാണ് സ്‌പെയിന്‍ ഇറക്കുമതി ചെയ്യുന്നത്. വ്യാപാരത്തെച്ചൊല്ലിയുള്ള രാജ്യാന്തര തര്‍ക്കങ്ങള്‍ ചൈനയും യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണത്തിന് തടസമാകരുതെന്നാണ് സ്‌പെയിനിന്റെ നിലപാട്. ''യുഎസ് ഒരു വ്യാപാര യുദ്ധത്തിന് ചൈനയെ നിര്‍ബന്ധിച്ചാല്‍, ചൈന അവസാനം വരെ പോരാടും'' ചൈനീസ് വക്താവ് വ്യാഴാഴ്ച പറഞ്ഞു.
പലിശ നിരക്ക് കുറഞ്ഞെക്കും
താരിഫ് യുദ്ധത്തിന് ചൈനയും യൂറോപ്യന്‍ യൂണിയനും തിരിച്ചടിച്ചതോടെ ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണ നല്‍കാന്‍ പല രാജ്യങ്ങള്‍ക്കും പലിശ നിരക്ക് കുറയ്ക്കേണ്ടി വരും. ഇത് മോര്‍ഗേജ് നിരക്കില്‍ ഉള്‍പ്പെടെ വലിയ ആശ്വാസം നല്‍കാന്‍ സാധ്യതയുണ്ട്.
ഇതിനോടകം തന്നെ പല മോര്‍ഗേജ് ലെന്‍ഡര്‍മാരും പലിശ നിരക്കില്‍ കുറവ് വരുത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്താനുള്ള സാധ്യതയേറെയാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് പല ലെന്‍ഡര്‍മാരും നേരത്തെ തന്നെ ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ പലിശ നിരക്ക് കുറച്ചത്.
കവന്‍ട്രി ബില്‍ഡിംങ് സൊസൈറ്റി നാല് ശതമാനത്തില്‍ താഴെ രണ്ടു വര്‍ഷത്തെ ഫിക്‌സഡ് മോര്‍ഗേജ് ഇന്നലെ മുതല്‍ നല്‍കിത്തുടങ്ങി. ന്യൂകാസില്‍ ബില്‍ഡിങ് സൊസൈറ്റി, ക്ലിഡ്‌സ്‌ഡെയ്ല്‍ ബാങ്ക്, ടിഎസ്ബി, മെട്രോ ബാങ്ക്, ബാങ്ക് ഓഫ് അയര്‍ലന്‍ഡ് എന്നിവയും സമാനമായ ഓഫറുകളുമായി രംഗത്തുവന്നു കഴിഞ്ഞു.
ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1.3 മില്യന്‍ ഫിക്‌സ്ഡ് മോര്‍ഗേജുകളാണ് കാലാവധി കഴിഞ്ഞ് പുതുക്കി നിശ്ചയിക്കേണ്ടത്. ഇവരെ മുന്നില്‍ കണ്ടാണ് പലരും ഇപ്പോള്‍ത്തന്നെ പലിശ നിരക്കില്‍ കുറവ് വരുത്തിയത്.
ഇന്ത്യയില്‍ ഇന്നലെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണ നല്‍കാനാണിത്. സമാനമായ നടപടി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നും ഉടന്‍ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇതോടെ മോര്‍ഗേജ് നിരക്ക് കുറയും.